കൊച്ചി ∙ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹൈക്കോടതി ഇനി കളമശേരിയിലേക്ക്. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് തത്വത്തിൽ അംഗീകാരം നൽകി. എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.
2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി.രാജീവ്, ഹൈക്കോടതി ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യന്‍ തോമസ്, രാജ വിജയരാഘവന്‍, സതീഷ് നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കളമശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയിരുന്നു. ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്.Bhutan Luxury Car Raid, Kerala Car Smuggling, Dulquer Salmaan Car Investigation, Amith Chakkalakal Car Case, NIA Investigation Kerala, ED Investigation Car Smuggling, Tax Evasion Kerala, Malayala Manorama Online News, Kerala Customs Investigation, Money Laundering Case Kerala, ആഡംബര കാർ കടത്ത്, കേരള കസ്റ്റംസ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ, എൻഐഎ അന്വേഷണം, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ഭരണഘടനയിലെ പ്രധാന തത്വങ്ങളായ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും ജീവനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന 14, 19, 21 ആർട്ടിക്കിളുകൾ സങ്കൽപ്പിച്ച് മൂന്ന് ടവറുകളിലായാണ് ജുഡീഷ്യൽ സിറ്റി രൂപകൽപന ചെയ്തിരിക്കുന്നത്. പ്രധാന ടവറിൽ 7 നിലകളും മറ്റു രണ്ടു ടവറുകളിൽ 6 നിലകൾ വീതവും ഉണ്ടാകും. ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, റജിസ്ട്രാർ ഓഫിസ്, ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെന്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെന്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫിസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിങ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1,000 കോടിയിൽപ്പരം രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാണിത്. പ്രാരംഭ നടപടികൾക്കും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കളമശേരിയാണെന്നു നിയമമന്ത്രി രാജീവും ഹൈക്കോടതി ജഡ്ജിമാരും നടത്തിയ സ്ഥലപരിശോധനക്കു ശേഷം വിലയിരുത്തിയിരുന്നു. നിലവിലുള്ള ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നും ഈ സാഹചര്യത്തിലാണ് കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. English Summary:
Kerala High Court Relocation: Kerala High Court is relocating to Kalamassery for the establishment of a Judicial City. This project aims to create a modern judicial complex with state-of-the-art facilities, enhancing accessibility and infrastructure for the legal system. The new Judicial City is expected to improve the efficiency and accessibility of the court system for the public. |