ആറ്റിങ്ങലിലുള്ള തുഷാരം വീട്ടിലേക്ക് അയാൾ എത്തിയത് രാവിലെ 11 മണിയോടെയാണ്. കോളിങ് ബെൽ കേട്ടപ്പോൾ ഒക്കത്ത് മൂന്നരവയസ്സുകാരിയുമായാണ് ഓമന പുറത്തേക്കു വന്നത്. ‘‘ഞാൻ ലിജീഷിന്റെ സുഹൃത്താണ്. എന്റെ വിവാഹമാണ്. ക്ഷണിക്കാനാണ് വന്നത്’’– ഇങ്ങനെ പറഞ്ഞാണ് അയാൾ വീട്ടിലേക്കു കയറിയത്. മകൻ വീട്ടിലില്ലെന്ന് ഓമന പറഞ്ഞെങ്കിലും അയാൾ പോകാൻ തയാറായില്ല. കുറെക്കാലമായി അവനെ കണ്ടിട്ടെന്നും ഫോണില്‍ വിളിച്ചു വരുത്താമോ എന്നും ചോദിച്ചപ്പോൾ ഓമനയ്ക്ക് സംശയമൊന്നും തോന്നിയില്ല. മകനെ ഫോണിൽ വിളിച്ച് പെട്ടെന്ന് വീട്ടിലേക്കു വരണമെന്ന് പറഞ്ഞ് അയാളോട് കയറിയിരിക്കാൻ ഓമന പറഞ്ഞു. പിന്നാലെ കുഞ്ഞുമായി അടുക്കളയിലേക്കു പോയി. പെട്ടെന്ന് ഓമനയെ പിന്നിൽനിന്ന് അയാൾ അടിച്ചു വീഴ്ത്തി. ഓമനയുടെ കയ്യിൽനിന്ന് താഴെ വീണ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നു. പിന്നാലെ ഓമനയേയും. വീട്ടിലെത്തിയ ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താനും ശ്രമിച്ചു. മറ്റൊരാളുമായുള്ള തന്റെ ബന്ധത്തിന് ഭർത്താവും കുഞ്ഞും തടസ്സമാകുമെന്ന ഒരു സ്ത്രീയുടെ തോന്നലായിരുന്നു ആറ്റിങ്ങലിലെ ആ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ.
∙ ലിജീഷിനെ ആക്രമിച്ചു, അമ്മയേയും മകളേയും വെട്ടിക്കൊന്നു
2014 ഏപ്രിൽ 16 നാണ് നാടിനെ നടുക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം ഉണ്ടായത്. അന്ന് രാവിലെ 7.45 ഓടെയാണ് ലിജീഷ് ആറ്റിങ്ങലിലെ തുഷാരം വീട്ടിൽ നിന്നിറങ്ങിയത്. ആലംകോട് ചാത്തമ്പാറയില്‍ പുതുതായി ഇവർ ഒരു വീട് നിർമിക്കുന്നുണ്ട്. അവിടേക്കാണ് അന്ന് രാവിലെ ലിജീഷ് പോയത്. അച്ഛൻ തങ്കപ്പൻ ചെട്ടിയാരും ലിജീഷിനൊപ്പമുണ്ടായിരുന്നു. പിന്നാലെ കഴക്കൂട്ടത്ത് ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ലിജീഷിന്റെ ഭാര്യ അനുശാന്തിയും വീട്ടിൽ നിന്നിറങ്ങി. പിന്നെ ആ വീട്ടിൽ ലിജീഷിന്റെ അമ്മ ഓമനയും മൂന്നരവയസ്സുകാരിയായ മകൾ സ്വാസ്തികയും മാത്രമാണുണ്ടായിരുന്നത്.
- Also Read ഭർത്താവുമായുള്ള ബന്ധത്തില്‍ അതൃപ്തി, പതുക്കെ ആ ഗുണ്ടയുമായി അടുത്തു, ഗർഭഛിദ്രം; പിന്നാലെ കൊലപാതകം
11 മണിയോടെയാണ് അമ്മ ഓമന ലിജീഷിനെ ഫോണിൽ വിളിച്ചത്. ഒരു സുഹൃത്ത് കാണാൻ വന്നിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലേക്കു വരണമെന്നുമായിരുന്നു ഓമന പറഞ്ഞത്. ഉടനെ ലിജീഷ് വീട്ടിലെത്തി. എന്നാൽ മുൻവാതിൽ അകത്തുനിന്ന് അടച്ചിരുന്നു. മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല. പിൻവശത്തെത്തി നോക്കിയെങ്കിലും ആ വാതിലും അടച്ചിരിക്കുകയായിരുന്നു. മുൻവശത്തെ വാതിൽ തള്ളിത്തുറന്ന് ലിജീഷ് അകത്തു കയറി. പെട്ടെന്നാണ് അയാൾക്ക് നേരെ വാതിലിനു പിന്നിൽ നിന്ന് ആരോ മുളകുപൊടി വാരിയെറിഞ്ഞത്. പിന്നാലെ അയാളെ കത്തികൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. അലറിവിളിച്ചു കൊണ്ട് ലിജീഷ് പുറത്തേയ്ക്ക് ഓടി. മുൻവാതിൽ വരെ അക്രമി ലിജീഷിനെ പിന്തുടർന്നെങ്കിലും പെട്ടെന്ന് പിൻവശത്തെ വാതിലിലൂടെ അയാൾ ഓടി രക്ഷപ്പെട്ടു. വീടിനകത്ത് കയറിയ ലിജീഷ് കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മകളെയുമായിരുന്നു. കൊലപാതകം നടത്തിയ ആളെ ലിജീഷ് അന്ന് വ്യക്തമായി കണ്ടു. തന്റെ ഭാര്യയ്ക്കൊപ്പം ജോലി ചെയ്യുന്ന നിനോ മാത്യു.
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
∙ കാമുകനൊപ്പം ജീവിക്കാൻ എല്ലാം പ്ലാൻ ചെയ്ത് അനുശാന്തി
ലിജീഷിന്റെ ഭാര്യ അനുശാന്തിയുടെ സഹപ്രവർത്തകനായിരുന്നു നിനോ. 6 വർഷത്തോളം ഒരുമിച്ച് ജോലി ചെയ്ത ഇവർ ആദ്യം സൗഹൃദത്തിലായിരുന്നു. പിന്നെ അതു പ്രണയമായി. ഇരുവരും മെസേജ് അയക്കുന്നതും ഫോൺ വിളിക്കുന്നതുമെല്ലാം സ്ഥിരമായി. ഒരുമിച്ച് ജീവിക്കാമെന്നും ഇവര്‍ കണക്കുകൂട്ടി.
2014 ഏപ്രിൽ നാലിനാണ് തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കാര്യം ലിജീഷ് അറിയുന്നത്. അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു കൊണ്ട് നിനോ മാത്യു അയച്ച സന്ദേശം ലിജീഷ് കണ്ടതായിരുന്നു എല്ലാത്തിന്റെയും തുടക്കം. നിനോയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ലിജീഷ് ഭാര്യയോട് പലതവണ പറഞ്ഞു. പക്ഷേ, അനുശാന്തി അതിനു തയാറായിരുന്നില്ല. നിനോ മാത്യുവിനൊപ്പം ജീവിക്കാൻ ഭർത്താവും മൂന്നരവയസ്സുകാരിയായ കുഞ്ഞും ഒരു തടസ്സമാണെന്ന് അനുശാന്തി കരുതി. അവരെ ഇല്ലാതാക്കാനായി നിനോയുമായി ചേർന്ന് പദ്ധതി തയാറാക്കി.
- Also Read ‘പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി
ആർക്കും സംശയം തോന്നാതിരിക്കാൻ അന്നും അനുശാന്തി ഓഫിസിലേക്കു പോയി. രാവിലെ പത്തേമുക്കാലോടെയാണ് നിനോ മാത്യു ഓഫിസിൽനിന്നു പുറത്തേക്കിറങ്ങിയത്. ആരു ചോദിച്ചാലും ചിട്ടി പിടിക്കാൻ പോയതാണെന്നു പറയാൻ അനുശാന്തിയോടു പറഞ്ഞു. അറ്റം മുറിച്ചുമാറ്റിയ ബെയ്സ്ബോൾ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടയ്ക്കാനുള്ള തോർത്ത് എന്നിവ അയാൾ ലാപ്ടോപ് ബാഗിൽ കരുതി. കഴക്കൂട്ടത്തു കടയിൽനിന്നു പുതിയ ചെരുപ്പും വാങ്ങി. പിന്നാലെ ആറ്റിങ്ങലിലുള്ള ലിജീഷിന്റെ തുഷാരം എന്ന വീട്ടിലെത്തി. ലിജീഷിന്റെ സുഹൃത്താണെന്നു പറഞ്ഞ് തുഷാരം വീട്ടിലെത്തിയ നിനോ ലിജീഷിന്റെ അമ്മ ഓമനയേയും കുഞ്ഞിനേയും വെട്ടിക്കൊലപ്പെടുത്തി.
മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് വരുത്തിത്തീർക്കാനായി ഇരുവരുടെയും ശരീരത്തിലുള്ള സ്വർണാഭരണങ്ങൾ നിനോ മോഷ്ടിച്ചു. രണ്ടു കൊലപാതകങ്ങൾക്കു ശേഷം നിനോ വീട്ടിനുള്ളിൽ തന്നെ കാത്തിരുന്നു. ലിജീഷായിരുന്നു അയാളുടെ അടുത്ത ലക്ഷ്യം. അരമണിക്കൂറിന് ശേഷമാണ് ലിജീഷ് വീട്ടിലെത്തിയത്. അപ്പോൾ വാതിലിനു പുറകിൽ മറഞ്ഞുനിന്ന നിനോ മാത്യു, ലിജീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു. എന്നാൽ ആ മുളകുപൊടി വാതിൽപ്പാളിയിൽ തട്ടിച്ചിതറി. കഴുത്ത് ലക്ഷ്യമാക്കിയാണ് നിനോ ആദ്യം വെട്ടിയത്. എന്നാൽ ലിജീഷ് അത് തടുത്തു. അലറിക്കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ ലിജീഷിനെ പിന്തുടർന്നു വെട്ടിവീഴ്ത്തി. ശേഷം വീടിനു താഴെയുള്ള ഇടവഴിയിലൂടെ നിനോ മാത്യു രക്ഷപ്പെട്ടു.
- Also Read അങ്കമാലിയിൽ ആറുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
∙ നിര്‍ണായകമായത് ലിജീഷിന്റെ മൊഴി
ആക്രമണത്തിൽ പരുക്കേറ്റ ലിജീഷിന്റെ മൊഴിയാണ് നിനോ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ സഹായിച്ചത്. നിനോ നാടുവിടുമെന്നു തന്നെയായിരുന്നു പൊലീസിന്റെ നിഗമനം. അതുകൊണ്ടു തന്നെ നിനോയുടെ വാഹനമെത്തിയാൽ തടയാൻ കൊച്ചി മരട് ടോൾബൂത്ത്, കളിയിക്കാവിള, ആര്യങ്കാവ് ചെക്ക്‌പോസ്‌റ്റുകളിൽ പൊലീസ് സന്ദേശം നൽകി. കരിമണലിലെ നിനോയുടെ വീട്ടിൽ നിന്നാണ് പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തത്.
നിനോയെ ചോദ്യം ചെയ്‌തതോടെയാണ് കുറ്റകൃത്യത്തിൽ അനുശാന്തിയുടെ പങ്കിനെപ്പറ്റി പൊലീസിനു സംശയം ബലപ്പെട്ടത്. കൊലപാതകം നടന്ന ദിവസം, ‘എന്തായി’ എന്ന് അനുശാന്തി നിനോ മാത്യുവിന് സന്ദേശം അയച്ചിരുന്നു. ഇത് കണ്ടെത്തിയ പൊലീസ് അനുശാന്തിയെ ബന്ധപ്പെട്ടു. ഭർത്താവിന് അപകടം പറ്റിയെന്ന് അറിയിച്ചപ്പോഴും നിനോ മാത്യുവിന്റെ പേരും കാറിന്റെ നമ്പരുമൊക്കെ ചോദിച്ചപ്പോഴും എന്തിനാണെന്നു പോലും അനുശാന്തി തിരിച്ചു ചോദിക്കാതിരുന്നപ്പോൾത്തന്നെ പൊലീസിന് കാര്യങ്ങൾ വ്യക്തമായി. മകൾ മരിച്ചിട്ടും വീട്ടിലേക്കു പോകാതെ മാമത്തെ കുടുംബവീട്ടിൽ അഭയം തേടിയ അനുശാന്തിയെ അവിടെനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ സംസ്കാരത്തിനു മുൻപു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.
∙ തെളിവായി മെസേജുകളും വിഡിയോകളും
നിനോയുമായുള്ള അനുശാന്തിയുടെ ബന്ധത്തിന് മകളും ഭർത്താവും തടസ്സമായതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും ഇരുവരെയും ഒഴിവാക്കുന്നതു സംബന്ധിച്ച് നിനോ മാത്യുവും അനുശാന്തിയും വാട്സാപ്പിലൂടെയും എസ്എംഎസ് വഴിയും സന്ദേശങ്ങൾ കൈമാറിയെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു മുൻപു ഗൂഢാലോചന നടന്നതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവയിൽനിന്നു ഫോറൻസിക് ലാബ് അധികൃതർ കണ്ടെത്തിയ തെളിവും നിർണായകമായി. അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയിൽ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു.
പ്രണയസാഫല്യത്തിനായി അരുംകൊല ചെയ്ത നിനോ മാത്യുവിനും അനുശാന്തിക്കുമെതിരെ പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളിൽ ഇരുവരുടെയും വഴിവിട്ട ബന്ധം വെളിവാക്കുന്ന വിഡിയോകളും ഫോട്ടോകളും സന്ദേശങ്ങളും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ഇവരുടെ ശാരീരിക ബന്ധത്തിന്റെ 115 വിഡിയോകളാണുണ്ടായിരുന്നത്. ഇതു മുഴുവൻ രണ്ടുപേരുടെയും മൊബൈലുകളിൽ നിന്നു കണ്ടെടുത്തവയാണ്. സെൽഫി ദൃശ്യങ്ങളും ഇതിലുണ്ട്. ഒറ്റയ്ക്കും കൂട്ടായും എടുത്ത അറുനൂറോളം ചിത്രങ്ങളും 40,000 വാട്സാപ് സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കി.
കൊലപാതകം, കൊലപാതകശ്രമം, അതിക്രമിച്ചു കടക്കൽ, ആക്രമണം, മോഷണം തുടങ്ങിയ വകുപ്പുകളാണു നിനോ മാത്യുവിൽ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന, പ്രേരണ എന്നിവയാണ് അനുശാന്തിയുടെ പേരിലുള്ള കുറ്റങ്ങൾ.
കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്. സെഷൻസ് കോടതി നിനോയ്ക്ക് വിധിച്ച വധശിക്ഷ പിന്നീട് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. എന്നാൽ 25 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തുടങ്ങിയത്. 2025 ജനുവരിയിൽ അനുശാന്തിക്കെതിരായ ഇരട്ട ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. English Summary:
Attingal Double Murder Case: Attingal Double Murder Case, a heinous crime that shook Kerala, involved the murder of a mother and daughter in 2014. The case revolved around an illicit affair and a meticulously planned plot, leading to a high-profile trial and significant legal consequences for the perpetrators. |