കൊച്ചി ∙ കശുവണ്ടി ഇറക്കുമതിയുടെ പേരിൽ 25 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നൽകിയ വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല. കൊല്ലം സ്വദേശി അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യം നൽകാനാവില്ല. പ്രതി നിരപരാധിയാണെന്നു വിശ്വസിക്കാൻ തക്കതായ കാരണങ്ങളില്ല. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നതും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
- Also Read ‘അൻവറിന്റെ സ്വത്തിൽ 50 കോടി രൂപയുടെ വർധന; തൃപ്തികരമായ വിശദീകരണമില്ല’; ഇ.ഡി റെയ്ഡ് ആറിടങ്ങളിൽ
കേസൊതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാണു കൊല്ലം കൊട്ടാരക്കര സ്വദേശിയായ അനീഷ് ബാബു പരാതി നൽകിയത്. എന്നാൽ, കള്ളപ്പണ ഇടപാട് കേസിൽനിന്നു രക്ഷപ്പെടാനായാണ് അനീഷ് ബാബു ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു ഇ.ഡി വാദം. കൈക്കൂലി ആരോപണത്തിൽ സംസ്ഥാന വിജിലൻസ് കേസെടുക്കുകയും 3 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇഡിയുടെ കൊച്ചി ആസ്ഥാനത്തെ അസി. ഡയറക്ടർ ശേഖർ കുമാറായിരുന്നു ഒന്നാം പ്രതി. ശേഖർ കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥനെ ഇഡി പിന്നീട് ഷില്ലോങ്ങിലേക്കു സ്ഥലം മാറ്റി.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കശുവണ്ടി ഇറക്കിത്തരാം എന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു എന്ന് അനീഷ് ബാബുവിനും ഏതാനും കുടുംബാംഗങ്ങൾക്കുമെതിരെ കൊല്ലം, കൊട്ടാരക്കര സ്റ്റേഷനുകളിൽ കേസുണ്ട്. കശുവണ്ടി വാങ്ങി പണം നൽകാത്തതിന് ഒരു കേസും, ടാൻസാനിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചു എന്ന മറ്റൊരു കേസുമാണ് ഇയാൾക്കെതിരെയുള്ളത്. 25.58 കോടി രൂപയാണ് ഇത്തരത്തിൽ തട്ടിച്ചത് എന്നാണ് കേസ്. ഈ പണം വിദേശത്തേക്കു കടത്തിയെന്നും അതിനാൽ പിഎംഎൽഎ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് ഇ.ഡിയുടെ വാദം. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇന്നു കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
High Court Denies Bail in Cashew Scam Case: Anish Babu\“s anticipatory bail application has been rejected by the Kerala High Court in connection with a 25 crore cashew import fraud case. |