ന്യൂഡൽഹി∙ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കസ്റ്റഡിയിലുള്ള സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ അസോഷ്യേറ്റ് ഡീൻ ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവ്‌ന കപിൽ, സീനിയർ ഫാക്കൽറ്റി കാജൽ എന്നിവരാണ് അറസ്റ്റിലായത്.   
  
 
സ്വാമി പറയുന്നത് അനുസരിക്കാൻ ഈ സ്ത്രീകൾ കുട്ടികളെ നിർബന്ധിച്ചിരുന്നെന്നും സ്വാമിക്കെതിരെയുള്ള തെളിവുകൾ പെൺകുട്ടികളുടെ ഫോണിൽനിന്ന് ഇവർ ഇല്ലാതാക്കിയെന്നും കുട്ടികൾ പരാതിയിൽ ആരോപിച്ചിരുന്നു. 17 പെൺകുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ പരാതി നൽകിയിട്ടുള്ളത്. സ്വാമിയുടെ നിർദേശങ്ങൾ അനുസരിച്ചിരുന്നെന്നും സ്വാമിയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാൻ കുട്ടികളെ നിർബന്ധിച്ചിരുന്നെന്നും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.   
  
 
ഞായറാഴ്ചയാണ് 62 വയസ്സുകാരനായ ചൈതന്യാനന്ദയെ ഒളിവിൽ കഴിഞ്ഞിരുന്ന ആഗ്രയിലെ ഹോട്ടലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 5 ദിവസം റിമാൻഡ് ചെയ്തു. ഒഡിഷ സ്വദേശിയായ ചൈതന്യാനന്ദയുടെ ശരിയായ പേര് പാർഥസാരഥിയെന്നാണ്. ഇയാളിൽനിന്ന് 3 ഫോണുകളും ഒരു ഐപാഡും കണ്ടെടുത്തിട്ടുണ്ട്. വിദ്യാർഥിനികളുടെ യോഗ ചിത്രങ്ങളെക്കുറിച്ച് അനാവശ്യ പരാമർശം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഫോണിലുണ്ട്.  
  
 
അതേസമയം, 9 വർഷം മുമ്പും ചൈതന്യാനന്ദ പെൺകുട്ടികളോട് മോശമായി പെരുമാറിയിരുന്നു എന്നാരോപിച്ച് പൂർവ വിദ്യാർഥി രംഗത്തെത്തി. സ്വാമിയുടെ നിർദേശങ്ങൾക്ക് വഴങ്ങുന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യങ്ങളുള്ള മുറികൾ ലഭിച്ചിരുന്നെന്നും ഇവർക്ക് ചൈതന്യാനന്ദ വിലകൂടിയ ഫോണുകളും മറ്റും വാങ്ങിനൽകിയിരുന്നെന്നും വിദ്യാർഥി പറഞ്ഞു. 2016ൽ തന്റെ സഹപാഠിയായ പെൺകുട്ടിയെയും ചൈതന്യാനന്ദ നോട്ടമിട്ടിരുന്നു. അവളോടു മാത്രം ഇന്റേൺഷിപ്പിനായി വിദേശത്തും മഥുരയിലേക്കും ചെല്ലാൻ പറഞ്ഞു. എന്നാൽ അപകടം തോന്നിയതോടെ ആ പെൺകുട്ടി ശാരദ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം അവസാനിപ്പിച്ചെന്നും വിദ്യാർഥി പറയുന്നു. ഈ കുട്ടിയും ചൈതന്യാനന്ദയ്ക്കെതിരെ പരാതി നൽകിയിരുന്നു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Swami Chaitanyananda Saraswati\“s aides have been arrested in connection with a sexual assault case involving students. The women are accused of coercing students and destroying evidence related to the allegations against Swami Chaitanyananda. The investigation is ongoing. |