ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നതും സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റതും ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചതും ഇന്നത്തെ പ്രധാനവാർത്തകളായി. തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയതും കൈനകരിയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതും പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ആക്രമണമുണ്ടായതും ഇന്നാണ്.
കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശാണ് (23) ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. എംഡിഎംഎയുമായി ബന്ധപ്പെ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോൺഗ്രസ് കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയിലാണ്. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് ആദർശ് കുത്തേറ്റു മരിച്ചത്.
ഇന്ത്യയുടെ 53–ാമത് ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 2027 ഫെബ്രുവരി 9 വരെ അദ്ദേഹം പദവിയിൽ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ സമീപ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
എല്ലാവർക്കും വീട്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തുടങ്ങിയ ജനകീയ വിഷയങ്ങൾ മുൻനിർത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ആശാ വർക്കർമാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകുമെന്നും അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതാണ് പ്രകടനപത്രിക. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടന പത്രിക അവതരിപ്പിച്ചു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ധർമ്മേന്ദ്ര (89) മുംബൈയിലെ വസതിയിൽ വച്ചാണ് ഇന്ന് അന്തരിച്ചത്. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.
പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്താണ് ചാവേർ ആക്രമണമുണ്ടായത്. അജ്ഞാതരായ രണ്ട് ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മൂന്നുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
ആലപ്പുഴ കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കേസിൽ നാലുവർഷത്തിനു ശേഷമാണ് വിധി വരുന്നത്. രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിലാണ്. രജനിയെ പ്രൊഡക്‌ഷൻ വാറന്റ് വഴി 29നു ഹാജരാക്കണമെന്നാണു കോടതി ഉത്തരവ്. അതിനു ശേഷം രജനിയുടെ ശിക്ഷ പറയും. English Summary:
Today\“s Recap 24-11-2025 |