ന്യൂഡൽഹി∙പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാലു പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചത്. ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്. പാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.
അതിനിടെ മുസാഫറാബാദിലേക്കുള്ള പ്രതിഷേധ മാർച്ച് തടയാൻ പാലത്തിൽ തടസമായി സ്ഥാപിച്ചിരുന്ന ഷിപ്പിങ് കണ്ടെയ്നറുകൾ പ്രതിഷേധക്കാർ നദിയിലേക്ക് എറിഞ്ഞു. അതേസമയം മുസാഫറാബാദിലെ മരണങ്ങൾക്ക് കാരണം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രംഗത്തെത്തി. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസാഫറാബാദിലേക്ക് പ്രതിഷേധക്കാർ ‘ലോങ് മാർച്ച്’ നടത്തുന്നത്. ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫിസിലേക്ക് ‘ഫ്രണ്ട്സ് ഓഫ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. English Summary:
PoK Unrest: Pak Occupied Kashmir unrest intensifies as protests against the Pakistan government lead to military firing and civilian casualties. The unrest includes internet shutdowns and long marches, highlighting grievances over denied rights and representation. |