ബത്തേരി ∙ വയനാട് വന്യജീവി സങ്കേതത്തിലെ അനിമൽ ഹോസ്പൈസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ പരിചരിച്ചു വന്ന ‘ഡബ്ലിയുവൈഎൻ-05’ എന്ന കടുവ (പാർവതി) ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയാണ് ചത്തതെന്ന് വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ അറിയിച്ചു. പ്രായാധിക്യത്തെ തുടർന്ന് ഈ കടുവ ദീർഘനാളായി വനം വകുപ്പിന്റെ തീവ്ര പരിചരണത്തിൽ ആയിരുന്നു.
Also Read നമ്മുടെ കടുവകൾ
പിടികൂടുന്ന അപകടകാരികളായ കടുവകളെയും പുലികളെയും മറ്റും കാട്ടിൽ തുറന്നുവിട്ടാൽ അവ നാട്ടിലേക്ക് മടങ്ങിയെത്തി മനുഷ്യജീവൻ അപഹരിക്കുന്നതിനു പരിഹാരമായാണ് 2022 ഫെബ്രുവരിയിൽ വയനാട് കുറിച്യാട് വനമേഖലയിൽ അനിമൽ ഹോസ്പൈസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ബത്തേരിക്കടുത്ത് കുപ്പാടിയിൽ ആരംഭിച്ചത്.
Also Read മുഖംമൂടി കാട്ടി കടുവകളെ പേടിപ്പിക്കാൻ വനംവകുപ്പ്; നടപ്പാക്കുക സുന്ദർബൻസ് തീരത്ത് വിജയിച്ച പരീക്ഷണം
നോർത്ത് വയനാട് ഡിവിഷന് കീഴിലെ തിരുനെല്ലിക്ക് അടുത്തുള്ള പനവല്ലി ബേഗൂർ റേഞ്ച് പരിധിയിൽ നിരന്തരമായി വളർത്തു മൃഗങ്ങളെ പിടികൂടിയതിനെ തുടർന്ന് 2023 സെപ്റ്റംബർ 26 നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെ തുടർന്ന് ഈ കടുവയെ പിടികൂടിയത്. വയനാട് മേഖലയിൽ കാണപ്പെട്ട ഈ കടുവയെ ‘ഡബ്ലിയുവൈഎൻ-05’ എന്നാണ് രേഖപ്പെടുത്തിയത്. പിടികൂടുന്ന സമയം പതിനഞ്ചിനടുത്ത് വയസ്സുണ്ടായിരുന്നു. നാല് കോമ്പല്ലും നഷ്ടപ്പെട്ട് തുടയുടെ മേൽഭാഗത്ത് വലിയ മുറിവോടെയാണ് ഈ കടുവയെ പിടികൂടിയത്. ഇര തേടാനുള്ള കഴിവില്ലാത്തതിനാൽ കടുവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് അനുസരിച്ച് ഹോസ്പൈസിൽ താമസിപ്പിച്ച് പരിചരിച്ച് വരികയായിരുന്നു.
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
പിടികൂടിയ സമയം കാഴ്ചയ്ക്കു പ്രശ്നങ്ങൾ ഉണ്ടായിരുന്ന കടുവയുടെ കാഴ്ച പിന്നീട് പൂർണമായും നഷ്ടപ്പെട്ടു. ഭക്ഷണം തൊട്ടടുത്ത് ഇട്ടുകൊടുത്താൽ മാത്രം കഴിച്ചിരുന്ന അവസ്ഥ ആയപ്പോൾ പരിചരിക്കുന്നതിനുള്ള സൗകര്യാർഥം സ്ക്യൂസ് കേജിൽ തന്നെ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇടയ്ക്കിടെ ഡീവേം ചെയ്തും ആന്റി ബയോട്ടിക് നൽകിയും ഭക്ഷണത്തിനു പുറമെ വൈറ്റമിനുകൾ സപ്ലിമെന്റ് ചെയ്തും പരിചരിച്ചത് കൊണ്ടാണ് ഈ കടുവ പതിനേഴ് വയസ്സിനടുത്ത് ജീവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read കടുവകളെല്ലാം കാടിനു പുറത്ത്; 4 മാസത്തിനുള്ളിൽ 10 എണ്ണം പിടിയിൽ
നാലു മാസമായി കടുവയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെള്ളം കുടിക്കുന്നതിലും ആഹാരം കഴിക്കുന്നതിലും വലിയ തോതിലുള്ള കുറവ് കാണപ്പെടുകയും ചെയ്തു. തുടർന്ന് ആന്റി ബയോട്ടിക്കുകളും വൈറ്റമിനുകളും നൽകി വരികയായിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ രക്ത പരിശോധനയിൽ കടുവയുടെ വൃക്കയ്ക്കും കരളിനും പരിഹരിക്കാനാവാത്ത വിധമുള്ള പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. മുൻപ് തന്നെ ഉണ്ടായിരുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാവുകയും ചെയ്തു. കടുവയുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടർമാരുടെ സംഘം നിരന്തരം വിലയിരുത്തി ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകി വരികയായിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം കടുവയുടെ ജഡം കത്തിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ പറഞ്ഞു. English Summary:
Tiger Parvathi dies at Wayanad Wildlife Sanctuary: Tiger Parvathi dies at Wayanad Wildlife Sanctuary after prolonged illness. The aged tiger was under intensive care due to age-related health issues and inability to hunt, highlighting the importance of wildlife palliative care.