തിരുവനന്തപുരം ∙ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ പതിച്ചിരുന്ന നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് അയ്യപ്പസംഗമം നടത്തി കേരളത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് ഗൂഢസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘‘നടയ്ക്കുവയ്ക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കണക്കാക്കി മഹസര്‍ തയാറാക്കി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിച്ചാണ് സ്വര്‍ണം പതിച്ച ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്. ട്രാവന്‍കൂര്‍ ഹിന്ദു റിലീജിയസ് ആക്ടിലെയും ദേവസ്വം സബ്ഗ്രൂപ്പ് മാനുവലിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ക്ഷേത്രത്തിലെ സാമഗ്രികള്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര കോംപൗണ്ടിനുള്ളിലാണ്. ഇതിനു വിരുദ്ധമായാണ് 2019ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡ് ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടത്’’ – സതീശൻ പറഞ്ഞു.
‘‘നിലവിലെ ദേവസ്വം ബോര്‍ഡും നിയമവിരുദ്ധമായാണ് ദ്വാരപാലക ശില്‍പങ്ങള്‍ വീണ്ടും അതേ സ്‌പോണ്‍സര്‍ വഴി ചെന്നൈയിലേക്ക് കടത്തിയത്. 1999ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ 2019 വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് എന്തിനാണ് ? ഇതിനു പുറമെയാണ് 2025ലും ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയത്. സര്‍ക്കാരും ദേവസ്വം വകുപ്പും ദേവസ്വം ബോര്‍ഡും അറിയാതെ ഈ നിയമലംഘനങ്ങള്‍ നടക്കില്ലെന്ന് ഉറപ്പ്. സ്‌പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധമാണുള്ളത് ? ഇയാള്‍ ആരുടെ ബെനാമിയാണ് ? സ്വര്‍ണപീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയെന്ന് പറയുമ്പോഴും അയാളെ പ്രതിയാക്കാത്തത് എന്തുകൊണ്ടാണ് ? ദ്വാരപാലക ശില്‍പത്തില്‍ നിന്നും എത്ര കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് ? തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം വേണം’’ – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
‘‘ശബരിമലയുമായി ബന്ധപ്പെട്ട കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുമെന്ന ഭയപ്പാടിലാണ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. മറ്റു വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പോലെ കഴിഞ്ഞ ഒന്‍പതര വര്‍ഷം കൊണ്ട് ദേവസ്വം ബോര്‍ഡിനെയും അഴിമതിക്കു വേണ്ടി എകെജി സെന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റാക്കി പിണറായി സര്‍ക്കാര്‍ മാറ്റി. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമലയില്‍ നടത്തിയത്. ദേവസ്വം ബോര്‍ഡും ആരോപണനിഴലിലാണ്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം’’ – പ്രതിപക്ഷ നേതാവ് പറഞ്ഞു. English Summary:
Sabarimala Gold Theft: Sabarimala gold theft is a serious allegation involving missing gold from the Sabarimala temple. The opposition leader has raised critical questions about the involvement of the government and Devaswom Board. |