കൊച്ചി ∙ അങ്കമാലി അയ്യമ്പുഴ പാറമടയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഒരു യുവാവിന്റേതാണെന്ന് വ്യക്തമായതോടെ മരിച്ചത് ആരെന്നറിയാൻ അന്വേഷണം. കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ ആളെ തിരിച്ചറിഞ്ഞാലെ വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്. അതിനായി സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ അയ്യമ്പുഴ പൊലീസ് ശേഖരിച്ചു തുടങ്ങി.
മൃതദേഹത്തിന് ഒരു മാസം മുതൽ നാലു മാസം വരെ കാലപ്പഴക്കമുണ്ടെന്ന് കളമശേരി മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധൻ ഡോ.സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള, 165 സെന്റിമീറ്റർ ഉയരം വരുന്ന യുവാവിന്റേതാണ് അവശിഷ്ടം. അയ്യമ്പുഴ അമലാപുരത്തുള്ള പാറമടയിലാണ് മൂന്നു ദിവസം മുൻപു മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ ചൂണ്ടയിടാൻ വന്ന കുട്ടികളാണ് വെള്ളത്തിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൃതദേഹാവശിഷ്ടം ആദ്യം കാണുന്നത്. കരയ്ക്കു കയറ്റിയുള്ള പരിശോധനയിൽ അരക്കെട്ടിന്റെ താഴേക്ക് കാൽഭാഗം മാത്രമാണ് ഉണ്ടായിരുന്നത് എന്നു വ്യക്തമായി. ട്രാക് സ്യൂട്ട് പോലുള്ള പാന്റ്സ് ധരിച്ചു മുട്ടിനു മുകളിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു ലഭിച്ച അവശിഷ്ടം. കാൽപാദം ഉണ്ടായിരുന്നില്ല. എല്ലുകൾ ഊരിപ്പോകുന്ന നിലയിലായിരുന്നു.
പിന്നീടുള്ള പരിശോധനയിലാണ് ഇത് ഒരു യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബാക്കി മൃതദേഹാവശിഷ്ടങ്ങൾ കൂടി വെള്ളത്തിനടിയിൽ ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ ഫയർ ഫോഴ്സിന്റെ സ്കൂബാ ടീം മുങ്ങിത്തപ്പിയെങ്കിലും പാറമട അത്യന്തം അപകടകരമായതിനാൽ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു. ബാക്കി മൃതദേഹ ഭാഗങ്ങൾ മുങ്ങിത്തപ്പാനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു അവശിഷ്ടമെന്നതു കൊണ്ടു തന്നെ കൊലപാതക സാധ്യതയാണ് പൊലീസ് തുടക്കത്തിൽ ചികഞ്ഞതെങ്കിൽ ഇപ്പോൾ ആത്മഹത്യാ സാധ്യതയും തള്ളിക്കളയുന്നില്ല. English Summary:
Angamaly Quarry Mystery: Angamaly dead body investigation is underway after remains were found in a quarry. Police are investigating whether it was a murder or suicide. |