രാജ്യത്ത് ജിഎസ്ടി ഇളവുകൾ പ്രാബല്യത്തിൽ വന്നതാണ് ഇന്നത്തെ വലിയ വാർത്തയായത്. നിരവധി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഇളവിലൂടെ വിലക്കുറവുണ്ടായി. വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തുവന്നതാണ് മറ്റൊരു പ്രധാന വാർത്ത. വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറാണോ എന്ന് കേജ്‌രിവാൾ ചോദിച്ചു. കേരളത്തിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തുന്നുവെന്നതും പ്രധാന വാർത്തയായി.
ജിഎസ്ടി ഇളവോടെ ബിസ്കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതൽ കാറുകൾക്ക് വരെ ‘ബംപർ’ വിലക്കുറവാണ് ഇന്നു മുതൽ പ്രാബല്യത്തിലാകുന്നത്. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വൻ ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 700ഓളം ഉൽപന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയ കമ്പനികളും വൻവിലക്കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു. നിത്യേന വാങ്ങുന്ന ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും വില കുറയുമെന്നത് ജനങ്ങൾക്ക് ‘കുടുംബ ബജറ്റിൽ’ വലിയ ആശ്വാസം സമ്മാനിക്കും.
വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഇരട്ടത്താപ്പാണെന്നായിരുന്നു ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ വിമർശനം. വിദേശ നിർമിത വസ്തുക്കൾ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി തയ്യാറാണോ എന്ന് എക്സിലൂടെ കേജ്‌രിവാൾ ചോദിച്ചു. ‘‘പ്രധാനമന്ത്രി ജി, പൊതുജനങ്ങൾ സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ സ്വയം സ്വദേശി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമോ? നിങ്ങൾ എല്ലാ ദിവസവും ചുറ്റിത്തിരിയുന്ന ആ വിദേശ വിമാനം ഉപേക്ഷിക്കുമോ? ദിവസം മുഴുവൻ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വിദേശ വസ്തുക്കളും ഉപേക്ഷിക്കുമോ?” – അരവിന്ദ് കേജ്‌രിവാൾ എക്സിൽ കുറിച്ചു.
കേരളത്തിൽ ഭരണം പിടിക്കാൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാർ മോഡലിൽ രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്താനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആലോചന. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയിൽ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും യാത്ര നടത്താൻ ധാരണ ആയതായാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. കോൺഗ്രസ് മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയനേതാക്കളും താരപ്രചാരകരായി യാത്രയുടെ ഭാഗമാകും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. English Summary:
Today\“s Recap 22-09-2025 |