search

ചായക്കടികളുടെ പിന്നാമ്പുറം; അടുക്കളയിൽ കുന്നുകൂടി മാലിന്യം, പുഴുവരിക്കുന്ന ഓട, പരന്നൊഴുകുന്ന മലിന ജലം...

LHC0088 1 hour(s) ago views 627
  



കോഴിക്കോട്∙ വെറുതെ ഇരിക്കുമ്പോൾ ചായ കുടിക്കാൻ ഇറങ്ങുന്ന ചങ്ങായിമാരുടെ നാടാണ് കോഴിക്കോട്. വിശേഷം പറയാനും വിശപ്പ് മാറ്റാനും കൂട്ടംകൂടാനുമൊക്കെ കോഴിക്കോട്ടുകാർക്കു ചായ നിർബന്ധം. ഒപ്പം ചില ചെറു എണ്ണ കടികളും. സമൂസ, കട്‌ലറ്റ്, പൊരിച്ച പത്തിരി, പഴംപൊരി, ഉണ്ണിയപ്പം... കയ്യിൽ കിട്ടുന്ന എണ്ണക്കടികൾ എല്ലാം വിശ്വസിച്ചു കഴിക്കാമോ? വലിയ ഹോട്ടലുകളിലും തട്ടുകടകളിലും സ്ഥിരമായി പരിശോധനകൾ നടക്കാറുണ്ടെങ്കിലും ചില സ്ഥാപനങ്ങളിൽ പരിശോധനകൾ കാര്യമായി നടക്കാറില്ല. കോഴിക്കോട് നഗരത്തിലെ എണ്ണക്കടികൾ ഉണ്ടാക്കുന്ന ചില ‘ഹോൾസെയിൽ’ സ്ഥാപനങ്ങളിലൂടെ ഒന്നു നടന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, മനംമടുപ്പിക്കുന്ന അനുഭവം. പണം കൊടുത്തു നമ്മൾ വാങ്ങിക്കഴിക്കുന്നത് രോഗമാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാക്കുന്ന കാഴ്ചകൾ. അതേസമയം വൃത്തിയായും ഭക്ഷ്യസുരക്ഷ മാനദണ്ഡം പാലിച്ചും പലഹാരങ്ങൾ നിർമിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്.  

ഒരിക്കലും കേടാകാത്ത പലഹാരങ്ങൾ
രാവിലെ 11: കോഴിക്കോട് നഗരത്തിലെ ഒരു എണ്ണക്കടി കേന്ദ്രത്തിലെത്തി. പുലർച്ചെ മൂന്നോടെ തുടങ്ങിയ ജോലി കഴിഞ്ഞു തൊഴിലാളികൾ വിശ്രമത്തിലാണ്. സ്ഥാപനത്തിൽ എത്തും മുൻപു പഴകിയ എണ്ണയുടെയും മാലിന്യത്തിന്റെയും മണം മൂക്കിലേക്കു തുളച്ചു കയറി. അടുക്കളയിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം. പുഴുവരിക്കുന്ന ഓട, തറയിലും അടുപ്പിനോടു ചേർന്നും പരന്നൊഴുകുന്ന മലിന ജലം, പഴകിയ എണ്ണയുടെ കുത്തുന്ന മണം... മൂക്കു പൊത്താതെ അടുക്കളയിലെ കാഴ്ച കണ്ടു നിൽക്കാനാകില്ല. അടുക്കളയൊന്നു വിസ്തരിച്ചു കാണുമ്പോഴേക്കും ഒരു തൊഴിലാളി ഓടിയെത്തി സംശയത്തോടെ നോക്കി. ചില പലഹാരങ്ങൾ ബുക്ക് ചെയ്യാൻ വന്നതാണെന്നു പറഞ്ഞപ്പോൾ തൊട്ടടുത്ത ചെറിയ കടമുറി ചൂണ്ടിക്കാട്ടി.  

ബുക്കിങ് ഒക്കെ അവിടെ, അടുക്കളയിൽ പ്രവേശനമില്ല. തൊട്ടപ്പുറത്തെ ചെറിയ കടമുറിയിൽ ബുക്കിങ് നടക്കുന്നുണ്ട്. ഉണ്ടാക്കിയ കടികൾ പല പാത്രങ്ങളിലായി തുറന്നു വച്ചിരിക്കുന്നു. ചളുങ്ങിയതും തുറന്നുവച്ചതുമായ അലൂമിനിയം പാത്രങ്ങൾക്ക് ഏറെക്കുറെ കറുത്ത നിറം. ഒരു പാത്രം പോലും അടച്ചു വച്ചിട്ടില്ല. ഈച്ചയും സമീപത്തെ റോഡിൽ നിന്നു പറക്കുന്ന പൊടിയും നേരെ പലഹാരത്തിലേക്ക്.  

ബുക്കിങ്ങിനു വേണ്ടി കാത്തിരിക്കുന്നതിനിടയിൽ മുഷിഞ്ഞു പഴകിയ തുണിസഞ്ചിയുമായി ജോലിക്കാരനെത്തി. അതിൽ കുത്തി നിറച്ചുവച്ച പലഹാരങ്ങൾ നേരെ പാത്രത്തിലേക്കു ചൊരിഞ്ഞു. തുറന്നുവച്ച ആ പാത്രത്തിൽ അടുത്ത ഊഴക്കാരനെയും കാത്ത് ആ പലഹാരങ്ങൾ എത്ര നേരം വേണമെങ്കിലും ഇനി കാത്തിരിക്കും. എപ്പോഴാണ് കടികൾ തയാറാക്കുന്നതെന്നു ചോദിച്ചപ്പോൾ കട ഉടമയുടെ മറുപടി – ‘പുലർച്ചെ 3 മുതൽ ഉണ്ടാക്കാൻ തുടങ്ങും’. വൈകിട്ട് ആകുമ്പോഴേക്കും പലഹാരം കേടായി പോകില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ – ‘അതൊന്നും കേടാകില്ല’. സൂക്ഷിച്ചു നോക്കിയാൽ ‘എക്സ്പയറി ഡേറ്റ്’ എന്ന സംഗതിയേ ഞങ്ങൾക്ക് ഇല്ല എന്നു പലഹാരങ്ങൾ നമ്മളോടു പറയുന്നതു പോലെ തോന്നും. ADVERTISEMENT Go AD-FREE

ചുരുങ്ങിയ ചെലവ്, വലിയ ലാഭം
4 രൂപയ്ക്ക് ഉണ്ടാക്കുന്ന പലഹാരങ്ങൾ ഇടനിലക്കാർ വഴി നമ്മുടെ കയ്യിലെത്തുമ്പോഴേക്കും 20 രൂപ വരെ ഉയർന്നിട്ടുണ്ടാകും. മൊത്ത വിതരണ കേന്ദ്രത്തിൽനിന്നു കടകളിലേക്ക് എത്തിക്കാൻ പ്രത്യേകം ഏജന്റുമാരുണ്ട്. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ 100 രൂപയുടെ റജിസ്ട്രേഷൻ മാത്രം മതി. ഇവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവുകൾക്ക് ശിക്ഷയും പിഴയും താരതമ്യേന കുറവാണ്. ഈ പഴുത് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെ ഇത്തരം കേന്ദ്രങ്ങൾ വ്യാപകമായി ആരംഭിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന സർട്ടിഫിക്കറ്റ് വേണം. സർട്ടിഫിക്കറ്റിലുള്ള വെള്ളവും ഉപയോഗിക്കുന്ന വെള്ളവും രണ്ടും രണ്ടാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് തുടർപരിശോധനകൾ ഉണ്ടാകാത്തത് ഇവർക്കു സൗകര്യമാണ്.  

ഉണ്ടാക്കുന്ന സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ മാത്രമല്ല. പലഹാര നിർമാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ നിലവാരം കണ്ടാൽ ഞെട്ടിപ്പോകും. അതേക്കുറിച്ചു നാളെ. ADVERTISEMENT Go AD-FREE English Summary:
Kozhikode\“s popular snack centers are facing scrutiny for unsanitary conditions. Recent inspections by the Food Safety Department led to the closure of four centers and notices to three others due to accumulated waste, sewage issues, and unhygienic practices in their kitchens.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166250