LHC0088 • 1 hour(s) ago • views 351
കണ്ണൂർ ∙ എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാട്ടിൽ സമാധാന അന്തരീക്ഷം തകർത്ത് ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ സമൂഹിക വിരുദ്ധർ റീത്ത് വച്ചെന്നാണ് കേസ്. കണ്ണപുരം ഇടക്കേപ്പുറത്തെ മരുതം വീട്ടിലാണ് റീത്ത് വച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിൽ അനിൽകുമാർ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഗേറ്റിന് സമീപത്തായി വെച്ച റീത്ത് വ്യാഴം പുലർച്ചെ മകനാണ് ആദ്യം കണ്ടത്.
പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പിനെതിരെ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാർ ആയിരുന്നു. ഇതിന്റെ പ്രകോപനമാകാം റീത്ത് വച്ചതിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നുമായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം.
സിപിഎമ്മിന്റെ കാടൻ സംസ്കാരമാണ് റീത്തു വച്ച സംഭവമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. സിപിഎം ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമായി പ്രസംഗിക്കും, എന്നിട്ട് അവർ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. English Summary:
Police have registered a case and begun an investigation into the incident where a wreath was placed in front of writer V. S. Anil Kumar\“s house in Kannur. The incident is believed to be an attempt by anti-social elements to disrupt the peace and incite riots, with CCTV footage being collected. |
|