ആലങ്ങാട്∙ ജാതി അധിക്ഷേപത്തിനും ഭീഷണിക്കും വ്യാജ പരാതികൾക്കുമെല്ലാം പിന്നിൽ സിപിഎം അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനാണെന്നു ജോലി രാജിവച്ച, പട്ടികജാതിക്കാരനായ ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ.വിഷ്ണു. ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും ചൊൽപ്പടിക്കും അന്യായങ്ങൾക്കും വിധേയനായി നിൽക്കാത്തതാണു തന്നോടുള്ള പകയ്ക്കു കാരണമെന്നും വിഷ്ണു പറയുന്നു.
2024 നവംബറിൽ തത്തപ്പിള്ളി ശ്രീദുർഗാ ദേവി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്യുമ്പോഴാണു ഭക്തരുടെ മുന്നിൽ ആദ്യമായി വിഷ്ണുവിനു ജാതി അധിക്ഷേപമേറ്റത്. പട്ടികജാതി സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ അധിക്ഷേപം നടത്തിയ കെ.എസ്. ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാസം മുൻപാണു തിരുവിതാംകൂർ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വഴി മാളികംപീടിക വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായി വിഷ്ണുവിനു നിയമനം ലഭിക്കുന്നത്. ഇതോടെ വീണ്ടും അധിക്ഷേപങ്ങളും ഭീഷണിയും ആരംഭിച്ചെന്നും ജോലി കളയാനായി യൂണിയന്റെ നേതൃത്വത്തിൽ വ്യാജ വിലാസത്തിൽ കള്ളപ്പരാതികൾ അയച്ചുവെന്നും വിഷ്ണു പറഞ്ഞു.
ക്ഷേത്രത്തിലെ യഥാർഥ ആഭരണങ്ങളിൽ ചിലതു മാറ്റി പകരം മുക്കുപണ്ടം വച്ചു കേസിൽ കുടുക്കാനും ശ്രമം നടത്തി. സംശയം തോന്നി സ്വർണപ്പണിക്കാരനെ വിളിച്ചു പരിശോധിക്കുകയും വിഷയം റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെയാണു രക്ഷപ്പെട്ടത്. പഴയ കേസ് പിൻവലിച്ചില്ലെങ്കിൽ ദേവസ്വത്തിൽ സമാധാനപരമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്നു ദേവസ്വം പറവൂർ ഗ്രൂപ്പ് അസി. കമ്മിഷണർ ഭീഷണിപ്പെടുത്തിയെന്നു കാട്ടി വിഷ്ണു ഒരു മാസം മുൻപു മുനമ്പം ഡിവൈഎസ്പിക്കു പരാതി നൽകി. തുടർന്നു യൂണിയൻ ഇടപെട്ടു കേസ് ഒത്തുതീർപ്പാക്കി. എന്നാൽ അംഗത്വ അപേക്ഷ സ്വീകരിക്കാതിരിക്കൽ, വാട്സാപ് ഗ്രൂപ്പുകളിൽ നിന്നു പുറത്താക്കൽ എന്നിവയുണ്ടായി. ഉദ്യോഗസ്ഥരുടെയും യൂണിയന്റെയും അന്യായ നടപടികൾ തനിക്കെതിരെ തുടരുന്നതായി ചൂണ്ടിക്കാട്ടിയാണു രാജി നൽകിയതെന്നു വിഷ്ണു പറഞ്ഞു. English Summary:
A priest in Alangad has resigned citing caste discrimination, threats, and false complaints allegedly orchestrated by the CPM-affiliated Devoswom Employees Confederation. He claims his refusal to comply with unfair practices led to retaliatory actions and a hostile work environment. |
|