ദിസ്പുർ∙ ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയ്ക്ക് (എൽഎസി) അടുത്ത് ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അസമിലെ ദിബ്രുഗഢ് ജില്ലയിലെ മൊറാനിൽ ദേശീയപാത 127ലായിരുന്നു പ്രധാനമന്ത്രിയെയും വഹിച്ച സി–130ജെ വിമാനം ഇറങ്ങിയത്. എൽഎസിക്ക് 300 കി.മീക്ക് ഉള്ളിലാണ് ഈ ദേശീയപാത. പ്രധാനമന്ത്രിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കി വ്യോമസേനയുടെ സുഖോയ് വിമാനം മൊറാൻ ബൈപാസിലെ ഇഎൽഎഫിൽനിന്ന് പറന്നുയരുകയും ചെയ്തു.
What you should read next
- ഇന്ത്യയിലെ ബ്യൂട്ടി റീട്ടെയ്ൽ രംഗത്ത് മാറ്റത്തിന് തുടക്കമിട്ട് ടിറ, അഹാൻ പാണ്ഡെ ബ്രാൻഡ് അംബാസിഡർ Style Factor
അസമിലെത്തിയ മോദി ഛബുവ എയർഫീൽഡിൽനിന്നു പറന്നുയർന്ന് 4.2 കി.മീ. ദൂരമുള്ള മൊറാൻ ബൈപാസിൽ ഇറങ്ങിയതോടെ ആ ദേശീയപാത വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങളും ചരക്കു വിമാനങ്ങളും ഇറക്കാൻ ഉപയോഗിക്കാം. അതുവഴി പ്രതിരോധ, ലൊജിസ്റ്റിക്സ്, ദുരന്ത പ്രതികരണം എന്നിവയ്ക്കായി പുതിയ മാർഗമാണ് തുറന്നുകിട്ടുന്നത്. സിവിൽ, സൈനിക ആവശ്യങ്ങൾക്ക് ഈ കേന്ദ്രം ഉപയോഗിക്കാം. ദിബ്രുഗഢ് വിമാനത്താവളത്തിന് ബദലായി ഈ പാത ഉപയോഗിക്കാനാകും. ഛബുവ വ്യോമതാവളവും ഇനി ഉപയോഗിക്കാനാകാതായാൽ വടക്കുകിഴക്കൻ മേഖലയിലെ പ്രതിരോധത്തിന് ഇഎൽഎഫ് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചോദ്യം: ഹൈവെ കം റൺവേ, ഇഎൽഎഫ് എന്നാൽ എന്താണ്
ഉത്തരം: ദേശീയപാതയുടെ ഒരു ഭാഗം വിമാനങ്ങൾ ഇറങ്ങാനും പറക്കാനും കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. ഇതാണ് ഹൈവേ കം റൺവേ. ഇഎൽഎഫ് എന്നാൽ ഇലവേറ്റഡ് ലാൻഡിങ് ഫെസിലിറ്റി എന്നാണ്. ഉയർന്ന പ്ലാറ്റ്ഫോം പോലുള്ള ഘടനയിൽ നിർമിച്ച റൺവേ സംവിധാനമാണിത്. പ്രളയം പോലുള്ള സാഹചര്യങ്ങളിലും പ്രവർത്തിക്കാനാവുന്ന രീതിയിലാണ് ഡിസൈൻ. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്താവളങ്ങൾ പ്രവർത്തിക്കാനാകാത്തപ്പോൾ, ഹൈവേയിലെ ഇത്തരം ഭാഗങ്ങൾ എയർസ്ട്രിപ്പുകളായി ഉപയോഗിക്കാൻ സാധിക്കും. ഇത് വിമാനത്താവളത്തിന് പകരമല്ല, പക്ഷേ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ബായ്ക്കപ്പ് ലാൻഡിങ് സംവിധാനം ആണ്.
ചോദ്യം: ഇത് സൈന്യത്തിന് എങ്ങനെ സഹായകമാകും?
ഉത്തരം: യുദ്ധസമയത്ത് അല്ലെങ്കിൽ സുരക്ഷാ അടിയന്തരാവസ്ഥയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഇവിടെ ഇറക്കാം. സൈനിക സഹായം വേഗത്തിൽ എത്തിക്കാൻ ഇതുപകാരപ്പെടും. വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടാൽ പകരം ഉപയോഗിക്കാം.
ചോദ്യം: മൊറാനിലെ ഇഎൽഎഫിന്റെ പ്രാധാന്യം എന്താണ്?
ഉത്തരം: അസം സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന മേഖലയാണ് മൊറാൻ. അരുണാചൽ–ചൈന അതിർത്തിക്ക് സമീപമുള്ള മേഖല ആയതിനാൽ പ്രതിരോധ രംഗത്ത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണിത്.
ചോദ്യം: ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇത് ഉപയോഗിക്കാമോ?
ഉത്തരം: പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളിൽ സഹായവസ്തുക്കൾ എത്തിക്കാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഈ റൺവേ സ്ട്രിപ്പ് സഹായകരമാകും.
ചോദ്യം: ഇന്ത്യയിൽ ഇത്തരത്തിലുള്ള റൺവേ സ്ട്രിപ്പുകൾ വേറെയുണ്ടോ?
ഉത്തരം: യമുന എക്സ്പ്രസ്‌വേ (യുപി), രാജസ്ഥാൻ (എൻഎച്ച് 925), ആന്ധ്രാപ്രദേശ് (എൻഎച്ച് 16 – ബപത്‌ല) എന്നിവിടങ്ങളിൽ ദേശീയപാതകളിൽ റൺവേ സ്ട്രിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബംഗാൾ, ഗുജറാത്ത്, ബിഹാർ, ഹരിയാന, തമിഴ്നാട്, പഞ്ചാബ് ഉൾപ്പെടെ രാജ്യത്തെ 28 ഇടങ്ങളിൽ ഇത്തരം ഇഎൽഎഫുകൾക്ക് സർക്കാർ പദ്ധതിയൊരുക്കുന്നുണ്ട്.
JUST IN
-
1 MINUTE AGO Live ചൈന അതിർത്തിക്ക് സമീപം എൻഎച്ചിൽ മോദിയുടെ ലാൻഡിങ്; വടക്കുകിഴക്കിലെ ഹൈവെ കം റൺവേ Latest News
-
27 MINUTES AGO ‘റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?’ Latest News
-
29 MINUTES AGO ഇന്ത്യൻ ‘ശതകോടീശ്വരി\“യുടെ ഒറ്റവാക്ക്; യുഎസ് ടെക് ഭീമന്റെ ഓഹരിയിൽ വൻ ഇടിവ്, എതിരാളിയുടെ ഓഹരിക്ക് മുന്നേറ്റം Personal Finance
VIEW MORE
English Summary:
Modi in Assam: An Emergency Landing Facility (ELF) on a national highway in Assam was inaugurated by Prime Minister Narendra Modi, marking a historic moment for India\“s defense infrastructure near the China border. This highway-cum-runway enhances the Indian Air Force\“s operational capabilities for defense, logistics, and disaster relief in the Northeast. |
|