കോഴിക്കോട് ∙ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ വിഡിയോ വൈറലായതിന് പിന്നാലെ വയോധികയ്ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്തതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ‘സൂപ്പർ’, ‘ആ അമ്മ ചെയ്തതു ഏറ്റവും നല്ല കാര്യം... സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കണം’, ‘ഇന്ന് അമ്മമ്മക്കാവട്ടെ ബിഗ് സല്യൂട്ട്’, ‘50സ് കിഡ് ഡാ’, ‘അമ്മച്ചി പൊളിയാണ്’, ‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’ എന്ന കമന്റിനും നിരവധി പേർ ‘ലൈക്ക’ടിച്ചു. ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ഒരു സ്ഥിരം പരിപാടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട്. View this post on Instagram
A post shared by Manorama News (@manoramanews)
കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോൾ സിഗിനൽ മറികടക്കാൻ ഫുട്പാത്തിലേക്ക് കയറ്റിയ സ്കൂട്ടർ വയോധിക തടയുകയായിരുന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ പിന്മാറിയില്ല. കാലുകൾകൊണ്ട് വാഹനം തടഞ്ഞു. വീണ്ടും സ്കൂട്ടറുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോണെടുത്ത് ദൃശ്യം പകർത്താൻ തുടങ്ങി. ഇതോടെയാണ് സ്കൂട്ടർ യാത്രക്കാരൻ പിൻവാങ്ങിയത്. സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് ചിത്രീകരിച്ച വിഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി.
വിഡിയോ വൈറലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വയോധികയ്ക്കായുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയാണ് ആ ‘സൂപ്പർ അമ്മ’. ‘എന്റെ വീട് ഇതിന്റെ അപ്പുറത്താ... ഈ വഴി ഞാൻ നടന്നു വരുമ്പോ ഫുട്പാത്തിലൂടെ വണ്ടി കയറിവന്നാൽ ഞാൻ തടയും. ഫുട്പാത്ത് കാൽനടക്കാർക്കുള്ളതാണ്’– എന്നാണ് സംഭവത്തെ കുറിച്ച് പ്രഭാവതി അമ്മയ്ക്ക് പറയാനുള്ളത്. മുൻപൊരിക്കൽ ഫുട്പാത്തിലൂടെ വന്ന വാഹനം പ്രഭാവതിയമ്മ തടഞ്ഞിരുന്നു. അന്ന് വണ്ടിയോടിച്ച യുവാവ് പ്രഭാവതിയമ്മയെ അടിച്ചു. തുടർന്ന് എസിപിക്ക് പരാതി നൽകിയതിൽ യുവാവിനെ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു.
English Summary:
Elderly woman stops scooter on footpath in Kozhikode, an act that has gone viral and garnered widespread praise. The courageous pedestrian, Prabhathiyamma, stood her ground against a scooterist violating footpath rules, showcasing a strong sense of civic responsibility. |