കേരളം ദീർഘകാലമായി കാണുന്ന വലിയ സ്വപ്നങ്ങളിലൊന്നാണ് ജലപാതാവികസനം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജലപാതാപദ്ധതി പൂർത്തീകരിക്കാതെയാണ് അടുത്ത തിരഞ്ഞെടുപ്പിനായുള്ള വാഗ്ദാനങ്ങൾ ഒഴുകാൻ തുടങ്ങിയിരിക്കുന്നത്. ഇതിനിടയിൽ, കേരളത്തിന്റെ ഉൾനാടൻ ജലപാതകളുടെ സമഗ്രവികസനത്തിന് 1500 കോടി രൂപ ചെലവിടുമെന്നു കേന്ദ്ര തുറമുഖ–ഷിപ്പിങ് ജലപാതാ മന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞദിവസം പറഞ്ഞതു വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
അതേസമയം, ഉൾനാടൻ ജലപാതകളുടെ വികസനം ലക്ഷ്യമിട്ടു കേന്ദ്രമന്ത്രി കൊച്ചിയിൽ വിളിച്ചുചേർത്ത ദേശീയ വാട്ടർവേയ്സ് ഡവലപ്മെന്റ് കൗൺസിൽ (ഐഡബ്ല്യുഡിസി) യോഗത്തിനു കേരളം ആതിഥേയത്വം വഹിച്ചിട്ടും സംസ്ഥാനത്തുനിന്നു മന്ത്രിമാരാരും പങ്കെടുത്തില്ല എന്നത് ഇക്കാര്യത്തിൽ സർക്കാർ പുലർത്തിവരുന്ന ഉദാസീന സമീപനത്തിനു നേർസാക്ഷ്യം പറയുന്നു.
കൊല്ലം–കോട്ടപ്പുറം ദേശീയ ജലപാതയിലെ തടസ്സങ്ങൾ നീക്കി ഡിസംബറോടെ ചരക്കുനീക്കം ആരംഭിക്കാനാകുന്ന തരത്തിൽ പ്രവർത്തനം തുടങ്ങുമെന്നു മൂന്നാമത് ഐഡബ്ല്യുഡിസി യോഗതീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഹരിപ്പാട് തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റ് നവീകരണം, കൊല്ലം ശങ്കരമംഗലത്തെ കോവിൽതോട്ടം മേൽപാലത്തിന്റെ നിർമാണം എന്നിവ പൂർത്തിയാകാനുണ്ട്. കേരളത്തിൽ 5 ദേശീയ ജലപാതകളുടെ ആകെ ദൈർഘ്യം 465.89 കിലോമീറ്ററാണ്. 30 ലക്ഷം മെട്രിക് ടൺ ചരക്കാണു കേരളത്തിലെ ജലപാതകൾ വഴി ഇപ്പോൾ കൊണ്ടുപോകുന്നത്.
‘ജനനായകനേ’ക്കാൾ ‘കട്ട്’ കിട്ടിയ താരം; ഒടുവിൽ രക്ഷിച്ചത് വിജയ്; മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയം: ‘കൾട്ട്’ സിനിമകളുടെ തോഴൻ
നിവിൻ പോളിക്കറിയില്ലേ ആ ‘ബണ്ണും ചാറും’ എന്താണെന്ന്? ബോബ, മസ്ക, റാമൻ... ജെൻസീ പറയുന്നു: ഞങ്ങളുടെ മെനു ഇതിലും വെറൈറ്റി
പരീക്ഷ വരുന്നു, ഓർമശക്തി കൂട്ടുന്ന ‘മെമ്മറി പാലസ്’ വിദ്യ പരീക്ഷിച്ചാലോ? 37 വർഷം കഴിഞ്ഞാലും മറക്കാത്ത പേരുകൾ: ഇതെങ്ങനെ സാധിക്കും?
MORE PREMIUM STORIES
ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തപ്പോഴാണ് ആ നിർണായക യോഗത്തിൽ കേരളത്തിന്റെ അലംഭാവവും നിരുത്തരവാദിത്തവും തെളിഞ്ഞത്. കൊച്ചിയിൽ ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കു മന്ത്രി സർബാനന്ദ സോനോവാൾ നേതൃത്വം നൽകിയപ്പോൾ കേരളം നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കാൻ മന്ത്രിമാരാരും വന്നില്ല. മുഖ്യമന്ത്രിയുടെ ചുമതലയിലാണ് ഉൾനാടൻ ജലഗതാഗതം. മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടായെങ്കിൽ ജലവിഭവ മന്ത്രിയടക്കം ഏതെങ്കിലുമൊരു മന്ത്രിയെ നിയോഗിക്കാമായിരുന്നു.
കോവളം– ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാതയുടെ കമ്മിഷനിങ് ഇനിയും വൈകുമെന്ന യാഥാർഥ്യം വാഗ്ദാനലംഘനത്തിന്റെ വലിയ ഉദാഹരണങ്ങളിലൊന്നായി നമ്മുടെ മുന്നിലുള്ളപ്പോൾ ഇങ്ങനെയൊരു സുപ്രധാന യോഗത്തോടു കാണിച്ച നിരുത്തരവാദിത്തത്തിൽ അദ്ഭുതപ്പെടാനില്ല. കേരളം കണ്ട ഏറ്റവും വലിയ വികസനസ്വപ്നങ്ങളിലൊന്നാണ് സർക്കാരിന്റെ അനാസ്ഥയിലും ഉത്തരവാദിത്തമില്ലായ്മയിലും വലയുന്നത്.
ജലപാതയില്ലാത്തിടത്തു നിലവിലുള്ള പുഴകളും കനാലുകളും നവീകരിച്ചും ആവശ്യമായിടത്തു പുതിയ കനാൽ നിർമിച്ചും ഒൻപതു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിയാണിത്. യാഥാർഥ്യമായാൽ, കേരളത്തിന്റെ തെക്ക്– വടക്ക് പൂർണമായും ജലമാർഗം സഞ്ചരിക്കാനാകും.
ജലപാത കിതയ്ക്കുന്നത് സംസ്ഥാനത്തിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് ഒട്ടും ശുഭസൂചകമല്ല. സർക്കാർ പുതിയ സ്വപ്നപദ്ധതികൾക്കു പിന്നാലെ പായുമ്പോൾ പഴയ സ്വപ്നങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നുവെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനുമാകില്ല. മുൻ രാഷ്ട്രപതി ഡോ. എ.പി. െജ.അബ്ദുൽ കലാം കേരള വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച വിഷൻ 2020 ദർശനരേഖയിൽ ഏറ്റവും പ്രാധാന്യത്തോടെ എടുത്തുപറഞ്ഞിട്ടുള്ള പദ്ധതിയാണ് ജലപാതാവികസനം.
ജലയാത്രയ്ക്ക് ഇത്രയേറെ സാധ്യതകളുള്ള മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. എന്നിട്ടും, ഇങ്ങനെയൊരു പദ്ധതിയോടു സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യക്കുറവിനു ന്യായീകരണമില്ല.
പത്തു വർഷത്തിനുള്ളിൽ രാജ്യത്ത് ദേശീയ ജലപാതകളുടെ എണ്ണം അഞ്ചിൽ നിന്ന് 111 ആയി വർധിച്ചെന്നും ഇവയുടെ വികസനത്തിനായുള്ള ബജറ്റ് വിഹിതം ആറിരട്ടി വർധിച്ചെന്നും മന്ത്രി സർബാനന്ദ സോനോവാൾ കൊച്ചിയിലെ യോഗത്തിൽ പറയുകയുണ്ടായി.
ഇതിൽ 32 ദേശീയ ജലപാതകളാണ് യാത്രാസജ്ജമായിരിക്കുന്നത്. ഇതുവഴിയുള്ള ചരക്കുകളുടെ നീക്കം 140 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്ന ‘ഗ്രോത്ത് സ്റ്റോറി’യാണ് ഇന്ത്യയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നുകൂടി മന്ത്രി വ്യക്തമാക്കിയതു തലതാഴ്ത്തിയല്ലാതെ കേരളത്തിനു കേൾക്കാനാവുമോ? English Summary:
Kerala\“s Waterway Dream in Limbo: Kerala Waterways development faces challenges despite its potential.