രാജ്യത്തെ പൗരരെന്ന നിലയിൽ സമ്മതിദാനാവകാശം വീണ്ടെടുക്കാനുള്ള അതിതീവ്ര യത്നത്തിലാണ് കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങൾ. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി നിയമസഭയിലേക്കുള്ള കരടു വോട്ടർപട്ടിക പുറത്തിറക്കിയപ്പോൾ പുറത്തായവരും പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വിവരങ്ങളിൽ കൃത്യത പോരെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിഗമനത്തിൽ എത്തിയവരുമാണ് ഈ പ്രയാസങ്ങൾ അനുഭവിക്കുന്നത്.
Also Read എസ്ഐആർ കരടുപട്ടിക: ഹിയറിങ് നോട്ടിസ് വീട്ടിലെത്തിക്കും; 14.5 ലക്ഷം പേർക്ക് നോട്ടിസ് തയാർ
കേരളത്തിൽ എസ്ഐആർ കരടുപട്ടികയിൽനിന്നു പുറത്തായത് 24 ലക്ഷത്തിലേറെപ്പേരാണ്. എന്യൂമറേഷൻ ഫോം ലഭിക്കാത്തവരോ ലഭിച്ചിട്ടും പൂരിപ്പിച്ചുനൽകാത്തവരോ ആയ ഒട്ടേറെപ്പേർ ഇങ്ങനെ പുറത്തായിട്ടുണ്ട്. ഇവരെല്ലാം പുതിയ അപേക്ഷകരായി പേരു ചേർക്കണം. ഫെബ്രുവരി 21നു പുറത്തിറക്കുന്ന അന്തിമപട്ടികയിൽ പേര് ഉറപ്പിക്കാൻ ഈ മാസം 22 വരെയാണ് അവസരം.
ഹിയറിങ് നോട്ടിസ് സ്വീകരിക്കൽ, ആവശ്യമായ രേഖകൾ സംഘടിപ്പിക്കൽ, രേഖകളുടെ സമർപ്പണം, ഹിയറിങ്ങിനു ഹാജരായി താനും തന്റെ കുടുംബവും കേരളത്തിൽ 24 വർഷത്തിലേറെയായി താമസിക്കുന്നവരാണെന്നു തെളിയിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് വോട്ടറായി തുടരാൻ പൗരൻ ചെയ്യേണ്ടിവരുന്നത്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
പട്ടികയിൽ ഉൾപ്പെട്ടവരെങ്കിലും 2002ലെ എസ്ഐആർ വിവരങ്ങളുമായി കൂട്ടിയിണക്കാൻ സാധിക്കുന്ന തരത്തിൽ എന്യൂമറേഷൻ ഫോമിൽ വിവരങ്ങളില്ലാത്തവരായി അധികൃതർ കണ്ടെത്തിയത് 19.32 ലക്ഷം പേരെയാണ്. കരടുപട്ടികയിൽ ഉൾപ്പെട്ടിട്ടും 2002ലെ എസ്ഐആർ പട്ടികയുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകാതിരുന്നവർക്കാണ് ഇപ്പോൾ ഹിയറിങ് നോട്ടിസുകൾ നൽകിവരുന്നത്. ഇവരാണ് ഹിയറിങ്ങിനു മുൻപായി രേഖകൾ സമർപ്പിക്കേണ്ടത്. ഇതിനായി ഓൺലൈൻ സംവിധാനം ഇപ്പോൾ നിലവിൽ വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്ന 13 രേഖകളിലൊന്ന് പലർക്കും എളുപ്പം സംഘടിപ്പിക്കാവുന്നതല്ല. ജനന സർട്ടിഫിക്കറ്റും എസ്എസ്എൽസി സർട്ടിഫിക്കറ്റുകളും അംഗീകൃത സർവകലാശാലകൾ ഉൾപ്പെടെ നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകളും ഏറക്കുറെ വേഗത്തിൽ ലഭിക്കും. എന്നാൽ, 2004 ഡിസംബർ 2നു ശേഷം ജനിച്ചവർ അവരുടെ മാതാപിതാക്കളെ സംബന്ധിച്ച ഇത്തരം സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതുണ്ട്.
Also Read എസ്‌ഐആര്‍: ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സർക്കാർ; നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം നേറ്റിവിറ്റി കാര്‍ഡ്
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തവരാണെങ്കിൽ അത്തരം രേഖകൾ സംഘടിപ്പിക്കുന്നത് എളുപ്പമല്ല. ഹിയറിങ്ങിനു നേരിട്ടു ഹാജരാകേണ്ടെന്നും ആവശ്യമായ രേഖകൾ കൊടുത്താൽ മതിയെന്നുമുള്ള ഇളവ് പ്രവാസി വോട്ടർമാർക്കു നൽകിയിട്ടുണ്ട്. എന്നാൽ, ജന്മസ്ഥലം ഇന്ത്യയിലല്ലാത്തതുകൊണ്ട് ഈ ഇളവു ലഭ്യമല്ലാതെവരുന്നത് പ്രവാസികളുടെ മക്കളെ പ്രയാസത്തിലാക്കുന്നു. ഇതു പരിഹരിക്കാൻ ഫോം പരിഷ്കരിക്കേണ്ടത് ആവശ്യമാണ്.
സർട്ടിഫിക്കറ്റുകൾ നൽകാൻ വില്ലേജ് ഓഫിസുകൾ തോറും ഹെൽപ് ഡെസ്ക് തുടങ്ങുമെന്നും സർട്ടിഫിക്കറ്റുകൾ നൽകാൻ ഫീസ് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. പ്രഖ്യാപനങ്ങൾ നടത്തിയാൽ അതു പാലിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും അതു നടപ്പാക്കാനുള്ള ചുമതല ഉദ്യോഗസ്ഥർക്കും ഉണ്ടാകേണ്ടതല്ലേ? വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഒരു സർട്ടിഫിക്കറ്റിനായി മറ്റേതൊരു അപേക്ഷയ്ക്കും പോലെ കാത്തിരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന അവസ്ഥ നിർഭാഗ്യകരംതന്നെ. എസ്ഐആറുമായി ബന്ധപ്പെട്ട പല നടപടിക്രമങ്ങളും വയോജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകാൻ പ്രത്യേക സംവിധാനം ഹിയറിങ് ക്യാംപുകളോടു ചേർന്ന് ആലോചിക്കാവുന്നതല്ലേ?
വിഐപികളും പ്രവാസികളും കൃത്യമായ രേഖകൾ സമർപ്പിച്ചാൽ ഹിയറിങ്ങിൽനിന്ന് ഒഴിവാക്കാമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) കഴിഞ്ഞദിവസം അറിയിച്ചത്. എന്നാൽ, മറ്റുള്ളവരും ചില പരിഗണനകൾ അർഹിക്കുന്നില്ലേ? രേഖകൾ സമർപ്പിച്ചാൽ മാത്രം പോരാ, ഹിയറിങ്ങിനു നിർബന്ധമായി ഹാജരാകണമെന്ന ചില കലക്ടർമാരുടെയും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെയും (ഇആർഒ) കടുംപിടിത്തവും മറ്റൊരു പ്രശ്നമാണ്.
ആദ്യം എസ്ഐആർ നടന്ന ബിഹാറിൽ ലക്ഷക്കണക്കിനു വോട്ടർമാർ നിയമസഭാ പട്ടികയിൽനിന്നു പുറത്തായതും തുടർന്നുണ്ടായ സംഭവങ്ങളും കേരളത്തിലും അലയൊലികൾ ഉയർത്തുകയും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ചെയ്യുന്നുണ്ട്. സുഗമമായി ഹിയറിങ് നടപടികൾ പൂർത്തിയാക്കാനും പരമാവധി പേരെ വോട്ടർപട്ടികയിൽ ചേർക്കാനും അവസരം നൽകി ജനാധിപത്യപ്രക്രിയ ശക്തമാക്കാനുള്ള നടപടികളാണ് അടിയന്തരമായി വേണ്ടത്. അതിനുള്ള സംവിധാനം തിരഞ്ഞെടുപ്പു കമ്മിഷനും അതിനുവേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാരും കുറ്റമറ്റതാക്കുകതന്നെ വേണം. English Summary:
Proving Citizenship Becomes a Punishment: The Voter List Crisis in Kerala