തിരുവനന്തപുരം ∙ പാർട്ടിക്കകത്ത് മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചോദ്യങ്ങൾ ഉയരുന്ന ‘വലിയ മാറ്റ’ത്തിലേക്കു സിപിഎം കടന്നു. ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന അദ്ദേഹത്തിന്റെ പരിവേഷത്തിനാണ് ഇടിവു തട്ടുന്നത്. ചോദ്യങ്ങളോ വിമർശനങ്ങളോ അല്ല, ചില സംശയങ്ങൾ ഉന്നയിക്കുക മാത്രമാണുണ്ടായതെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ ന്യായീകരണം. അതെന്തായാലും വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ഒത്തുതീർപ്പിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നെന്ന വാർത്ത സിപിഎം നിഷേധിച്ചിട്ടില്ല; നേതാക്കളാരും പ്രതികരിച്ചുമില്ല.
Also Read ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’: പാരഡിയാക്കിയവരിൽ സിപിഎമ്മും ബിജെപിയും
പിഎം ശ്രീ പദ്ധതിക്കായി കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച സമയത്തും സമാനമായ അതൃപ്തി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്നതാണ്. സിപിഐ വഴങ്ങാതിരുന്നത് മുഖ്യമന്ത്രിക്കു മാത്രമല്ല ക്ഷീണം ചെയ്തത്; സിപിഎം സംസ്ഥാന നേതൃത്വത്തിനു കൂടിയാണ്. സിപിഐയുടെ കേന്ദ്ര– കേരള നേതൃത്വങ്ങളുമായി മധ്യസ്ഥ ചർച്ച നടത്തുകയും പദ്ധതിയിൽനിന്നു പിൻവാങ്ങുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്ത ജനറൽ സെക്രട്ടറി എം.എ.ബേബി മാത്രമായിരുന്നു അന്നു സിപിഎമ്മിൽ വിജയി.
Also Read മുകളിൽ സമവായം; കണ്ണീരുകുടിച്ചത് വിദ്യാർഥികൾ
ബേബിയുടെ സാന്നിധ്യത്തിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഗവർണർക്കു വഴങ്ങിക്കൊടുക്കുന്നതിലെ അനൗചിത്യം ചർച്ചയായത്. സംഘപരിവാർ നോമിനിയെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സ്വീകരിച്ചുവന്ന നിലപാടുകളിൽ വെള്ളം ചേർക്കുന്നത് ദോഷം ചെയ്യില്ലേ എന്ന സന്ദേഹമാണ് ഉയർന്നത്. ഒത്തുതീർപ്പിലെത്താൻ സുപ്രീംകോടതി നിർദേശിച്ചതിനാലും തുടർ നിയമോപദേശം അനുസരിച്ചുമാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 2 സർക്കാർ നോമിനികളെ അംഗീകരിപ്പിക്കാൻ സാധ്യതയില്ലെന്നിരിക്കെ മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
മുഖ്യമന്ത്രി നേരിട്ട് എടുത്ത ഒരു തീരുമാനത്തിന്റെ കാര്യത്തിൽ വിയോജിപ്പ് ഉയർന്നത് പ്രകടമായ മാറ്റമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കു ശേഷമാണ് അതുണ്ടായതും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ തോൽവിക്കു ശേഷം ജില്ലകളിലെ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നെങ്കിലും കൊല്ലം സംസ്ഥാന സമ്മേളനത്തിലൂടെ വീണ്ടും പാർട്ടിയുടെ നിയന്ത്രണം ഭദ്രമാക്കിയ പിണറായിക്ക് തദ്ദേശ തിരഞ്ഞെടുപ്പു തിരിച്ചടിയും പാർട്ടിയിലെ ഈ മാറ്റവും ഹിതകരമായ കാര്യങ്ങളല്ല.
എന്നാൽ, സെക്രട്ടേറിയറ്റിലെ വിമർശനം ഏതെങ്കിലും സംഘടിത നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കാണുന്നില്ല. അപ്പോഴും ആ വിവരം പുറത്തുവന്നത് യാദൃച്ഛികമാണെന്നും കരുതുന്നില്ല. ബേബിയുടെ പിന്തുണ വിമർശകർക്കുണ്ടെന്ന വ്യാഖ്യാനം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ബേബിയുടെ ശൈലി പലർക്കും പ്രേരണയാണെന്നു കരുതുന്നവരുണ്ട്. മുഖ്യമന്ത്രിയും സംസ്ഥാന നേതൃത്വവും തീർപ്പിലെത്തേണ്ട വിഷയമായിട്ടാണ് കേന്ദ്രനേതൃത്വം ഇക്കാര്യത്തെ കാണുന്നത്. ഇവിടെ തർക്കം തുടർന്നാൽ, അവർക്ക് ഇടപെടാൻ പഴുതുണ്ട്.
സിപിഐക്കും അമർഷം
സർക്കാർ ഗവർണർക്കു വഴങ്ങിയെന്ന പ്രതീതി സൃഷ്ടിച്ചതിൽ സിപിഐക്കും അതൃപ്തി. എന്നാൽ പരസ്യ പ്രതികരണത്തിന് അവർ തയാറായില്ല. ‘ചർച്ച ചെയ്യാതെ ഒന്നും പറയാനില്ല’– ഇതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി.
ഭാരതാംബ വിവാദത്തിൽ സിപിഎമ്മിനെക്കാളും വീര്യത്തോടെ ഗവർണറോട് ഇടഞ്ഞത് സിപിഐയാണ്. സെനറ്റ് ഹാളിലെ പരിപാടിയിൽ ഭാരതാംബ ചിത്രം വയ്ക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത കേരള സർവകലാശാല റജിസ്ട്രാർ, ഗവർണറുമായുള്ള ഒത്തുതീർപ്പ് പാക്കേജിന്റെ ഭാഗമായി പുറത്തായി. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ സിപിഐ ചില കാര്യങ്ങൾ തുറന്നുപറഞ്ഞെങ്കിലും സിപിഎമ്മുമായി തർക്കത്തിലേർപ്പെട്ട് അന്തരീക്ഷം വഷളാക്കരുതെന്നും തീരുമാനിച്ചിരുന്നു. സംയമനത്തിന് അവരെ പ്രേരിപ്പിച്ചത് ഇതാണെന്നു കരുതുന്നു. English Summary:
Pinarayi Vijayan Under Fire: Kerala politics takes a turn as the CPM faces internal criticism of Chief Minister Pinarayi Vijayan. This shift marks a change in the party\“s dynamics amid discussions on governance and policy decisions.