മൂന്നാർ ∙ 6 മാസം മുൻപു മാട്ടുപ്പെട്ടി ഡാമിൽ ആരംഭിച്ച പാരാസെയ്‌ലിങ് അഡ്വഞ്ചർ ടൂറിസം റൈഡിൽ പറക്കുന്നതിനിടെ 200 അടി (60 മീറ്റർ) ഉയരത്തിൽനിന്നു സഞ്ചാരി ഡാമിൽ വീണു. തമിഴ്നാട് സ്വദേശിയാണു ചൊവ്വാഴ്ച വൈകിട്ടു വെള്ളത്തിൽ വീണത്. നീന്തൽ അറിയാവുന്നതിനാലും സ്പീഡ് ബോട്ട് എത്തിയതിനാലും യുവാവ് രക്ഷപ്പെട്ടു. സംഭവം പുറത്തു പറയാതിരിക്കാൻ നടത്തിപ്പുകാർ 15,000 രൂപ നൽകിയാണു യുവാവിനെ പറഞ്ഞുവിട്ടത്.
സുഹൃത്തുക്കളുമായി മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവാണ് അപകടത്തിൽപെട്ടത്. സെയിലിങ്ങിനിടെ യുവാവിന് നിയന്ത്രണം വിട്ടതോ ശക്തമായ കാറ്റടിച്ചതോ ആവാം അപകടകാരണമെന്നാണു സൂചന. ശരീരത്തിൽ ഘടിപ്പിക്കുന്ന ബെൽറ്റ് പൊട്ടുകയോ അയയുകയോ ചെയ്താലും താഴെ വീഴാനുള്ള സാധ്യതയുണ്ട്. വീഴ്ചയ്ക്കിടെ യുവാവിന്റെ വാച്ച് ഡാമിൽ നഷ്ടമായി. വൈദ്യുതി വകുപ്പിനു കീഴിലുള്ള ഹൈഡൽ ടൂറിസവുമായി വരുമാനം പങ്കിടൽ വ്യവസ്ഥയിൽ കോഴിക്കോട് സ്വദേശിയാണു ഡാമിൽ പാരാസെയ്‌ലിങ് നടത്തുന്നത്.
പാരാസെയ്‌ലിങ് ഇങ്ങനെ
∙ മാട്ടുപ്പെട്ടിയിലേത് സ്പീഡ് ബോട്ടിൽ ഘട്ടിപ്പിച്ച പാരാസെയ്‌ലിങ് സംവിധാനം.
∙ ഡാമിന്റെ മധ്യഭാഗത്ത് എത്തി സഞ്ചാരികളെ പാരാഗ്ലൈഡറിൽ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ച് ഉയരത്തിലേക്കു വിടും.
∙ കാറ്റിൽ പാരഷൂട്ട് വിടരുന്നതോടെ സഞ്ചാരികൾ ഉയർന്നുപൊങ്ങും.
∙ ബോട്ട് ഡാമിലൂടെ നീങ്ങുന്നതിനനുസരിച്ച് സഞ്ചാരികൾ വായുവിലൂടെ സഞ്ചരിക്കും. English Summary:
Munnar Parasailing accident results in a tourist falling into Mattupetty Dam. The tourist was rescued, and the incident highlights the safety concerns surrounding adventure tourism in Munnar. |
|