നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം കഠിനതടവും പിഴയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കൂട്ടബലാത്സംഗ കുറ്റത്തിനു ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണു പ്രതികൾക്കു ലഭിച്ചത്.
- Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
കേരളവും രാജ്യംതന്നെയും കാത്തിരുന്ന ഈ വിധിയിൽ സമാന കുറ്റകൃത്യങ്ങൾക്ക് ഒരുമ്പെടുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പും താക്കീതുമുണ്ടോ എന്നു വരുംകാലമാണു തെളിയിക്കേണ്ടത്.
അതേസമയം, ഈ കൊടുംക്രൂരകൃത്യം ആസൂത്രണം ചെയ്തവരുണ്ടെങ്കിൽ അവരിപ്പോഴും കാണാമറയത്താണോ, കുറ്റകൃത്യത്തിൽ നേരിട്ടിടപ്പെട്ട ആറു പേരെ ശിക്ഷിച്ചതുകൊണ്ടു മാത്രം അതിജീവിതയ്ക്കു മതിയായ നീതി ലഭിച്ചോ, പരമാവധി ശിക്ഷ നൽകണമെന്നു വാദിച്ചിട്ടും അതു നേടിയെടുക്കാൻ പ്രോസിക്യൂഷനു സാധിക്കാതെപോയതെന്തുകൊണ്ട്, പ്രതികൾക്കെതിരെയുള്ള വകുപ്പുകളിൽ നിശ്ചയിക്കപ്പെട്ട ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രം കോടതി നൽകിയതെന്ത് തുടങ്ങിയ ചോദ്യങ്ങൾ പലരുമുയർത്തുന്നത് ഇതിനിടെ പ്രതിധ്വനികളോടെ ബാക്കിയാവുകയും ചെയ്യുന്നു.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
സമീപകാലത്തു കേരളത്തെ ഏറ്റവുമധികം ഞെട്ടിച്ച ക്രൂരസംഭവത്തിലുള്ള ശിക്ഷാവിധിയാണ് ഇന്നലെയുണ്ടായത്. കോടതിയുടെ തീർപ്പ് ചോദ്യം ചെയ്യേണ്ടതു മേൽക്കോടതികളിലാണ്. അതേസമയം, ഹീനമായ ഈ കുറ്റകൃത്യത്തിൽ പ്രതികൾ അർഹിക്കുന്ന ശിക്ഷ അവർക്കു ലഭിച്ചിട്ടില്ലെന്ന് സ്പെഷൽ പ്രോസിക്യൂട്ടറും പൊതുസമൂഹത്തിലെ ഒരു വിഭാഗവും ആരോപിക്കുന്നതു കേരളം കേൾക്കുന്നു.
- Also Read ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണ് ഇതെന്ന് അതിജീവിതയുടെ അഭിഭാഷകയും പറയുന്നുണ്ട്. പ്രതികളുടെ പ്രവൃത്തികൾ ഒരു സ്ത്രീയുടെ അന്തസ്സിനെയാണു ചോദ്യം ചെയ്തതെന്നത് അവഗണിക്കാനാവില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ അതേ നീതിപീഠം പറഞ്ഞ വിധി അതുകൊണ്ടുതന്നെ വലിയൊരു ചർച്ചയ്ക്കുകൂടി കാരണമായിരിക്കുകയാണ്.
കൊടുംപീഡനത്തിന്റെയും അപമാനങ്ങളുടെയും കനൽപാതയിലൂടെ നീങ്ങിയിട്ടും പതറാതെ, നിയമപോരാട്ടത്തിനിറങ്ങിയ അതിജീവിതയ്ക്കു ശിരസ്സു കുനിച്ച് അഭിവാദ്യമർപ്പിക്കുകയാണു കേരളം. ഇന്നലെയുണ്ടായ ശിക്ഷാവിധി അതിജീവിതയ്ക്കു പൂർണനീതിയാകുന്നില്ലെന്നാണ് ഒരു വാദമെങ്കിലും പുതിയ പെൺമയ്ക്കതു തീർച്ചയായും പോരാട്ടവീര്യം നൽകുന്നുണ്ട്.
- Also Read നടിയെ ആക്രമിച്ച കേസ്: 1709 പേജുകളുള്ള വിധി പകർപ്പ് പുറത്ത്
സ്ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവർക്കു മാതൃകാപരമായ കടുത്തശിക്ഷ നൽകുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂവെന്നും അധികാരികളും രാഷ്ട്രീയ നേതാക്കളുമൊക്കെ ഉറക്കെ പറയുമ്പോഴും പാതകങ്ങൾ ഇവിടെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നടിയാണെങ്കിലും സാധാരണക്കാരിയാണെങ്കിലും അവർക്കെതിരെ കൊടുംക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ കർശന ശിക്ഷ ഉണ്ടായേതീരൂ.
നിർഭയ കേസിലെ സുപ്രീം കോടതി വിധി പ്രസക്തമാണെന്ന് ഇന്നലെ വിധി പറയുമ്പോൾ കോടതി ഓർമിപ്പിക്കുകയുണ്ടായി. 2012 ഡിസംബറിൽ ഡൽഹിനഗരമധ്യത്തിൽ, ഓടുന്ന ബസിൽ കൂട്ടമാനഭംഗത്തിനിരയായി പിന്നീടു മരണമടഞ്ഞ പെൺകുട്ടിക്കു നാം തിരിച്ചുകൊടുത്തതെന്താണ് എന്ന ചോദ്യം പലരുടെയും മനസ്സിൽ മുഴങ്ങുന്നുണ്ടാവും.
ആ പെൺകുട്ടി അന്നു മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്‌ത്രീസുരക്ഷയ്‌ക്കു വഴിയൊരുക്കട്ടെ’ എന്നാണ് അവളുടെ മാതാപിതാക്കൾ പറഞ്ഞത്. ആ പെൺകുട്ടിയുടെ മരണം പാഴായില്ലെന്ന് നമുക്ക് ഉറപ്പുപറയാനാവുമോ? ഡൽഹി സംഭവത്തിനുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂട്ടബലാത്സംഗങ്ങളുടെയും പീഡനങ്ങളുടെയും നിർഭാഗ്യ വാർത്തകൾ തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കുകയാണു നാം.
- Also Read ആദ്യം പുറത്തിറങ്ങുക പൾസർ സുനി, കോടതിയിൽ പൊട്ടിക്കരഞ്ഞ മാർട്ടിൻ കിടക്കേണ്ടത് 13 വർഷം കൂടി; പ്രതികളുടെ ബാക്കിയുള്ള തടവ് ഇങ്ങനെ
നമ്മുടെ നാട്ടിലെ ഗുണ്ടാവിളയാട്ടത്തിന്റെ ആസൂത്രിതസ്വഭാവവും ആക്രമണോത്സുകതയും സിനിമാമേഖലയിൽ വരെ വേരാഴ്ത്തിയെന്ന മുന്നറിയിപ്പു നൽകിയ കേസിലാണ് ഇപ്പോഴുണ്ടായ വിധി. സ്ത്രീകൾക്കു സുരക്ഷിതമായി ജീവിക്കാനുള്ള സൗകര്യമുറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയുമാണ് തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നത്. നീതിരാഹിത്യത്തിന്റെയും അപമാനത്തിന്റെയും ക്രൂരതയുടെയും അനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ രാജ്യത്ത് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകൾ ഇടപെടുന്ന എല്ലാ മേഖലയിലും മതിയായ സുരക്ഷ ഉറപ്പു വരുത്തുകയും അവരെ അപമാനിക്കുന്നവർക്കു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. English Summary:
A Survivor\“s Fight: The Kerala Assault Verdict and the Battle for Women\“s Safety |
|