ബെംഗളൂരു∙ കെഎസ്ആർ ബെംഗളൂരു– എറണാകുളം വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ച് ഒരു മാസമാകുമ്പോൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തിരക്ക് (ഒക്യുപൻസി) 127% കടന്നു. എറണാകുളത്ത്നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിൽ ഞായറാഴ്ചകളിൽ ബുക്കിങ് തിരക്ക് 140% വരെയെത്തി. ജനുവരി പകുതി വരെ നിലവിൽ ഇരുവശങ്ങളിലേക്കും വന്ദേഭാരതിൽ ടിക്കറ്റില്ല. ടിക്കറ്റ് ഉറപ്പാക്കിയവരുടെയും വെയ്റ്റ് ലിസ്റ്റിലുള്ളവരുടെയും എണ്ണം കണക്കാക്കിയാണു റെയിൽവേ ഒക്യുപൻസി നിശ്ചയിക്കുന്നത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.
കേരള ആർടിസി വഴിയിൽ കുടുങ്ങില്ല; പകരം ബസ് ഉറപ്പ്
ക്രിസ്മസ്, പുതുവർഷ യാത്രയ്ക്കുള്ള ബസുകൾ വഴിയിൽ തകരാറിലായാൽ പകരം സ്പെയർ ബസൊരുക്കാൻ കേരള ആർടിസി. സംസ്ഥാന അതിർത്തികളായ പാലക്കാട്, ബത്തേരി ഡിപ്പോകൾക്ക് പുറമേ സേലത്തും സ്പെയർ ബസ് സൗകര്യം ഏർപ്പെടുത്തും. ഹൊസൂർ, വഴി തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ തകരാറിലായാൽ സേലത്ത് നിന്നുള്ള സ്പെയർ ബസ് ഉപയോഗിക്കും. കൂടാതെ ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ സ്പെയർ ബസിന്റെ ലഭ്യത ഉറപ്പുവരുത്തും. പുതിയ ബസുകൾ വന്നിട്ടും സർവീസുകൾ തകരാറിലായാൽ പകരം ബസ് ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കുന്നതായി പരാതി വ്യാപകമായതോടെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഫയൽ ചിത്രം.
വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്പെഷൽ ബസുകൾ ഉൾപ്പെടെ തകരാറിലാകുന്നത് കേരള ആർടിസിയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹുസ്ക്കൂരിൽ തകരാറിലായതോടെ പകരം 2 മണിക്കൂറിന് ശേഷം നോൺ എസി സൂപ്പർഫാസ്റ്റ് ബസാണ് എത്തിയത്. ഇതിൽ യാത്രക്കാരെ പാലക്കാട് വരെയെത്തിച്ചു തുടർയാത്രയ്ക്ക് എസി സീറ്റർ ബസ് ഏർപ്പെടുത്തി.
റാപ്പിഡ് റിപ്പയർ ടീം
കേരള ആർടിസി ബസുകൾ വഴിയിൽ കുടുങ്ങിയാൽ അറ്റകുറ്റപ്പണികൾക്കു റാപ്പിഡ് റിപ്പയർ ടീം (ആർആർടി) സേവനം ഉറപ്പാക്കും. ബത്തേരി ഡിപ്പോയുടെ കീഴിലെ ആർആർടിയുടെ സേവനം സംസ്ഥാന അതിർത്തിയായ മുത്തങ്ങ മുതൽ മൈസൂരു വരെയും പാലക്കാട് ഡിപ്പോയുടേത് വാളയാർ മുതൽ സേലം വരെയുമാണ് ലഭ്യമാവുക. ഓരോ വാനിലും 2 മെക്കാനിക്കുകളും ടയർ, സ്പെയർപാർട്സ് എന്നിവയും ഉണ്ടായിരിക്കും. 24 മണിക്കൂർ സേവനം ലഭ്യമാകുന്ന തരത്തിലാണ് ആർആർടി ക്രമീകരണം. കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിൽ കർണാടക ആർടിസി മൊബൈൽ റിപ്പയറിങ് ടീമിനെ ഉപയോഗിച്ചാണ് ബസ് സർവീസുകൾ സുഗമമായി നടത്തുന്നത്.
ഉത്സവസീസണുകളിൽ ബെംഗളൂരുവിൽ നിന്ന് സേലം വഴിയുള്ള സർവീസുകൾക്ക് ഹൊസൂരിനും കൃഷ്ണഗിരിക്കും ഇടയിലാണ് മൊബൈൽ ടീമിനെ നിയോഗിക്കുന്നത്. കൂടാതെ കോയമ്പത്തൂരിൽ സ്പെയർ ബസ് സൗകര്യവും ഉറപ്പ് വരുത്തും. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗത്തേയ്ക്കുള്ള സർവീസുകൾക്കു മൈസൂരു ഡിപ്പോയിൽ മൊബൈൽ ടീമും സ്പെയർ ബസും ഏർപ്പെടുത്തും.
English Summary:
Kerala RTC is ensuring spare bus facilities for Christmas and New Year travelers to address bus breakdowns. This initiative aims to minimize travel disruptions by providing replacement buses in key locations and offering rapid repair services along major routes. |
|