വിഴിഞ്ഞം ∙ ജീവിതത്തിൽ എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന സഹോദരനും സഹോദരിയും മരണത്തിലും ഒന്നിച്ചതു വീടിനൊപ്പം നാടിന്റെയും ദു:ഖമായി മാറി. മാർത്താണ്ഡത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ച പയറ്റുവിള കൊല്ലകോണം ചരുവിള കിഴക്കരിക് വീട്ടിൽ രഞ്ജിത് കുമാറിന്റെയും (24) രമ്യയുടെയും (22) ദാരുണാന്ത്യമാണ് നാടിനെ ഞെട്ടിച്ചത്. മാതാപിതാക്കളും 2 മക്കളും ചേർന്ന കുടുംബത്തിലെ കുട്ടികളുടെ അകാലവേർപാടിൽ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ല ബന്ധുക്കൾക്കും നാട്ടുകാർക്കും. കഷ്ടതകൾക്കിടെ കഠിനാധ്വാനത്തിലൂടെ പഠിച്ചു ജോലി നേടിയതിലെ സന്തോഷത്തിനും ശോഭനമായ ഭാവിയെന്ന സ്വപ്നത്തിനും അധിക ആയുസ്സ് നൽകാതെയാണ് വിധി ഇരുവരുടെയും ജീവൻ കവർന്നത്.
കൽപണിക്കാരൻ വിജയകുമാറിന്റെയും കോട്ടുകാൽ ഹരിതസേനാംഗം റീഷയുടെയും മക്കളാണ് ഇരുവരും. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങി. മാതാപിതാക്കളും രണ്ടു മക്കളും തമ്മിലുണ്ടായിരുന്നതു വലിയ ആത്മബന്ധമായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. വളരെ കഷ്ടപ്പെട്ടാണ് വിജയകുമാർ മക്കളെ പഠിപ്പിച്ചത്. ഇരുവരും ജോലി നേടിയപ്പോൾ ഏറെ സന്തോഷമായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കൾക്കൊപ്പം രണ്ടു മക്കളും കൂടും.
വീടു പണിതത് ഇവർ നാലുപേരുടെയും അധ്വാനത്താലായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണിയുൾപ്പെടെ നടത്തണമെന്നതും തങ്ങളെ പഠിപ്പിച്ച വകയിലുള്ള പിതാവിന്റെ കടബാധ്യത തീർക്കണമെന്നതും മക്കളുടെ ആഗ്രഹമായിരുന്നു. ഇരുവരും ജോലിക്ക് ഒരുമിച്ചാണു പോയി വന്നിരുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി നിന്നിരുന്ന കുട്ടികൾ ആരാധനാലയത്തിലെ ക്വയർ സംഘത്തിലും ഉണ്ടായിരുന്നു. പ്രിയമക്കളുടെ വിയോഗത്തിന്റെ ആഘാതത്തിലായ അച്ഛനമ്മമാര സമാധാനിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും. മൃതദേഹങ്ങൾ കോട്ടുകാൽ സിഎസ്ഐ ചർച്ചിലെ പൊതു ദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. English Summary:
Road accident news is tragic and affects many families. A brother and sister died together in a road accident in Vizhinjam, Kerala, leaving their parents and community in mourning. The siblings were known for their hard work and close bond with their parents. |
|