മുംബൈ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡൽഹി സർവകലാശാല മുൻ അസോഷ്യേറ്റ് പ്രഫസറും തൃശൂർ സ്വദേശിയുമായ ഹാനി ബാബുവിന് (59) ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണയില്ലാതെ 5 വർഷമായി ജയിലിൽ കഴിയുന്നതു പരിഗണിച്ചാണു ജാമ്യം നൽകിയത്. വിചാരണ ഇനിയും വൈകുമെന്നതും കോടതി പരിഗണിച്ചു. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എൻഐഎയുടെ ആവശ്യം തള്ളി. ഭീമ–കൊറേഗാവിൽ 2017 ഡിസംബർ 31ന് എൽഗാർ പരിഷത് എന്ന പേരിൽ മനുഷ്യാവകാശ പ്രവർത്തകരുടെ േനതൃത്വത്തിൽ സംഘടിപ്പിച്ച ദലിത് സംഗമത്തിലെ പ്രകോപന പ്രസംഗങ്ങൾ കലാപത്തിനു കാരണമായെന്ന് ആരോപിച്ചാണ് ഹാനി ഉൾപ്പെടെ 16 പേരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
- Also Read സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ: എപ്പോഴും ലൈംഗിക അതിക്രമമല്ലെന്ന് കോടതി
ഇതേ കേസിൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. 2020 ജൂലൈയിൽ അറസ്റ്റിലായതു മുതൽ ഹാനി ബാബു നവിമുംബൈ തലോജ ജയിലിലാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട പ്രഫ. ജി.എൻ. സായിബാബയെ പിന്തുണച്ചതും ഹാനിക്കെതിരെ ആയുധമാക്കി. മലയാളി മനുഷ്യാവകാശ പ്രവർത്തകൻ റോണ വിൽസൺ, കവി വരവരറാവു, ആനന്ദ് തെൽതുംബ്ഡെ, ഷോമ സെൻ, അരുൺ ഫെരേര, ഗൗതം നവ്‌ലാക, സുധീർ ധവാളെ എന്നിവരുൾപ്പെടെ 9 പേർക്കു നേരത്തേ ജാമ്യം ലഭിച്ചു. English Summary:
Hany Babu Granted Bail: Hany Babu, a former Delhi University professor jailed in the Bhima-Koregaon case, has been granted bail by the Bombay High Court. The court\“s decision was based on the extensive period he spent in jail without trial and the high probability of further delays. |