വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മേലുള്ള ഏതു കടന്നുകയറ്റവും ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വീകാര്യമല്ല. കയ്യിൽകിട്ടുന്ന വ്യക്തിവിവരങ്ങൾ എങ്ങനെ വേണമെങ്കിലും ദുരുപയോഗപ്പെടുത്തുന്നവരുള്ള ഇക്കാലത്ത് അതിനുവേണ്ട പരിരക്ഷ പരമപ്രധാനമാണുതാനും. വ്യക്തിവിവരങ്ങളുടെ ആത്യന്തിക സൂക്ഷിപ്പുകാർ ഭരണകൂടമാവുന്നതിലും വലിയ പൗരാവകാശ ലംഘനമെന്ത്? ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ് ഫോണുകളിൽ നിർബന്ധമാക്കാനുള്ള കേന്ദ്രനീക്കം പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധത്തിനു കാരണമായതോടെ പിൻവലിക്കേണ്ടിവന്നെങ്കിലും ഇതു സംബന്ധിച്ച ആശങ്കകൾ ബാക്കിയാണ്.
ആദ്യമായാണ് ഒരു സർക്കാർ ആപ് നിർബന്ധമായും ഫോണിൽ സൂക്ഷിക്കണമെന്ന നിബന്ധന കേന്ദ്രമിറക്കുന്നത്. ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിൽ മാത്രമല്ല, ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും എല്ലാ കമ്പനികളും 90 ദിവസത്തിനകം ഈ ആപ് നിർബന്ധമാക്കണമെന്നായിരുന്നു നിർദേശം. നിലവിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഫോണുകളിലും അപ്ഡേറ്റ് ആയി സോഫ്റ്റ്‍വെയർ എത്തിക്കാനാണു നിർദേശമെന്നും ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്നും തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ സഞ്ചാർ സാഥിയിൽ ലഭ്യമാണെന്നും വിശദീകരണമുണ്ടായി. ഈ വിശദീകരണങ്ങളൊന്നും ഇത്തരമൊരു ആപ്പിൽ മറഞ്ഞിരിക്കുന്ന ആശങ്കകൾക്കുള്ള ഉത്തരമായതുമില്ല.
സൈബർ തട്ടിപ്പുകൾ തടയാൻ ഒട്ടേറെ മാർഗങ്ങളുള്ളപ്പോൾ ഒരു ആപ് എക്കാലവും ഫോണിൽ നിർബന്ധമാക്കുന്നത് എന്തിന്, സൈബർ സുരക്ഷയെന്ന പേരിൽ പൗരരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അപ്ഡേറ്റുകൾ ഭാവിയിൽ വരില്ലെന്ന് എന്താണ് ഉറപ്പ്, ആപ് നിർബന്ധമാക്കാനുള്ള ഉത്തരവിനുമുൻപ് പൊതുജനങ്ങളുമായും ഈ മേഖലയിലുള്ളവരുമായി കൂടിയാലോചന നടത്താതിരുന്നത് എന്തുകൊണ്ട് തുടങ്ങിയ പല ചോദ്യങ്ങളാണ് ഉയർന്നത്. സ്വകാര്യതയെന്ന അടിസ്ഥാന പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റമായി ഈ നീക്കം വിലയിരുത്തപ്പെട്ടു. അല്ലെങ്കിൽത്തന്നെ, വഴിയാധാരമായിക്കൊണ്ടിരിക്കുകയാണു നമ്മുടെ സ്വകാര്യത എന്നത് ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്. സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശം തന്നെയെന്ന ചരിത്രപരമായ വിധി 2017ൽ സുപ്രീം കോടതിയിൽനിന്നുണ്ടായപ്പോൾ അതു വലിയൊരളവിൽ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
സ്വകാര്യതയെന്നതു വ്യക്തികളുടെ അന്തസ്സോടെയുള്ള ജീവിതത്തിന് അനുപേക്ഷണീയമായ അവകാശമാണെന്നും ഭരണകൂടമോ ഏതെങ്കിലും ബാഹ്യ ഏജൻസിയോ വ്യക്തികൾക്കുമേൽ ചാരപ്പണി നടത്തുമ്പോൾ ആ അവകാശത്തിൽ നേരിട്ടുള്ള കടന്നുകയറ്റമാണ് ഉണ്ടാകുന്നതെന്നും സുപ്രീം കോടതി നാലു വർഷം മുൻപു വ്യക്തമാക്കിയതാണ്; പെഗസസ് ചാര സോഫ്റ്റ്‌വെയർ ദുരുപയോഗം സംബന്ധിച്ച േകസിൽ. ‘സഞ്ചാർ സാഥി’ ആപ് പെഗസസിനു സമാനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജ്യവ്യാപകമായ സൈബർ തട്ടിപ്പുകളുടെ അങ്ങേയറ്റം ആശങ്കാജനകമായ സാഹചര്യം തിരിച്ചറിഞ്ഞ് സുപ്രീം കോടതിതന്നെ ഇടപെടുമ്പോൾ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട മറ്റൊരു വലിയ ആശങ്ക സൃഷ്ടിക്കുകയല്ല സർക്കാർ ചെയ്യേണ്ടിയിരുന്നത്.
നിരീക്ഷണത്തിനുള്ള ഉപാധിയായി മൊബൈൽ ഫോണിനെ മാറ്റാനുള്ള നീക്കത്തിനെതിരെ ഉയർന്നതു വലിയ പ്രതിഷേധമാണ്. ‘സഞ്ചാർ സാഥി’ ആപ് നിർബന്ധമാക്കുന്നത് ജനങ്ങളെ നിരീക്ഷിക്കുന്നതിനാണെന്ന ശക്തമായ വിമർശനമാണു പ്രതിപക്ഷം ഉയർത്തിയത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ബിജെപിയുടെ മറ്റൊരു ശ്രമമാണിതെന്നും ഇതു സ്വേച്ഛാധിപത്യത്തിനു തുല്യമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിക്കുകയുണ്ടായി. പാർലമെന്റ് ശീതകാലസമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ ശക്തമായ പ്രതിഷേധമുയർത്തി ഈ നീക്കം പിൻവലിപ്പിക്കാൻ സാധിച്ചതു പ്രതിപക്ഷ വിജയംതന്നെയാണ്.
രാജ്യത്തെ ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രവർത്തനം ആരോഗ്യകരമായ രീതിയിലാണോ എന്ന സംശയം പലരും ഉന്നയിക്കുന്ന കാലത്താണു പൗരജീവിതത്തിൽ സർക്കാർ ഒളിഞ്ഞുനോക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം സഞ്ചാർ സാഥിയിലൂടെ ഉയർന്നത്. ഈ ആപ് സംബന്ധിച്ച നിബന്ധന ഗത്യന്തരമില്ലാതെ കേന്ദ്ര സർക്കാർ പിൻവലിച്ചെങ്കിലും സമാനമായ നിരീക്ഷണതന്ത്രങ്ങൾ പിൻവാതിലിലൂടെ ഇനിയും കയറിവരുമോ എന്ന ആശങ്ക പരക്കെയുണ്ട്. പൗരാവകാശങ്ങൾ ഹനിക്കുന്ന ഏതു കാര്യവും അടിച്ചേൽപിക്കപ്പെടാതിരിക്കാൻ നിരന്തര ജനജാഗ്രത ആവശ്യമാണെന്നുകൂടി സഞ്ചാർ സാഥി ഓർമിപ്പിക്കുന്നു. English Summary:
Sanchar Saathi App Controversy: Sanchar Saathi app raised concerns about privacy and potential government surveillance. The app\“s mandatory installation was met with opposition due to fears of data misuse and infringement on fundamental rights. Continuous vigilance is crucial to prevent any erosion of civil liberties.