സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത വയോജനങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധി ആ സാഹചര്യത്തിലൂടെ കടന്നുപോകാത്തവർക്കു സങ്കൽപിക്കാൻ പോലുമാവില്ല. വയോജനങ്ങൾക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ല. എന്നാൽ, ഈ വലിയ ചുമതല എത്രത്തോളം നിറവേറ്റപ്പെടുന്നുണ്ട്? അരക്ഷിതരായ മുതിർന്ന പൗരർക്കുവേണ്ട പരിരക്ഷയും പരിഗണനയും നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉപേക്ഷയും ഉണ്ടായിക്കൂടാത്തതാണെങ്കിലും അതല്ല പലപ്പോഴും കണ്ടുപോരുന്നത്.
ജീവിതസായാഹ്നത്തിൽ പലരും അനുഭവിക്കുന്ന നിരാലംബതയും നിസ്സഹായതയും മനസ്സിലാക്കി അടിയന്തര ചികിത്സാസൗകര്യങ്ങളും സൗജന്യ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തേണ്ടത് ഏറ്റവും ജനകീയമായ ആവശ്യമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു സർക്കാർതന്നെയാണ്. എന്നാൽ, കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ വയവന്ദന പദ്ധതിക്ക് കേരളത്തിലുണ്ടായ അനിശ്ചിതത്വം അങ്ങനെയൊരു തിരിച്ചറിവില്ലായ്മയുടെ ഏറ്റവും നിർഭാഗ്യ ഉദാഹരണങ്ങളിലൊന്നായി നമുക്കു മുന്നിലുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രീമിയം തുക പങ്കിടുന്നതിൽ പരസ്പര ധാരണയിൽ എത്താത്തതാണ് പദ്ധതി വഴിമുട്ടാൻ കാരണം.
ബഹുഭൂരിപക്ഷം മുതിർന്ന പൗരർക്കും സജീവ വരുമാനമില്ലാത്തതിനാൽ തുടർച്ചയായ ചികിത്സച്ചെലവുകൾ വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെയാണ് സാമൂഹിക, സാമ്പത്തിക പരിഗണനകളൊന്നുമില്ലാതെ, 70 വയസ്സ് പൂർത്തിയാക്കിയ മുതിർന്ന പൗരർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കുന്ന വയവന്ദന പദ്ധതി ഈ കാലത്തിന്റെ ആവശ്യമായിത്തീരുന്നതും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽനിന്ന് ജനറൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി, ഓങ്കോളജി എന്നിങ്ങനെ 27 സ്‌പെഷ്യൽറ്റികളിലായി ഡയാലിസിസ്, ഇടുപ്പുമാറ്റ ശസ്ത്രക്രിയ, കാൽമുട്ടു ചികിത്സ, ആൻജിയോഗ്രാം തുടങ്ങി രണ്ടായിരത്തോളം ചികിത്സകളുടെ ചെലവുകൾ നിർവഹിക്കാൻ വയവന്ദന കാർഡ് ഉപയോഗപ്പെടുത്താം.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
ഈ പദ്ധതിയുടെ വാർഷിക പ്രീമിയത്തെച്ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന തർക്കം അതീവഗൗരവമുള്ളൊരു സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത്. പ്രീമിയം 3250 രൂപയായി നിശ്ചയിക്കണമെന്നാണു കേരളത്തിന്റെ നിലപാട്. ഇതിന്റെ 60% കേന്ദ്രം നൽകണം. എന്നാൽ, കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ (കാസ്പ്) പ്രീമിയം തുകയായ 1052 രൂപ നിരക്കിൽ വയവന്ദനയും നടപ്പാക്കണമെന്നാണു കേന്ദ്രം ആവശ്യപ്പെട്ടത്. നീണ്ട തർക്കം പദ്ധതിയെ ബാധിച്ച സാഹചര്യത്തിൽ, കാസ്പ് അംഗങ്ങൾക്കുള്ള സൗജന്യചികിത്സയിൽ മാത്രം കേന്ദ്രീകരിച്ചു മുന്നോട്ടുപോകാനാണു കേരളത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കേരളത്തിലെ ജനസംഖ്യയിൽ 2050 ആകുമ്പോഴേക്കും വയോജനങ്ങളുടെ സംഖ്യ ഒരു കോടിയോളമാകുമെന്നാണു നിഗമനം. സാമ്പത്തിക സൗകര്യങ്ങളുള്ള മുതിർന്ന പൗരർക്കു പോലും നിലവിലുള്ള ചികിത്സാ പരിരക്ഷകൾ ഫലപ്രദമാകുന്നില്ല. സംസ്ഥാനത്തെ വയോജനങ്ങളിൽ നാലിലൊന്നു പേരും കാര്യമായ വരുമാനമില്ലാത്തവരാണെന്നു മാത്രമല്ല, പകുതിയിലേറെപ്പേരും വാതം, രക്തസമ്മർദം, പ്രമേഹം, ആസ്മ, ഹൃദ്രോഗം തുടങ്ങി ജീവിതാന്ത്യം വരെ ചികിത്സ തേടേണ്ട ഒന്നിലധികം അസുഖങ്ങളുള്ളവരുമാണ്. സംസ്ഥാനത്ത് മുതിർന്ന പൗരരിൽ അഞ്ചിൽ നാലു പേർക്കും മെഡിക്കൽ ഇൻഷുറൻസ് പോളിസികളുടെ സേവനം ലഭിക്കുന്നില്ലെന്നതുകൂടി ഇതോടു ചേർത്തുവയ്ക്കാം. വയോജനങ്ങൾക്കു പ്രത്യേകമായി ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ പരിരക്ഷാ പോളിസികൾ നിലവിലുണ്ടെങ്കിലും പലതും ഉയർന്ന പ്രീമിയവും കർശന നിബന്ധനകളുമൊക്കെ ഉള്ളവയാണ്. പുതുതായി പോളിസിയിൽ ചേരാൻ 70 വയസ്സ് കഴിഞ്ഞവർക്കു മെഡിക്കൽ പരിശോധനകൾ നിർബന്ധവുമാണ്.
ഈ സാഹചര്യത്തിലാണ്, കാര്യമായ ഉപാധികളില്ലാത്ത ആയുഷ്മാൻ വയവന്ദന പോലൊരു പദ്ധതി നേരിടുന്ന അനിശ്ചിതത്വം കേരളത്തിന്റെയാകെ ആശങ്കയായിത്തീരുന്നത്. സാങ്കേതിക തടസ്സം പറഞ്ഞല്ല, മനുഷ്യത്വം കൊണ്ടാണ് ഇത്തരമൊരു സഹായപദ്ധതിയെ കാണേണ്ടതെന്ന കാര്യം ഇരുസർക്കാരുകളും മറന്നുപോകരുത്. ഈ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ മുതിർന്ന പൗരർക്കും ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുംപിടിത്തം ഉപേക്ഷിച്ചേതീരൂ. English Summary:
Vaya Vandana Scheme: Vaya Vandana Yojana is crucial for elderly care in Kerala, addressing the healthcare needs of senior citizens. This initiative aims to provide financial assistance for medical treatments, ensuring they receive the necessary care without burden. The collaboration between central and state governments is essential to implement and sustain this scheme effectively. |
|