cy520520 • 2026-2-12 11:15:58 • views 1235
കൊരട്ടി ∙ പ്രാദേശിക എതിർപ്പുകളെ വക വയ്ക്കാതെ ജംക്‌ഷനിൽ ദേശീയപാത കുഴിച്ചു മേൽപാലം നിർമാണത്തിനു നീക്കം തുടങ്ങിയതു പ്രതിഷേധത്തിനു വഴിയൊരുക്കി. വാഹനങ്ങൾ വഴിതിരിച്ചു വിടാനായി സർവീസ് റോഡുകളുടെ ടാറിങ് പൂർത്തിയാക്കിയെങ്കിലും എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള പാതയിൽ, പൊലീസ് സ്റ്റേഷന് എതിർവശത്തായി ടാറിങ് നടത്തിയ സർവീസ് റോഡിലെ വൈദ്യുത പോസ്റ്റുകൾ പോലും ഇനിയും മാറ്റിയിട്ടില്ല. ഈ തടസ്സങ്ങൾ പോലും നീക്കാതെ ഗതാഗതക്രമീകരണത്തിനു നടത്തുന്ന തിരക്കിട്ട നീക്കങ്ങൾ ജനം ചോദ്യം ചെയ്തു.
ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പ്രോജക്ട് എൻജിനീയർ എ.അമൽ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരാണ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയത്. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ വ്യാപാരികളും നാട്ടുകാരും മതിയായ ഗതാഗതക്രമീകരണം ഏർപ്പെടുത്താതെ ദേശീയപാതയുടെ പ്രധാന ഭാഗം അടച്ചു കെട്ടുന്നതും കുഴിക്കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതു കൂട്ടാക്കാതെ എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ സിഗ്നൽ ജംക്‌ഷനിൽ ദേശീയപാതയുടെ പ്രധാന ഭാഗം ട്രാഫിക് കോണുകൾ വച്ചു തിരിച്ചു വാഹനങ്ങളെ സർവീസ് റോഡിലൂടെ വഴി തിരിച്ചു വിടുകയായിരുന്നു. കൊരട്ടി ദേശീയപാതയിൽ മേൽപാല നിർമാണത്തിനായി മാർക്കിങ് ജോലികൾ നടത്തി. മാർക്കിങ്ങിനു ശേഷം പ്രധാന പാത തുറന്നു കൊടുത്തു.
ഗതാഗത നിയന്ത്രണം ഉൾപ്പെടെ നടപടികൾ സംബന്ധിച്ചു ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ വിലയിരുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവൈഎസ്പിയുമായി ചർച്ച നടത്തിയ ശേഷമാണു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇന്നലെയും മുരിങ്ങൂർ മുതൽ പൊങ്ങം വരെ ഭാഗത്തു വലിയ ഗതാഗതക്കുരുക്കുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടി നിരത്തിലെത്തിയതോടെ തിരക്കു മുറുകി. ഇതിനിടെ തീർഥാടകരുടെ വാഹനങ്ങളിൽ ചിലതു പാതയോരത്തു നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാനാകാത്ത വിധമായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണു പൊലീസ് സ്ഥിതി ശാന്തമാക്കിയത്. സന്ധ്യയായതോടെ വീണ്ടും ദേശീയപാത കുരുക്കിന്റെ പിടിയിലായി. |
|