തിരുവനന്തപുരം∙ ജോലി സമ്മർദത്താൽ കണ്ണൂരിൽ അനീഷ് ജോർജ് ജീവനൊടുക്കിയതിനു പിന്നാലെ സംസ്ഥാന വ്യാപകമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും എസ്ഐആർ നടപടിക്രമങ്ങളിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഎൽഒമാർ വോട്ടർമാരുടെ വീടുകളിലെത്തിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെവാങ്ങാൻ പ്രാദേശികതലത്തിൽ കലക്‌ഷൻ കേന്ദ്രങ്ങൾ ഒരുക്കാനുള്ള നിർദേശം വന്നെങ്കിലും നടപ്പായില്ല. നിലവിൽ ഇതു തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്.
Also Read എന്യൂമറേഷൻ ഫോം: രോഷം, നിസ്സഹായത; കുരുങ്ങി ബിഎൽഒമാർ
കൂടുതൽ ബിഎൽഒമാരെ ഫോം വിതരണം ചെയ്യാൻ ചുമതലപ്പെടുത്തണമെന്നും അധിക സമയം അനുവദിക്കണമെന്നുമാണു പ്രധാന ആവശ്യം. സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്നലെ ബിഎൽഒമാർ വിവിധ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജോലിക്കിറങ്ങിയ ബിഎൽഒമാർ കറുത്ത ബാഡ്ജ് ധരിച്ചു. അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള സമ്മർദം കുറഞ്ഞിട്ടുണ്ട്. എന്നാൽ, എസ്ഐആർ വേഗത്തിലാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദം സംസ്ഥാനത്തിനുമേലുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ എസ്ഐആറിന്റെ പുരോഗതി സംബന്ധിച്ച കണക്കുകൾ അറിയിച്ചു കൊണ്ടാണ് കമ്മിഷൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർമാരെ സമ്മർദത്തിലാക്കുന്നത്. ഈ സമ്മർദം കലക്ടർമാരിലേക്കും അവർ താഴെത്തട്ടിലെ ഉദ്യോഗസ്ഥരിലേക്കും കൈമാറുകയാണ്. ഒടുവിൽ, ഈ ഭാരം ബിഎൽഒമാരുടെ തലയിലെത്തുന്നു. ഫോം വിതരണം മുതൽ അതു പൂരിപ്പിച്ചുവാങ്ങി അപ്‌ലോഡ് ചെയ്യുന്നതു വരെയുള്ള പ്രക്രിയകളിൽ ഏറെ തടസ്സങ്ങളാണു നേരിടേണ്ടി വരുന്നതെന്ന് ബിഎൽഒമാർ പറയുന്നു. പണിമുടക്ക് അടക്കമുള്ള മാർഗങ്ങളിലേക്കു കടക്കാനാണ് അവരുടെ നീക്കം. വിവിധ സർവീസ് സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്.
Also Read ബിഎൽഒ ജോലി ഫോം വിതരണത്തിൽ ഒതുങ്ങുന്നില്ല; അധികസമ്മർദത്തിന് ഡേറ്റ എൻട്രിയും
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
ഫോമുകൾ വിതരണം ചെയ്യുന്നതിൽ പിന്നിലുള്ള ബിഎൽഒമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കവും ഇതു കാരണം ഉപേക്ഷിച്ചു. ഇന്നലെ വരെ 95.89% എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തെന്നാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വൈകിട്ടോടെ പുറത്തുവിട്ട കണക്ക്. എന്നാൽ, മിക്ക ബിഎൽഒമാരും 70 ശതമാനത്തിലേറെ ഫോമുകൾ വിതരണം ചെയ്തിട്ടില്ല. വിതരണം ചെയ്യാതെ തന്നെ വിതരണം ചെയ്തതായി കണക്ക് അപ്‌ലോഡ് ചെയ്യാൻ മുകളിൽ നിന്നു നിർദേശം വന്നിരുന്നെന്നു ചില ബിഎൽഒമാർ പറഞ്ഞു. English Summary:
BLO Protest Escalates: BLO protest in Kerala is intensifying due to work pressure and lack of support from the Election Commission. The distribution and collection of enumeration forms are facing significant challenges, leading to widespread discontent among Booth Level Officers.