തുറവൂർ ∙ ദേശീയപാത 66ൽ അരൂർ ഭാഗത്തെ അപകടങ്ങൾക്കും ദാരുണ മരണങ്ങൾക്കും അവസാനമാകുന്നില്ല. അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനു മുൻപു സംസ്ഥാനത്തു തന്നെ കൂടുതൽ വാഹനാപകടം സംഭവിക്കുന്ന ബ്ലാക് സ്പോട്ടുകളിൽ ഒന്നായിരുന്നു അരൂർ മുതൽ എരമല്ലൂർ വരെയുള്ള 4 കിലോമീറ്റർ ദൂരം. ഓരോ വർഷവും നൂറിലേറെ അപകടങ്ങളും ഒട്ടേറെ അപകട മരണങ്ങളും ഈ ഭാഗത്തു സംഭവിക്കാറുണ്ടായിരുന്നു. ഇതിന് അറുതിവരുമെന്നു കരുതിയ ഉയരപ്പാത നിർമാണം തുടങ്ങിയിട്ടും അപകടങ്ങൾ കുറഞ്ഞില്ല.
സുരക്ഷാക്രമീകരണങ്ങളുടെ പാളിച്ചകളാണു മിക്കപ്പോഴും അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായിട്ടുള്ളതെന്നു പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 13നു പുലർച്ചെ ഉയരപ്പാതയിൽ ഗർഡർ സ്ഥാപിക്കുമ്പോൾ ജാക്കി തകരാർ സംഭവിച്ചു ഗർഡറുകൾ നിലത്തുവീണു പിക്കപ് വാൻ ഡ്രൈവർ പള്ളിപ്പാട് സ്വദേശി രാജേഷ് കുമാറിന് (47) ദാരുണാന്ത്യം ഉണ്ടായതാണ് അവസാന സംഭവം. ഇതിൽ കേസെടുത്ത പൊലീസ് കരാർ കമ്പനി സുപ്പർവൈസറെയടക്കം പ്രതികളാക്കാനുള്ള നീക്കത്തിലാണ്.
2023ലാണ് അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ ഉയരപ്പാത നിർമാണം ആരംഭിച്ചത്. 2023ൽ 162 അപകടങ്ങളാണ് അരൂർ മുതൽ എരമല്ലൂർ വരെ അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവിച്ചത്. ഇവയിൽ 14 പേർ മരിച്ചു. 2024ൽ 123 അപകടങ്ങളിൽ 12 ജീവൻ പൊലിഞ്ഞു. 2025ൽ ഇതുവരെ 108 അപകടവും 13 മരണവുമാണ് ദേശീയപാതയിൽ ഉണ്ടായത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചിലേറെ പേർ വാഹനാപകടത്തിൽ മരിച്ചു. ഉയരപ്പാത പണികൾ കാരണം വാഹനങ്ങൾ വഴിതിരിച്ചുവിടലും വേഗനിയന്ത്രണവുമൊക്കെ ഉള്ളപ്പോൾ അപകടങ്ങൾ കുറയേണ്ടതാണ്. എന്നിട്ടും ഇത്രയും അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നതു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിനാൽ ആണെന്നാണു നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ വർഷം കോടംതുരുത്തിൽ ഗർഡർ സ്ഥാപിക്കുമ്പോൾ ക്രെയിൻ ഓപ്പറേറ്ററുടെ അശ്രദ്ധ കാരണം അതിഥിത്തൊഴിലാളി മേൽപാലത്തിനു മുകളിൽ ഞെരിഞ്ഞു മരിച്ചിരുന്നു. കലിപൂണ്ട തൊഴിലാളികൾ ക്രെയിനിന്റെ ചില്ലുകൾ തല്ലിത്തകർത്തു പ്രതിഷേധിച്ചിരുന്നു. ഏതാനും ദിവസം മുൻപു ചന്തിരൂരിൽ ഉയരപ്പാതയിലെ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാംപിൽ വെള്ളം കൊണ്ടുവന്ന ടാങ്കർ ലോറിയിൽ നിന്നു ഷോക്കേറ്റ് 19 വയസ്സുകാരൻ മരിച്ച സംഭവവുമുണ്ടായി. ഇനിയെങ്കിലും അപകടങ്ങളും മരണങ്ങളും ഇല്ലാതാകുമോയെന്നാണു നാട്ടുകാർ ചോദിക്കുന്നത്.
English Summary:
Aroor accidents continue to plague National Highway 66 despite the ongoing flyover construction. Safety lapses are primarily blamed for the accidents and fatalities. The construction of the Aroor-Thuravoor flyover, intended to reduce accidents, has not yet yielded the desired results, highlighting the need for improved safety measures. |
|