deltin33 • The day before yesterday 11:14 • views 857
വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം തടഞ്ഞിട്ടു. വാഹനത്തിൽ ഫാസ്ടാഗിൽ മിനിമം ബാലൻസ് വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പന്നിയങ്കര ചുവട്ടുപാടം സ്വദേശി സുനിൽ ചുവട്ടുപാടത്തിന്റെ കാർ ടോൾ പ്ലാസയിൽ തടഞ്ഞത്. വാഹനത്തിൽ ഫാസ്ടാഗ് ഉണ്ടായിരുന്നെങ്കിലും പണം ഇല്ലായിരുന്നു. ടോളിന് സമീപമാണ് താമസിക്കുന്നതെന്നും സൗജന്യയാത്ര അനുവദിച്ച വാഹനമാണെന്നും സുനിൽ പറഞ്ഞെങ്കിലും വാഹനം കടന്നു പോകാൻ അനുവദിച്ചില്ല.
സുനിയും ഭാര്യയും കുഞ്ഞുമാണ് വാഹനത്തിലുണ്ടായിരുന്നത്. ടോൾ നൽകാനാവില്ലെന്നും പ്രദേശത്തുകാരുടെ അവകാശമാണ് സൗജന്യ യാത്രയെന്നും അറിയിച്ച് സുനിൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹൈവേ പൊലീസ് എത്തി ടോൾ അധികൃതരോട് സംസാരിച്ചു. തുടർന്ന് വാഹനം കടത്തി വിടുകയായിരുന്നു. ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെതിരെ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടർക്കും പൊലീസിലും പരാതി നൽകുമെന്ന് സുനിൽ പറഞ്ഞു. ടോൾ പ്ലാസ വഴി കടന്നു പോകുന്ന സൗജന്യ യാത്ര അനുവദിച്ച വാഹനങ്ങളുടെ ഫാസ്ടാഗിൽ നിന്ന് പണം പോകുന്നതായി യാത്രക്കാർ പറഞ്ഞു.
സ്കൂൾ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോകൾക്കും സൗജന്യം നിഷേധിച്ചു
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോകൾക്കും സൗജന്യം നൽകാമെന്ന് 2025 ഏപ്രിൽ 9ന് വടക്കഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതാണ്. കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ജില്ലാ കലക്ടർ, എഡിഎം എന്നിവരുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം ടോൾ കമ്പനി അട്ടിമറിച്ചു.
9.4 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന തീരുമാനം ഏഴര കിലോമീറ്ററായി കുറച്ചു. ഈ പരിധിയിൽ ഉള്ളവർക്കു പോലും സൗജന്യം നൽകുന്നില്ല. ആദ്യം അപേക്ഷ നൽകിയവർക്ക് മാത്രമാണ് സൗജന്യം നൽകുന്നത്. മറ്റുള്ളവരുടെ അപേക്ഷ സ്വീകരിക്കുന്നില്ല. സ്കൂൾ വാഹനങ്ങൾക്ക് സൗജന്യം നൽകാമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഉറപ്പും പാലിക്കുന്നില്ല. സ്കൂൾ വാഹനങ്ങൾ അനധികൃതമായി ടോൾ വഴി കടന്നുപോയി എന്നാരോപിച്ച് വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്.
ഓട്ടോകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി നാല് ചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന തീരുമാനവും നടപ്പിലാക്കിയില്ല. 3 ദിവസം മാത്രമാണ് സൗജന്യം അനുവദിച്ചത്. പിന്നീട് ടോൾ നൽകാതെ നാലുചക്ര ഓട്ടോറിക്ഷകൾ കടത്തിവിടാതായി. തീരുമാനം അട്ടിമറിച്ചതിനെതിരെ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ദേശീയപാത അതോറിറ്റി, എംപി, എംഎൽഎ, ജില്ലാ കലക്ടർ, എഡിഎം, ജനപ്രതിനിധികൾ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നുമായില്ല. English Summary:
Panniyankara Toll Plaza faces dispute over denial of toll exemption for local residents. This has led to complaints and protests, highlighting issues with Fastag usage and unfulfilled promises regarding free passage for certain vehicles and local residents within a specific radius. The situation has resulted in intervention from authorities and ongoing grievances from affected parties. |
|