കോട്ടയം ∙ ആത്മഹത്യാ മുനമ്പിൽ നിന്നു ദമ്പതികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി പൊലീസ് സംഘം. സമയോചിതമായ ഇടപെടലിലൂടെ ഗാന്ധിനഗർ പൊലീസാണ് രക്ഷകരായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്റ്റേഷനിലെ എസ്ഐ ടി. സിബിയും സഹപ്രവർത്തകരും രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഓഫിസിലെ ടെലിഫോൺ ബെല്ലടിച്ചു. സ്റ്റേഷൻ ചുമതലയുള്ള സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് രാജ് ഫോൺ എടുത്തു. മുതിർന്ന ഒരു സ്ത്രീയാണ് മറുവശത്ത്. പരിഭ്രമത്തോടെയും പേടിയോടെയുമാണ് അവർ സംസാരിച്ചത്. സ്ത്രീയുടെ മകനും ഭാര്യയും വീട്ടിൽ നിന്നു പുറത്തേക്ക് പോയെന്നും സാമ്പത്തിക തകർച്ചയിൽ മനംനൊന്ത അവർ ജീവനൊടുക്കാൻ സാധ്യത ഉണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു ഫോൺ സംഭാഷണത്തിന്റെ ചുരുക്ക വിവരം.
പ്രതീഷ്, ഉടൻ തന്നെ ഫോൺ നമ്പരും വിവരവും എസ്ഐയ്ക്ക് കൈമാറി. ഇവർ ഭക്ഷണം കഴിക്കുന്നത് നിർത്തി സംഭവം അന്വേഷിക്കാൻ ജീപ്പിൽ പുറപ്പെട്ടു. തിരച്ചിലിൽ സ്ത്രീയുടെ മകനെയും ഭാര്യയെയും നീലിമംഗലം റെയിൽവേ പാളത്തിനു സമീപം കണ്ടെത്തി. ഇവരുമായി സംസാരിച്ച് സമാധാനിപ്പിച്ച് വീട്ടിൽ കൊണ്ടു ചെന്നാക്കി. വിദേശത്ത് ജോലി ഉണ്ടായിരുന്ന ദമ്പതികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അവിടെയുള്ള വീടും കാറും മറ്റു വസ്‌തുക്കളും വിറ്റശേഷം നാട്ടിലെ വീട്ടിലേക്ക് തിരിച്ചെത്തിയതാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്ര സഹകരണം പൊലീസിൽ നിന്ന് ഉണ്ടാകുമെന്ന ഉറപ്പ് കിട്ടിയതോടെ ദമ്പതികൾക്ക് ധൈര്യമായി. ഗാന്ധിനഗർ പൊലീസിനെ അഭിനന്ദിച്ച് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് എഴുതിയതോടെ വിവിധ മേഖലകളിൽ നിന്നു പൊലീസിനു അഭിനന്ദന പ്രവാഹമാണ്.
English Summary:
Police rescue is the focus of this article. A couple contemplating suicide due to financial difficulties was saved by the timely intervention of the Gandhi Nagar police. The police offered support and assured them that solutions could be found, preventing a tragic outcome. |
|