പാലോട് / വെള്ളറട∙ പുനരുദ്ധാരണം നടക്കുന്ന റോഡുകളുടെ മധ്യത്തിൽ കുലുക്കമില്ലാതെ വൈദ്യുതി പോസ്റ്റുകൾ! നന്ദിയോട് – ചെല്ലഞ്ചി – മുതുവിള റോഡിലും കാരക്കോണം–അമരവിള റോഡിലുമാണ് പോസ്റ്റുകൾ അനക്കാതെ റോഡ് ടാറിങ് ഉൾപ്പെടെ നടത്തിയത്. എന്നാൽ ചെല്ലഞ്ചി – മുതുവിള റോഡിലെ പോസ്റ്റിന്റെ ചിത്രം മനോരമയുടെ ഫൊട്ടോഗ്രഫർ ഉച്ചയ്ക്കെത്തി പകർത്തിയതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷവുമായി! ഏറെ അപകടകരമായാണ് നന്ദിയോട് – ചെല്ലഞ്ചി – മുതുവിള റോഡിൽ ടാറിങ് നടത്തുന്നത്. അമരവിള– കാരക്കോണം റോഡിൽ ഇലക്ട്രിക് പോസ്റ്റ് റോഡിനു നടവിൽ. അപകട മുന്നറിയിപ്പായി ടാർ വീപ്പകൾ പോസ്റ്റിൽ കെട്ടിവച്ചിരിക്കുന്നതു കാണാം. റോഡിനു വീതി കൂട്ടിയപ്പോൾ മാറ്റാത്ത ഒട്ടേറെ പോസ്റ്റുകളാണ് ഇവിടെയുള്ളത്. ചിത്രം: മനോരമ
സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ല. റോഡ് പണിക്കായി കല്ലറ പഞ്ചായത്തിലെ പരപ്പിൽ റോഡിൽ ചെല്ലഞ്ചി പാലത്തിനു സമീപം നാട്ടുകാർ സ്ഥലം വിട്ടുകൊടുത്തു വീതി കൂട്ടിയ സ്ഥലത്ത് ഒരു വശം വലിയ കുഴിയാണ്. ഇവിടെ 120 മീറ്റർ പ്രദേശം കരിങ്കല്ല് കെട്ടി സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും അത് ചെയ്യാതെയാണ് പണി നടക്കുന്നത്. ഈ കുഴിയുടെ ഭാഗത്ത് ഒട്ടേറെ വീടുകൾ ഉണ്ട്. അവിടെ പോലും സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല. വാഹനങ്ങൾ കുഴിയിൽ പതിക്കാൻ ഏറെ സാധ്യതയുണ്ട്. നന്ദിയോട് പഞ്ചായത്തിലെ കടുവപ്പാറ മേഖല മറ്റൊരു ദുരന്തമുഖമാണ്.
വാമനപുരം നദിക്കര ഉൾപ്പെടുന്ന വളവിൽ ഒരു സുരക്ഷയും ഇല്ല. ഒരു കിലോമീറ്ററിന് ഒരു കോടി ചെലവിട്ടു ചെയ്യുന്ന റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രദേശത്തു പോലും ഓടയില്ലാതെയാണ് പണിയുന്നത്. മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം ഇറങ്ങുമെന്ന പരാതി വ്യാപകമായിട്ടുണ്ട്. പൊൻമുടി– വർക്കല ടൂറിസം പാതയായി വികസിക്കേണ്ട റോഡാണിത്.വൈദ്യുതി ബോർഡിൽ അടയ്ക്കാനുള്ള തുക കേരള റോഡ് ഫണ്ട് ബോർഡിലെ ചില ഉദ്യോഗസ്ഥർ തട്ടിയെടുത്തതുകൊണ്ടാണ് കാരക്കോണം–അമരവിള റോഡിൽ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കാതെ വന്നിരിക്കുന്നത്.
ഇവർക്കെതിരെയുള്ള വിജിലൻസ് നടപടികൾ തുടരുകയാണ്. 1.98കോടി രൂപയായിരുന്നു വൈദ്യുതി ബോർഡിന് അടയ്ക്കേണ്ടിയിരുന്നത്. ഇത് ഉൾപ്പെടെ വൻതുക ജീവനക്കാർ തട്ടിയെടുത്തിരുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ 1.42 കോടിയെങ്കിലും അടയ്ക്കണമെന്നാണ് നിർദേശം. പണം ഒടുക്കിയാൽ മാത്രമേ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയുള്ളൂവെന്ന് ബോർഡ് അധികൃതർ പറയുന്നു.നാട്ടുകാർ പലവട്ടം നിവേദനങ്ങൾ നൽകുകയും രാഷ്ട്രീയപാർട്ടികൾ സമരങ്ങൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരമുണ്ടാകുന്നില്ല.
റോഡ് നിർമാണം ആരംഭിച്ചശേഷം 2 പേർ അപകടങ്ങളിൽ മരിച്ചു. ടാറിങ്ങിനുള്ളിൽ നിൽക്കുന്ന പോസ്റ്റുകൾ കൂടുതൽ ജീവൻ അപഹരിക്കാൻ സാധ്യതയുണ്ടെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.വൈദ്യുതി ബോർഡിൽ അടയ്ക്കേണ്ട തുക കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉടൻ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുമെന്നും സി.കെ.ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു. English Summary:
Road construction negligence poses significant public safety risks. Ongoing road work is creating dangerous situations due to unremoved electric poles and lack of safety measures, leading to accidents and fatalities. Immediate action is needed to address these concerns and ensure the safety of commuters and residents. |
|