ന്യൂഡൽഹി ∙ കേരള ഹൗസിലെത്തുന്ന സന്ദർശകർ ഇനി ശുചിമുറി തേടി അലയേണ്ട, പുതിയ ശുചിമുറി കോംപ്ലക്സ് ഉടൻ പണിയും. കേരള സർക്കാരിന്റെ ഡൽഹിയിലെ എംബസി എന്ന നിലയിൽ പ്രവർത്തിക്കുന്ന കേരള ഹൗസിൽ ശുചിമുറിയില്ലാത്തത് ഏറെ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ഇടയായതിനു പിന്നാലെയാണു പുതിയ ശുചിമുറി കോംപ്ലക്സ് പണിയാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചത്. കേരള ഹൗസിലെ അഡിഷനൽ ബ്ലോക്കിനു ബലക്ഷയമുണ്ടെന്നു റിപ്പോർട്ട് വന്നതോടെ കെട്ടിടത്തിനു സമീപത്തെ ശുചിമുറി അടച്ചുപൂട്ടിയതു സമൃദ്ധി കന്റീനിൽ ഭക്ഷണം കഴിക്കാനെത്തുന്ന മലയാളികളെ അടക്കം ദുരിതത്തിലാക്കിയിരുന്നു. ശുചിമുറി പൂട്ടിയതിനു പിന്നാലെ സന്ദർശകരുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ‘മലയാള മനോരമ’ പലതവണ വാർത്തകൾ നൽകിയിരുന്നു. മനോരമ വാർത്തയിലെ വസ്തുതകൾ ചൂണ്ടിക്കാട്ടി സർവീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അവയ്ക്കു പിന്നാലെയാണു നടപടി.
ശുചിമുറിക്ക് പകരം ശുചിമുറികൾ!
സ്ത്രീകൾക്കും പുരുഷന്മാർക്കും ഓരോ ശുചിമുറികളായിരുന്നു കേരള ഹൗസ് അഡിഷനൽ ബ്ലോക്കിനു സമീപമുണ്ടായിരുന്നത്. പ്രധാന ബ്ലോക്കിൽ ശുചിമുറികളുണ്ടെങ്കിലും കന്റീനിലെത്തുന്നവർക്ക് അവ ഉപയോഗിക്കാൻ അനുവാദമില്ല. എന്നാൽ 5 ശുചിമുറികള്‍ അടങ്ങുന്ന കോംപ്ലക്സാണു പുതുതായി കേരള ഹൗസ് പരിസരത്ത് പണിയുക. ഒരു ഭിന്നശേഷി സൗഹൃദ ശുചിമുറിയും പണിയും. റാംപ്, പിടിക്കാൻ പ്രത്യേക ഹാൻഡ് റെയ്‌ലുകൾ, വീൽ ചെയർ ആക്സസബിലിറ്റി എന്നിവയാണു പ്രത്യേകതകൾ. കേരള ഹൗസിന്റെ പിറകുവശത്തെ ഗേറ്റിനോട് ചേർന്നാണ് പുതിയ ശുചിമുറികൾ പണിയുക. അതിനാവശ്യമായ തുക വകയിരുത്തി കഴിഞ്ഞദിവസം ഉത്തരവിറങ്ങി. ടെൻഡർ വിളിച്ച് ടാറ്റ കൺസ്ട്രക്‌ഷൻ കമ്പനിക്ക് ഉപകരാർ നൽകിയതായും അധികൃതർ അറിയിച്ചു.
അഡിഷനൽ ബ്ലോക്ക് അറ്റകുറ്റപ്പണിക്ക് 75.5 ലക്ഷം
കേരള ഹൗസിലെ അഡിഷനൽ ബ്ലോക്കിന്റെ ബലക്ഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ 75.5 ലക്ഷം രൂപ അനുവദിച്ചു. ഡൽഹിയിൽ കഴിഞ്ഞ ജൂലൈയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിനു വിള്ളൽ വീണതായാണു കേരള ഹൗസ് അധികൃതർ പറയുന്നത്. ഏതു നിമിഷവും 4 നില കെട്ടിടം തകർന്നുവീഴാമെന്നും കെട്ടിടത്തിലെ മുറികളും ഓഫിസുകളും ഒഴിപ്പിക്കണമെന്നും അറിയിച്ച് കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) റിപ്പോർട്ട് നൽകിയിരുന്നു.
ടെറസിൽ പണ്ട് സ്ഥാപിച്ച സെൻട്രലൈസ്ഡ് എസിയുടെ കൂളിങ് ടാങ്കറുകളിൽനിന്ന് വെള്ളം ചോർന്നാണു കോൺക്രീറ്റിന് ബലക്ഷയമുണ്ടായതെന്നാണു പരിശോധന നടത്തിയ കെഎച്ച്ആർഐ സംഘം സ്ഥീരീകരിച്ചത്. പിന്നീട് ഭൂചലമുണ്ടായതോടെ ഭിത്തിയിലും സീലിങ്ങിലും വിള്ളലുകൾ വീണു. മുകൾനിലയിലെ ഭിത്തിയിൽനിന്നു സിമന്റ് പാളികൾ അടർന്നുവീണിട്ടുണ്ട്. എന്നാൽ മൂന്നാം നിലയിലെ 4 മുറികൾ അടച്ചുപൂട്ടുക മാത്രമാണ് അധികൃതർ ചെയ്തത്. അതിനെതിരെ ‘മലയാള മനോരമ’ വാർത്ത നൽകിയതിനെ തുടർന്ന് ഉടൻ അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ട് ആവശ്യപ്പെട്ട് റസിഡന്റ് കമ്മിഷണർ സർക്കാരിനു കത്തുനൽകി. അതുപ്രകാരമാണ് തുക അനുവദിച്ചത്. പിഡബ്ല്യുഡിക്കാണു നിർമാണച്ചുമതല. English Summary:
Kerala House in Delhi is set to construct a new toilet complex to address visitor concerns. This upgrade includes multiple toilets, including an accessibility-friendly option, following reports of inconvenience and structural repairs to the additional block. |
|