തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തന്നെയാണ് ഇന്നത്തെ പ്രധാന വാർത്ത. 70 ശതമാനത്തിലേറെയാണ് ഒന്നാംഘട്ടത്തിലെ വോട്ടെടുപ്പ്. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല. രണ്ടാംഘട്ടത്തിലെ കലാശക്കൊട്ടും ഇന്നായിരുന്നു. സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടുവന്ന കെ റെയിലിൽ പ്രതീക്ഷയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് മറ്റൊരു പ്രധാന വാർത്ത. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പ്രസ്താവനയിൽ നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ‘യുടേൺ’ എടുത്തതും ശ്രദ്ധേയമായി. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ തിരഞ്ഞെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ പുറത്തുവിട്ടത് വിവാദമായിരുന്നു. വിമാനയാത്രികരുടെ സുരക്ഷയിൽ ഒത്തുതീർപ്പില്ലെന്ന വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിന്റെ പ്രസ്താവനയും വാർത്താപ്രാധാന്യം നേടി. എസ്ഐആർ ജോലി ചെയ്യുന്ന ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഇന്നാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിൽ ഏറെക്കുറേ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം വഞ്ചിയൂരും എറണാകുളം കിഴക്കമ്പലത്തും നേരിയ സംഘർഷമുണ്ടായി. ചിലയിടങ്ങളിൽ വോട്ടിങ് മെഷീനുകൾ പണിമുടക്കി. വൈകീട്ട് 6 മണിവരെയായിരുന്നു പോളിങ് സമയം. 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്. അന്തിമ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടും. എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഡിസംബർ 11ന് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ കലാശക്കൊട്ട് ആവേശകരമാക്കി.
കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നാണു തോന്നുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞത്. അതിനർഥം പദ്ധതി ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴി നോക്കേണ്ടി വരുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് സഹായകമായ പദ്ധതിയായിരുന്നു കെ റെയിൽ. പക്ഷേ റെയിൽ പദ്ധതികൾ നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു തെറ്റിദ്ധാരണയുണ്ടായിരുന്നില്ല. അനുമതി വേഗം ലഭിക്കും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഷ്ട്രീയ നിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ ദിലീപിനെ പിന്തുണച്ചു നടത്തിയ പരാമർശമാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പിന്നീട് തിരുത്തിയത്. അനാവശ്യ വിവാദം വേണ്ടെന്നു കെപിസിസി നിര്‍ദേശിച്ചതിനാലാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന. എന്നാൽ, തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ച അടൂർ പ്രകാശ്, താൻ പറഞ്ഞതിന്റെ ഒരു വശം മാത്രമാണു മാധ്യമങ്ങൾ നൽകിയതെന്നും താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവേയാണ് പ്രീ പോൾ സർവേ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട് ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ പുലിവാലു പിടിച്ചത്. രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപറേഷനിലെ ലീഡ് നില സംബന്ധിച്ച പ്രീ പോൾ സർവേ ശ്രീലേഖ പുറത്തുവിട്ടത്. കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതിക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ സൈബർ പൊലീസിനെ സമീപിക്കുകയും പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു ലോക്സഭയിൽ പറഞ്ഞത്. സർക്കാർ കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഡിഗോയുടെ നിലപാട് കാരണം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്ന അവസ്ഥയുമുണ്ടായി. നിലവിൽ ഇൻഡിഗോയുടെ സർവീസുകൾ സാധാരണനിലയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്. ഇക്കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധ പതിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ബംഗാൾ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിഎല്‍ഒമാര്‍ ഭീഷണി നേരിടുന്നു എന്ന ആരോപണത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. എസ്‌ഐആര്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കാതിരിക്കുക, ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണം. വിഷയത്തില്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കാന്‍ സുപ്രീം കോടതി തയാറാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. English Summary:
Today\“s Recap 09/12/2025 |