കേരളത്തില്‍ പഞ്ചായത്ത് രാജ് - നഗരപാലികാ നിയമം 1994 ല്‍ നിലവില്‍ വന്ന ശേഷമാണ് 1995 മുതൽ 5 വര്‍ഷത്തെ ഇടവേളയില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നുവരുന്നത്. എന്നാൽ അതിനു മുൻപ് തിരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ളത് കൃത്യമായ ഇടവേളകളിലല്ല; ഒരുമിച്ചുമല്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത സമയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. മുനിസിപ്പാലിറ്റി – കോർപറേഷൻ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ഒരുമിച്ചായിരുന്നില്ല. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പുകൾ പോലും വ്യത്യസ്ത സമയങ്ങളിലാണ് നടന്നിരുന്നത്.
- Also Read പാലാ നഗരസഭയ്ക്ക് 76 വയസ്; മട്ടന്നൂർ പോലെ പാലായിലും വേറിട്ട തിരഞ്ഞെടുപ്പ്
∙ തിരുവനന്തപുരം കോർപറേഷൻ
തിരുവനന്തപുരം കോർപറേഷനിലെ 16–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് 2025 ഡിസംബർ 9–ന് നടക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ തിരുവിതാംകൂറിലെ 5 പട്ടണങ്ങളിൽ \“ടൗൺ ഇംപ്രൂവ്മെൻറ് കമ്മറ്റി\“ (പട്ടണ പരിഷ്കരണ കമ്മറ്റി) രൂപീകരിച്ചത് 1894ലാണ്. തിരുവനന്തപുരം ഉൾപ്പെടെ 19 പട്ടണങ്ങൾ 1920 ഓഗസ്റ്റ് 16നാണ് മുനിസിപ്പാലിറ്റിയായത്. 1940 ഒക്ടോബർ 30ന് തിരുവനന്തപുരം മുനിസിപ്പാലിറ്റിയെ കോർപറേഷൻ ആയി ഉയർത്തി.
- Also Read വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ...
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
തിരുവനന്തപുരം കോർപറേഷനിൽ 1942 ഓഗസ്റ്റ് 22 – സെപ്റ്റംബർ 9 തീയതികളിൽ ആദ്യ തിരഞ്ഞെടുപ്പു നടന്നു. അന്ന് 24 ഡിവിഷനുകളും അത്രയും സീറ്റുകളുമാണുണ്ടായിരുന്നത്. 1948 ഫെബ്രുവരി 25 – മാർച്ച് 24, 1953 ജനുവരി 19, 1956 മാർച്ച് 3, 1960 ഒക്ടോബർ 18, 1964 ജൂൺ 26, 1970 ഒക്ടോബർ 23, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23 തീയതികളിലും തിരഞ്ഞെടുപ്പു നടന്നു. പഞ്ചായത്ത് രാജ് – നഗരപാലികാ നിയമം നടപ്പാക്കിയതിനുശേഷം 1995 സെപ്റ്റംബർ 23, 2000 സെപ്റ്റംബർ 27, 2005 സെപ്റ്റംബർ 24, 2010 ഒക്ടോബർ 23, 2015 നവംബർ 2, 2020 ഡിസംബർ 8 തീയതികളിലും തിരഞ്ഞെടുപ്പ് നടന്നു.
∙ കോഴിക്കോട് കോർപറേഷൻ
കോഴിക്കോട് കോർപറേഷനിലെ 12–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് 2025 ഡിസംബർ 11–ന് നടക്കുന്നത്. കോർപറേഷൻ ആയി ഉയർത്തപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. മുനിസിപ്പാലിറ്റിയും സമീപഗ്രാമങ്ങളും ചേർത്ത് 1962 നവംബർ 1നാണ് കോർപറേഷൻ രൂപീകരിച്ചത്. കോർപറേഷൻ ആയി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് ഉൾപ്പെടെ 27 മുനിസിപ്പാലിറ്റികളിൽ1962 സെപ്റ്റംബർ 26നാണ് തിരഞ്ഞെടുപ്പു നടന്നത്. പിന്നീട് 1968 ഏപ്രിൽ 25, 1972 നവംബർ 21, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23 എന്നീ തീയതികളിൽ തിരഞ്ഞെടുപ്പു നടന്നു. പഞ്ചായത്ത് രാജ് – നഗരപാലികാ നിയമം നടപ്പാക്കിയതിനുശേഷം 1995 സെപ്റ്റംബർ 23, 2000 സെപ്റ്റംബർ 27, 2005 സെപ്റ്റംബർ 26, 2010 ഒക്ടോബർ 23, 2015 നവംബർ 2, 2020 ഡിസംബർ 14 തീയതികളിലും തിരഞ്ഞെടുപ്പ് നടന്നു.
1866 ജൂലൈ 3ന് രൂപമെടുത്ത കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ അവസാന തിരഞ്ഞെടുപ്പ് 1955 ഒക്ടോബർ 27നായിരുന്നു. 1973 വരെ കോഴിക്കോട് ഉൾപ്പെടെ ചില നഗരസഭകളിൽ ദ്വയാംഗ വാർഡുകൾ / ഡിവിഷനുകൾ നിലവിലുണ്ടായിരുന്നു. കോർപറേഷനിലെ ആദ്യത്തെ രണ്ടു (1962, 1968) തിരഞ്ഞെടുപ്പുസമയത്ത് 44 ഡിവിഷനും 45 സീറ്റുമാണുണ്ടായിരുന്നത്. 22–ാം ഡിവിഷൻ ദ്വയാംഗമായിരുന്നു. ഒരു സീറ്റ് ജനറലും മറ്റേത് പട്ടികജാതി സംവരണവും. മൂന്നാമത്തെ (1972) തിരഞ്ഞെടുപ്പായപ്പോൾ 22–ാം ഡിവിഷൻ വിഭജിച്ച് 22, 45 ഡിവിഷനുകൾ ആയി. യഥാക്രമം കിളിയനാട് നോർത്ത്, കിളിയനാട് സൗത്ത് എന്നിങ്ങനെയായിരുന്നു പേര്. ഇതോടെ ഡിവിഷനും സീറ്റും തുല്യമായി (45). അതോടൊപ്പം 5–ാം ഡിവിഷൻ ചേവരമ്പലം പട്ടികജാതി സംവരണമാക്കി.
∙ കൊച്ചി കോർപറേഷൻ
എറണാകുളം, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളും ഏതാനും പഞ്ചായത്തുകൾ പൂർണ്ണമായോ ഭാഗികമായോ ചേർത്താണ് 1967 നവംബർ 1ന് കൊച്ചി കോർപറേഷൻ നിലവിൽ വന്നത്. 1969 മേയ് 21 ന് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. അന്ന് 46 ഡിവിഷനുകളും 48 സീറ്റുകളുമാണുണ്ടായിരുന്നത്. 1979 സെപ്റ്റംബർ 15 നും 1988 ജനുവരി 23 നുമായിരുന്നു അടുത്ത തിരഞ്ഞെടുപ്പുകൾ. പഞ്ചായത്ത് രാജ് – നഗരപാലികാ നിയമം നടപ്പാക്കിയതിനുശേഷം 1995 സെപ്റ്റംബർ 23, 2000 സെപ്റ്റംബർ 27, 2005 സെപ്റ്റംബർ 24, 2010 ഒക്ടോബർ 25, 2015 നവംബർ 5, 2020 ഡിസംബർ 10 തീയതികളിലും തിരഞ്ഞെടുപ്പ് നടന്നു.
- Also Read കൃത്യമായി ഇടവേളയില്‍; പഞ്ചായത്ത് രാജ് - നഗരപാലികാ നിയമം നിലവില്‍ വന്ന ശേഷം നടക്കുന്ന ഏഴാമത്തെ തിരഞ്ഞെടുപ്പ്
മദ്രാസ് സംസ്ഥാനത്ത് മലബാർ ജില്ലയുടെ ഭാഗമായിരുന്ന ഫോർട്ട് കൊച്ചി 1866ലും കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന എറണാകുളം 1919 ലും മട്ടാഞ്ചേരി 1922 ലുമാണ് മുനിസിപ്പാലിറ്റിയായത്. കേരളപ്പിറവിയ്ക്കു ശേഷം മൂന്നിടത്തും 1962 സെപ്റ്റംബർ 26ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. അതിനുമുൻപ് ഫോർട്ട് കൊച്ചിയിൽ 1952, 1955 വർഷങ്ങളിലും എറണാകുളം – മട്ടാഞ്ചേരി പട്ടണങ്ങളിൽ 1948, 1953, 1956 വർഷങ്ങങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.
∙ മറ്റു കോർപറേഷനുകൾ
കൊല്ലം, തൃശൂർ കോർപറേഷനുകൾ 2000 ഒക്ടോബർ 1ന് നിലവിൽ വന്നു. ആദ്യ തിരഞ്ഞെടുപ്പ് അതിനുമുൻപ് 2000 സെപ്റ്റംബർ 25നു തന്നെ നടന്നിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് 2005 സെപ്റ്റംബർ 24നായിരുന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പുകൾ കൊല്ലത്ത് 2010 ഒക്ടോബർ 23, 2015 നവംബർ 2, 2020 ഡിസംബർ 8 തീയതികളിലും തൃശൂരിൽ 2010 ഒക്ടോബർ 25, 2015 നവംബർ 5, 2020 ഡിസംബർ 10 തീയതികളിലും നടന്നു. 2015 നവംബർ 1ന് നിലവിൽ വന്ന കണ്ണൂർ കോർപറേഷനിൽ 2015 നവംബർ 2, 2020 ഡിസംബർ 14 തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്.
∙ മറ്റു തദ്ദേശ സ്ഥാപനങ്ങൾ
കേരളത്തില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ 1962, 1968, 1979-80, 1988 വര്‍ഷങ്ങളിലാണ്‍ നടന്നത്. അതിനുമുന്‍പ് തിരുവിതാംകൂര്‍, കൊച്ചി (1948), തിരു-കൊച്ചി (1953, 1956), മലബാര്‍ (1952, 1955) മേഖലകളില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. സംസ്ഥാന രൂപീകരണശേഷം 1963, 1979-80, 1988 വര്‍ഷങ്ങളിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പു നടന്നത്. അതിനു മുന്‍പ് തിരു-കൊച്ചിയില്‍ 1953ല്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പു നടന്നിരുന്നു. കോർപറേഷൻ–മുനിസിപ്പാലിറ്റി–പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ 1979-80, 1988 വര്‍ഷങ്ങളില്‍ ഒരുമിച്ചായിരുന്നു. English Summary:
History of Kerala Local Body Election: Kerala Local Body Elections have a rich history. These elections were unified in 1995 following the implementation of the Panchayat Raj-Nagarpalika Act of 1994, prior to which elections were held at different times for Panchayats and Municipalities. |