ജറുസലം ∙ ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടികളിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻമാറില്ലെന്നും നെതന്യാഹു സൂചന നൽകി. ഹമാസ് വളരെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് ഈ പിന്മാറ്റം. ഇസ്രയേലും ഹമാസും തമ്മിൽ തിങ്കളാഴ്ച ഈജിപ്തിൽവച്ച് ചർച്ചകൾക്ക് തയാറെടുക്കുകയാണ്.   
  
 -  Also Read  ‘ബന്ദികളെ ഉടൻ മോചിപ്പിക്കണം, കാലതാമസം പൊറുക്കില്ല’: ഹമാസിന് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം   
 
    
 
‘‘ഇസ്രയേൽ സൈന്യം ഗാസയിൽ നിയന്ത്രിക്കുന്ന പ്രദേശങ്ങൾ നിലനിർത്തും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, ഹമാസിനെ നയതന്ത്രപരമായോ സൈനിക നടപടിയിലൂടെയോ നിരായുധരാക്കും. കൂടുതൽ കാലതാമസം ഡോണൾഡ് ട്രംപ് അംഗീകരിക്കില്ല’’–നെതന്യാഹു പറഞ്ഞു.  
  
 -  Also Read  ആയുധം ഉപേക്ഷിക്കണമെന്ന വ്യവസ്ഥയോടു പ്രതികരിക്കാതെ ഹമാസ്; ആക്രമണം നിർത്തിവച്ച് ഇസ്രയേൽ   
 
    
 
ഗാസയിലെ ബന്ദികളുടെ മോചനം സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഗാസയിൽ ശേഷിക്കുന്ന 48 ബന്ദികളിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, മറ്റ് ഉപാധികളിൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.  
  
 -  Also Read   ട്രംപിന്റെ എച്ച്-1ബി വിരട്ടൽ ഏൽക്കില്ലേ? \“ടെക് കമ്പനികൾ എല്ലാം മുൻകൂട്ടി കണ്ടു: ഇന്ത്യയിൽ സുഗമമായി മുന്നോട്ടു പോകും\“   
 
    
 
ഹമാസിന്റെ പ്രതികരണം സ്വാഗതം ചെയ്ത ട്രംപ്, ഗാസയിലെ ബോംബിങ് ഉടൻ നിർത്തണമെന്നു ഇസ്രയേലിനോടു നിർദേശിച്ചിരുന്നു. യുഎസിന്റെ സമാധാന പദ്ധതി എത്രയും വേഗം അംഗീകരിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഹമാസ് ചില ഉപാധികൾ അംഗീകരിച്ചത്. സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി.  English Summary:  
 Netanyahu vows to disarm Hamas: Israel Prime Minister Netanyahu vows to disarm Hamas. This disarmament will be achieved through either Donald Trump\“s peace plan or military action. Netanyahu\“s statements come as Israel and Hamas prepare for talks in Egypt. |