കൊച്ചി∙ കളമശേരി മെഡിക്കൽ കോളജിൽ നിന്നിറങ്ങി അലഞ്ഞു നടന്നതിനൊടുവിലാകാം സൂരജ് ലാമ എച്ച്എംടിക്ക് സമീപം കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയത് എന്നു നിഗമനം. ഇവിടുത്തെ ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ കുടുങ്ങിയതാവാമെന്നുമുള്ള നിഗമനമാണ് പൊലീസിനുള്ളത്. കണ്ടെത്തിയ മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്. ഇയാളുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. എല്ലുകൾക്ക് ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. സൂരജ് ലാമയുടെ മൃതദേഹം തന്നെയാണോ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പിക്കുകയും വേണം. അതിനിടെ, തന്റെ പിതാവിനെ കാണാതായതിൽ കളമശേരി മെഡിക്കൽ കോളജിനും പൊലീസിനും വീഴ്ചയുണ്ടായെന്ന് മകൻ സന്ദൻ ലാമയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.
- Also Read ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സൂരജിന്റെ ആകാതിരിക്കട്ടെ: ആരെയെങ്കിലും കൊന്നുതള്ളിയാൽ എങ്ങനെ അറിയും?; ഹൈക്കോടതി
മദ്യദുരന്തത്തിന് ഇരയായി മാനസികനില തെറ്റി, ഓർമശക്തി നഷ്ടമായ ബെംഗലുരു സ്വദേശിയായ സൂരജ് ലാമയെ കുവൈറ്റ് അധികൃതർ വീട്ടുകാരെ പോലും അറിയിക്കാതെ കൊച്ചിയിലേക്ക് കയറ്റി വിടുകയായിരുന്നു. പാസ്പോർട്ട് മാത്രം കൈയിലുള്ള, ഓർമശക്തി നഷ്ടപ്പെട്ട ഒരാൾ എങ്ങനെയാണ് ഇമിഗ്രേഷൻ പൂർത്തിയാക്കി പുറത്തു വന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് ഹർജിയിൽ മകൻ ചോദിച്ചിരുന്നു. അവിടെ നിന്ന് വെളുപ്പിനെ 5 മണിക്ക് ആദ്യ മെട്രോ ഫീഡർ ബസിൽ സൂരജ് ലാമ കയറിയ വിവരവും മകൻ കണ്ടെത്തിയിരുന്നു. ആ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയായിരുന്നു ഇത്. മനോനില തെറ്റിയതുപോലുള്ള ഒരാൾ ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് ഇറങ്ങിയെന്നും അവിടെയുള്ള ഒരു കടയിലെ ജീവനക്കാരി സൗജന്യമായി അദ്ദേഹത്തിന് ചായ നൽകിയെന്നും ആ ഡ്രൈവർ മകനു വിവരം നൽകിയിരുന്നു. പലയിടത്തും പിതാവിനെ തേടി നടന്ന മകൻ പിന്നീടറിഞ്ഞത് പിതാവ് പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു എന്ന വിവരമാണ്.
- Also Read ‘മൃതദേഹം ആരുടേത്?’; സൂരജ് ലാമ തിരോധാനക്കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ഒക്ടോബർ എട്ടിന് തൃക്കാക്കര മുൻസിപ്പാലിറ്റി വാർഡ് 1ലെ അനശ്വര ലെയ്നിലുള്ള ഒരു വീടിനു സമീപം ഒരാള്‍ കിടക്കുന്നു എന്നതായിരുന്നു ആ വിവരം. ഇയാൾക്ക് ഭക്ഷണവും വസ്ത്രവും നൽകിയ ശേഷം വീട്ടുകാരും വാർഡ് മെംബറും തൃക്കാക്കര പൊലീസിനെ അറിയിച്ചു. തുടർന്ന് വൈകിട്ട് എട്ടരയോടെ തൃക്കാക്കര പൊലീസ് ലാമയെ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനൊപ്പം ലാമ നിൽകുന്ന ചിത്രവും മകൻ ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരുന്നു. എന്നാൽ പിന്നീട് മകൻ അറിയുന്നത് ലാമയെ ഒരു ആംബുലൻസ് വിളിച്ചു പൊലീസ് കളമശേരി മെഡിക്കൽ കോളജിലേക്ക് തനിച്ച് അയച്ചു എന്ന വിവരമാണ്.
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
- പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
MORE PREMIUM STORIES
വൈകിട്ട് അഞ്ചരയോടെ അവിടെയെത്തിയ ലാമ 6.48ന് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരുന്ന സിസി ടിവി ദൃശ്യങ്ങളും മകൻ ശേഖരിച്ചു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ ഒട്ടും ഉത്തരവാദിത്തത്തോടെയല്ല തന്നോട് പെരുമാറിയത് എന്നും പിതാവിന് അടിയന്തര ചികിത്സയുടെയൊന്നും ആവശ്യമില്ലായിരുന്നു എന്നാണ് മറുപടി പറഞ്ഞതെന്നും മകൻ പറയുന്നു. എന്നാൽ പിതാവിന്റെ ശാരീരിക പരിശോധനകൾ നടത്തിയതും ഒരു ബെഡിൽ 20 മിനിറ്റ് നിരീക്ഷണത്തിൽ കിടത്തിയിരിക്കുന്നതും അതിനു ശേഷം ബെഡ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങളും മകൻ കണ്ടെത്തി. തുടർന്ന് എന്തു ചെയ്യണമെന്ന് അറിയാത്ത ലാമ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ആ യാത്രയാണ് എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ ലാമയെ എത്തിച്ചത് എന്നാണ് കരുതുന്നത്. ഡിഎൻഎ ഫലം വരാൻ അഞ്ചു ദിവസങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് വിവരം. English Summary:
Mystery Surrounds Suraj Lama\“s Death Near HMT: The Suraj Lama case highlights potential negligence by Kalamassery Medical College. The investigation focuses on how a vulnerable patient went missing and was later found deceased, raising concerns about patient safety and institutional responsibility. |