വാഷിങ്ടൻ ∙ രാജ്യം വിടാൻ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയെന്ന് റിപ്പോർട്ട്. നിക്കോളാസ് മഡുറോയ്‌ക്ക് ട്രംപ് ‘കർശന നിർദേശം’ നൽകിയതായി മയാമി ഹെറാൾഡിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്‌തത്. ‘നിങ്ങൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവയ്‌ക്കണം, രാജ്യം വിടണം.’ – മഡുറോയോട് ട്രംപ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. എന്നാൽ, ഉടനടി സ്ഥാനമൊഴിയാൻ വിസമ്മതിച്ച നിക്കോളാസ് മഡുറോ, നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും രാഷ്ട്രീയ നിയന്ത്രണം വിട്ടുനൽകാമെങ്കിലും സായുധ സേനയുടെ നിയന്ത്രണം നിലനിർത്താൻ അനുവദിക്കണമെന്നും ഉൾപ്പെടെ ഏതാനും ആവശ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
- Also Read രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി, നീക്കം അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻപ്; ലണ്ടനിലേക്ക് കടന്നെന്ന് സൂചന
മഡുറോയുമായി ഫോണിൽ സംസാരിച്ചെന്ന് സ്‌ഥിരീകരിച്ച ട്രംപ്, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ‘നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാൻ പറയില്ല. അതൊരു ഫോൺ സംഭാഷണം ആയിരുന്നു.’ – ട്രംപ് പറഞ്ഞു. നവംബർ 21 ന് നടന്നതായി സൂചനയുള്ള ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാൻ യുഎസ്, വെനസ്വേല സർക്കാരുകളും തയാറായിട്ടില്ല. ഇതിനു ശേഷം ട്രംപും മഡുറോയും തമ്മിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് വിവരം. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായി അടച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസാരിക്കാൻ മഡുറോ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു. English Summary:
Donald Trump - Nicolas Maduro phone call: Donald Trump reportedly gave Nicolas Maduro an ultimatum to relinquish power immediately during their recent call. |