തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണപ്പാളി വിവാദം കത്തിപ്പടരുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളാണ്. ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശി നല്‍കിയ സ്‌പോണ്‍സര്‍ എന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്റെ പേര് പുറത്തുവന്നത്. ദ്വാരപാലകശില്‍പങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ദേവസ്വം വിജിലന്‍സ് പീഠം കണ്ടെത്തിയതോടെയാണ് ദുരൂഹത ഏറിയത്.  
  
 
 സംശയനിഴലിലായ ഉണ്ണികൃഷ്ണനെയും സഹായി വാസുദേവനെയും ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്റെ സാമ്പത്തിക, ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്. തലസ്ഥാനത്ത് അടക്കം വലിയ തോതില്‍ ഉണ്ണികൃഷ്ണന്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്ലെയ്ഡ് പലിശയ്ക്കു പണം നല്‍കി ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.   
  
 
ഇയാൾ പ്രധാന രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുണ്ടാക്കുകയും അവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പവും പൊലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചടങ്ങില്‍ പൊലീസ് ഉന്നതര്‍ക്കൊപ്പവും ഉണ്ണികൃഷ്ണന്‍ നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വദേശം കിളിമാനൂരിനു സമീപം പുളിമാത്താണ്. പുളിമാത്ത് ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിതാവിനെ സഹായിച്ചാണ് ഉണ്ണികൃഷ്ണന്‍ ഈ രംഗത്തേക്കു വന്നത്. തുടര്‍ന്ന് മറ്റു ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചു.   
  
 
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഉണ്ണികൃഷ്ണന്‍ ബെംഗളൂരുവിലേക്കു പോയി. അവിടെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തില്‍ ഏറെ നാള്‍ പൂജാരിയായിരുന്നു. ഇതിനു ശേഷമാണ് ശബരിമലയിലേക്ക് കീഴ്ശാന്തിയായി എത്തിയത്. ശബരിമലയില്‍ എത്തിയതോടെ ഉണ്ണികൃഷ്ണന് ബെംഗളൂരുവിലെ ഭക്തര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കാനായി. സമ്പന്നരായ ഭക്തര്‍ക്ക് ശബരിമലയിൽ ദര്‍ശനത്തിനും മറ്റുമുള്ള സൗകര്യം ചെയ്തുകൊടുത്തതോടെ അവരുടെ വിശ്വസ്തനായി. ക്രമേണ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പല ഭക്തരുടെയും വഴിപാടുകളും സമര്‍പ്പണങ്ങളും മറ്റും ഉണ്ണികൃഷ്ണന്‍ വഴിയായി. ഉണ്ണികൃഷ്ണന്‍ പെട്ടെന്ന് സമ്പന്നനായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും വിവാഹിതനായി. കുടുംബം ബെംഗളൂരുവിലാണ്. English Summary:  
 Unnikrishnan Potti in Sabarimala Gold Plating Case: From Temple Priest to Land Baron: The Mysterious Rise of Unnikrishnan Potty Amidst Sabarimala Scandal |