വാഷിങ്ടൻ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നാലാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ നിന്ന് ചൈനയിലേക്കുള്ള സോയാബീൻ കയറ്റുമതിയാകും പ്രധാന ചർച്ചയാവുകയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. തീരുവയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായാണ് ട്രംപും ഷീയും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
ചൈന യുഎസിൽ നിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തിയതിനാൽ കർഷകർ ഏറെ പ്രയാസത്തിലാണെന്നു ട്രംപ് പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് ചൈന സോയാബീൻ വാങ്ങൽ നിർത്തിയത്. അധിക തീരുവയിലൂടെ ലഭിച്ച വരുമാനത്തിൽ ഒരു പങ്ക് പ്രയാസമനുഭവിക്കുന്ന കർഷകരുടെ സഹായത്തിനായി നൽകുമെന്നും ട്രംപ് പറഞ്ഞു. ഈ മാസം അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക്ക് (ഏഷ്യ – പസഫിക് സാമ്പത്തിക ഇക്കണോമിക് കോ–ഓപ്പറേഷൻ) യോഗത്തിൽ വച്ച് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അടുത്ത വർഷം ആദ്യം താൻ ചൈന സന്ദർശിക്കുമെന്നും പിന്നാലെ ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
യുഎസിന്റെ ഏറ്റവും വലിയ സോയ വിപണികളിലൊന്നാണ് ചൈന. സോയ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. എന്നാൽ, ട്രംപിന്റെ തീരുവ യുദ്ധത്തിനു പിന്നാലെ ചൈന സോയാബീൻ വാങ്ങൽ നിർത്തി. അവസാന രണ്ടുമാസത്തിനിടെ ചൈന സോയാബീൻ ഇറക്കുമതി ചെയ്തിട്ടേയില്ല. ഇതോടെ, യുഎസ് സോയ കർഷകർ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. English Summary:
Donald Trump Announces Meeting with Xi Jinping: US-China trade is set to be discussed soon between President Trump and President Xi. The meeting is expected to happen within four weeks and focus on soybean exports from the US to China. |