വാഷിങ്ടൻ ∙ സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ വീണ്ടും പാസാകാതെ വന്നതോടെ യുഎസ് അടച്ചുപൂട്ടല്‍ രണ്ടാം ദിനവും തുടരുന്നു. വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷവും സെനറ്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു. 55-45 എന്ന നിലയിലാണ് സെനറ്റിൽ ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ രണ്ടാം ദിനവും നിലച്ചത് സാധാരണക്കാരേയും ബാധിച്ച അവസ്ഥയിലാണ്. അതിനിടെ ഏഴര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആവർത്തിച്ച് വൈറ്റ്ഹൗസ് വീണ്ടും രംഗത്തെത്തി.
പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് കോൺഗ്രസ് പാസാക്കുന്നതാണ് യുഎസിലെ രീതി. എന്നാൽ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താന്‍ സാധിച്ചില്ല. 60 വോട്ടെങ്കിലും ലഭിച്ചാലേ ധനാനുമതി ബിൽ പാസാകുകയുള്ളൂ. ഇതോടെയാണ് സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. ബിൽ വെള്ളിയാഴ്ച വീണ്ടും സെനറ്റിൽ അവതരിപ്പിക്കും. English Summary:
US Government Shutdown continues to impact essential services and federal employees: The failure to pass a funding bill has led to widespread disruptions and furloughs, highlighting the political gridlock in the US Senate. |