ആലപ്പുഴയിൽ 18 വയസ്സുകാരിയെ അയൽവാസി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചതും തമിഴ്നാട് തിരുവണ്ണാമലയിൽ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാർ അറസ്റ്റിലായതും കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ തുടർവാർത്തകളും വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്കു വരുന്നുവെന്ന പ്രഖ്യാപനവുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. പൂജ, ദസറ അവധിയുമായി ബന്ധപ്പെട്ട് താമരശ്ശേരി ചുരത്തിലെ വൻ ഗതാഗത കുരുക്കും നുഴഞ്ഞുകയറ്റക്കാർ നാനാത്വത്തിൽ ഏകത്വത്തിനു ഭീഷണിയാണെന്ന മോദിയുടെ പ്രസ്താവനയും മറ്റ് പ്രധാന വാർത്തകളാണ്.
ആലപ്പുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഇന്നലെ രാത്രിയോടെ 18 വയസ്സുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമമുണ്ടായത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് അയൽവാസിയായ ജോസ് പെട്രോൾ ഒഴിക്കാൻ ശ്രമിക്കുക ആയിരുന്നു. തീ കൊളുത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അയൽവാസിയായ ജോസിനെ (57) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, അറസ്റ്റിലായ ജോസ് പൊലീസ് സ്റ്റേഷനിൽ വച്ച് കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ ഇയാളെ ചികൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരിക്കുകയാണ്. സഹോദരിയുടെ മുന്നിൽ വച്ചായിരുന്നു ക്രൂര പീഡനം. ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയെ ബലാത്സംഗം ചെയ്ത കേസിൽ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സുരേഷ് രാജ്, സുന്ദർ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതികൾ സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പൊലീസുകാർ കേട്ടില്ല. പൊലീസുകാർ ബലാത്സംഗത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 4 മണിയോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായോട് സംസാരിക്കാൻ ടിവികെ അധ്യക്ഷനും നടനുമായ വിജയ് വിസമ്മതിച്ചെന്ന വാർത്തയും ഇന്നാണ് പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫിസിൽ നിന്നെത്തിയ ഫോൺ കോളിനോടാണ് വിജയ് മുഖം തിരിച്ചത്. ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസിൽ നിന്ന് വിജയ്‌യെ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ സംസാരിക്കാൻ താല്‍പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
താമരശ്ശേരി ചുരത്തിൽ ഇന്ന് ഉച്ച മുതൽ കനത്ത ഗതാഗത കുരുക്കാണ്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങളും ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് പിന്നിൽ. അവധി ദിവസങ്ങളിൽ വയനാട്ടിലേക്കും മൈസൂരു, ഊട്ടി ഉൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ഏറെയാണ്. വയനാട്ടില്‍ നിന്ന് ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കു പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വത്തിനു നുഴഞ്ഞുകയറ്റക്കാർ ഭീഷണിയാകുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പറഞ്ഞത്. ഇത്തരം നുഴഞ്ഞുകയറ്റക്കാർ ജനസംഖ്യാപരമായ മാറ്റത്തിനു കാരണമാകുകയാണ്. സാമൂഹിക ഐക്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും അപകടമുണ്ടാക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്ന ശക്തി എന്നു തകരുന്നുവോ അന്ന് ഇന്ത്യ ദുർബലമാകും. അതുകൊണ്ടാണു താൻ ജനസംഖ്യാ ദൗത്യം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. ആർഎസ്എസ് ശതാബ്ദി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. English Summary:
Today\“s Recap 2025 October 1 |