ബെലേം ∙ ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി–30) വേദിയിൽ വൻ തീപിടുത്തം. തീപിടുത്തമുണ്ടായതിനെ തുടർന്ന് കനത്ത പുക ഉയർന്നു. പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നൽകിയതായി സംഘാടകർ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ വേദിയിൽ നിന്ന് ഒഴിപ്പിച്ചു. കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും മറ്റ് ഉദ്യോഗസ്‌ഥരും സുരക്ഷിതരാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തിൽ ആർക്കും പരുക്കില്ലെന്നും ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ അറിയിച്ചു.
- Also Read യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പുതിയ ഉടമ്പടി, യുഎസ് സൈനിക ഉദ്യേഗസ്‌ഥർ യുക്രെയ്‌നിൽ; ‘വലിയ വിട്ടുവീഴ്ചകൾ വേണ്ടിവരും’
കൽക്കരി ഇന്ധനം, കാലാവസ്ഥാ ധനസഹായം, വ്യാപാര നടപടികൾ എന്നിവയിലെ സ്തംഭനാവസ്ഥ ഭേദിക്കാനുള്ള ചർച്ചകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളിൽ അഗ്നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ മാസം 10 ന് ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം. English Summary:
Belém: Major Fire Disrupts World Climate Summit in Belém; Delegates Evacuated |