ചെന്നൈ ∙ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനു ജാമ്യം. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഫെലിക്സിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് ജെറാൾഡിനു കോടതി നിർദേശം നൽകി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വിഡിയോയുടെ പേരിലായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകനായ ജെറാൾഡ് റെഡ്പിക്സ് യൂട്യൂബ് എന്ന ചാനലിന്റെ എഡിറ്ററാണ്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയതിനു ഫെലിക്സ് ജെറാൾഡ് അടക്കം 20 പേർക്ക് എതിരെയാണ് പൊലീസ് കെസെടുത്തത്.
മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വിഡിയോയ്ക്ക് പിന്നാലെയാണ് പൊലീസ് ജെറാൾഡിനെ അറസ്റ്റ് ചെയ്തത്. അതിനിടെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സെന്തിൽ ബാലാജി ഇന്നലെ രാത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറാനായിരുന്നു സന്ദർശനം.
അറസ്റ്റിലായ ടിവികെ നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. തെളിവെടുപ്പ് അടക്കം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ടിവികെ സംസ്ഥാന നേതാക്കളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവർ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരിക്കുകയാണ്.
കരൂർ ദുരന്തത്തിൽ വിജയ്ക്ക് എതിരെയുള്ള ആക്രമണം കടുപ്പിച്ച ഡിഎംകെ, സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം വൈകി വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്ത വിജയ്ക്ക് മുഖ്യമന്ത്രി പദവി മാത്രമാണു ലക്ഷ്യമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ കുറ്റപ്പെടുത്തി. ടിവികെ ഉന്നയിച്ച ഗൂഢാലോചനാവാദവും ഡിഎംകെ തള്ളി. ആൾക്കൂട്ടത്തിനിടയിൽ സെന്തിൽ ബാലാജി എന്ത് ചെയ്യാൻ ആണെന്ന് അദ്ദേഹം ചോദിച്ചു. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും സ്വന്തം സുരക്ഷ മാത്രം നോക്കി ഓടി ഒളിക്കുകയായിരുന്നെന്നും കനിമൊഴി ആരോപിച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Facebook/Felix Gerald എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Karur stampede: YouTuber Felix Gerald who was arrested for video attributing motives to Karur stampede gets bail |