കൊച്ചി ∙ കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത് അഞ്ച് മാസത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. തീൻ മേശയ്ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പൊലീസ് പിടിയിലായത് എന്നും കുറ്റപത്രത്തിൽ പറയുന്നു. വേടന്‍റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും ആണ് കഴിഞ്ഞ ഏപ്രിലിൽ പൊലീസ് പിടിച്ചെടുത്തത്.
English Summary:
Vedan rapper cannabis case sees police filing charges against the rapper. The chargesheet alleges Vedan used cannabis. The investigation stemmed from a raid in April where police seized cannabis from his apartment. |