ന്യൂയോർക്ക്, ജറുസലം ∙ യുഎൻ പൊതുസഭ വാർഷികസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, സൗദിയും ഫ്രാൻസും സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ കൂടുതൽ രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് പ്രഖ്യാപനം നടത്തും. ഇസ്രയേലിന്റെയും യുഎസിന്റെയും ശക്തമായ എതിർപ്പ് മറികടന്നുള്ള നയതന്ത്ര നീക്കം പലസ്തീന്റെ ആത്മവിശ്വാസം വർധിപ്പിക്കും. അതേസമയം, ഉച്ചകോടി വെറും സർക്കസാണെന്നും അതു ബഹിഷ്കരിക്കുമെന്നും ഇസ്രയേൽ പറഞ്ഞു. യുഎസും ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു.
ബ്രിട്ടനടക്കം ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളും പലസ്തീന് അംഗീകാരം നൽകിയിട്ടുണ്ട്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പു നൽകി.
രാജ്യാന്തരതലത്തിൽ ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. സൈനികനടപടി ശക്തമായി തുടരുമെന്ന് ടെൽ അവീവിൽ സൈനികനേതൃത്വവുമായുള്ള യോഗത്തിനുശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.
അതിനിടെ, ഇസ്രയേലിനുള്ള ആയുധങ്ങൾ ഇറ്റലിയിലെ തുറമുഖങ്ങൾ വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തുറമുഖത്തൊഴിലാളികൾ സമരം തുടങ്ങി. മിലാനിൽ പലസ്തീൻ അനുകൂല പ്രകടനത്തിനുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മറ്റു നഗരങ്ങളിലും പലസ്തീൻ പതാകകളുമായി ആയിരങ്ങളുടെ റാലികൾ നടന്നു.
ആശുപത്രികളും അടഞ്ഞ് ഗാസ സിറ്റി
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആക്രമണം രൂക്ഷമായതോടെ ഗാസ സിറ്റിയിലെ ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു. കഴിഞ്ഞദിവസത്തെ ബോംബിങ്ങിൽ അൽ റന്റിസി കുട്ടികളുടെ ആശുപത്രി ഭാഗികമായി തകർന്നു. 2 ആശുപത്രികളുള്ള ഷെയ്ഖ് റദ്‌വാൻ മേഖലയിലാണ് ഇസ്രയേൽ ടാങ്കുകൾ ഇപ്പോഴുള്ളത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 65,344 പലസ്തീൻകാർ കൊല്ലപ്പെട്ടു. English Summary:
New York: UN Palestine Summit Isolates Israel as Statehood Recognition Gains Traction |