ന്യുഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ചുമത്തിയ അധികതീരുവയോട് ഉടനടി പ്രതികരിക്കാതിരുന്നത് ഇന്ത്യയ്‌ക്കു വിശാലമനസ്‌ക സമീപനമുള്ളതിനാലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രണ്ടു ദിവസത്തെ സന്ദർശനത്തിനു മൊറോക്കോയിലെത്തിയ അദ്ദേഹം അവിടുത്തെ ഇന്ത്യൻ വംശജരുമായി സംവദിക്കുകയായിരുന്നു. ‘‘ തീരുവ വിഷയത്തിൽ ഇന്ത്യ ഉടനടി പ്രതികരിച്ചില്ലെന്നതു വാസ്തവം, അതിനു കാരണം ഇന്ത്യക്കാർ വിശാലമനസ്കരായതുകൊണ്ടാണ്. ഒരു കാര്യത്തിലും ഉടനടി പ്രതികരിക്കരുത്.”- അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനിടെ പാക്ക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാനുള്ള അവസരമുണ്ടായിട്ടും കേന്ദ്ര സർക്കാർ അതു നഷ്ടപ്പെടുത്തിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘‘പഹൽഗാം ആക്രമണത്തിന് ഇരയായവരോട് ഭീകരവാദികൾ മതം ചോദിച്ചു. പക്ഷേ ഇന്ത്യൻ സൈന്യം അങ്ങനെ ചെയ്തില്ല. ഞങ്ങൾ ആരെയും മതത്തിന്റെ പേരുപറഞ്ഞ് കൊന്നിട്ടില്ല. അവരുടെ പ്രവൃത്തികൾക്കുള്ള മറുപടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്മീർ ഉടൻ ഇന്ത്യയുടെ ഭാഗമാകും. അവിടത്തെ ജനങ്ങളും അത് ആവശ്യപ്പെട്ടു തുടങ്ങി.
അഞ്ചു വർഷം മുൻപ് കശ്മീരിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ഞാൻ ഒരു കാര്യം വ്യക്തമാക്കിയിരുന്നു, നമുക്ക് പാക്ക് അധിനിവേശ കശ്മീർ പിടിച്ചെടുക്കേണ്ടി വരില്ല. അത് നമ്മുടേതു തന്നെയാണ്. ഞങ്ങളും ഭാരതീയരാണെന്ന് അവർ പറയുന്ന ദിവസം വരും’’ – അദ്ദേഹം കൂട്ടിച്ചേർത്തു. English Summary:
India\“s Stance on US Tariff: Rajanth Singh\“s Comments about India\“s delayed response to US tariffs highlights India\“s magnanimous approach. He also addressed the Kashmir issue and stated Pakistan-occupied Kashmir will soon be a part of India. |