നിലമ്പൂർ∙ കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങി. മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയിൽ വനിതാ പൊലീസ് മുപ്പത്തഞ്ചുകാരിക്ക് കാവൽ നിൽക്കാൻ തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 9ന് രാത്രി 10ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി.
വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തിൽ യുവതി മാല വിഴുങ്ങി. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി.
ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം എനിമ നൽകി. ആഭരണം മാത്രം പുറത്തുവന്നില്ല. യുവതി ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഇടയ്ക്കിടെ അക്രമാസക്തയാകുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരും ആശുപത്രിയിലുണ്ട്. ഇന്ന് കേസെടുത്ത് തുടർനടപടിയിലേക്ക് പൊലീസ് നീങ്ങും. യുവതിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ആലോചിക്കുന്നുണ്ട്. English Summary:
A woman in Nilambur allegedly swallowed a stolen gold chain from a child\“s neck, leading to a 24-hour police vigil at the hospital. The incident occurred at a child specialist\“s clinic, and the suspect was apprehended after the chain went missing while the child was playing. |