ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിർണായകമായ വ്യാപാരക്കരാറാണ് അതിനാടകീയമായും ഏകപക്ഷീയമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുവ സംബന്ധിച്ച് യുഎസ് പുലർത്തിവന്ന അധീശത്വ നടപടികൾക്കും കരാർ സംബന്ധിച്ച ചർച്ചകളുടെ തുടർച്ചയായ വഴിമുട്ടലുകൾക്കുമിടയിലുണ്ടായ പ്രഖ്യാപനം അവ്യക്തതയും ആശയക്കുഴപ്പവും ബാക്കിവയ്ക്കുന്നു. ട്രംപിന്റെ പ്രസ്താവനയുടെ മാത്രം അടിസ്ഥാനത്തിൽ കരാറിന്റെ വരുംവരായ്കകൾ വിലയിരുത്താൻ നിർബന്ധിതമാകുന്ന സാഹചര്യമാണു വന്നുചേർന്നിരിക്കുന്നത്. ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ചതായാണു പ്രഖ്യാപനമെങ്കിലും അതിനുവേണ്ടി യുഎസ് താൽപര്യങ്ങൾക്കു നാം എത്രത്തോളം വഴങ്ങിക്കൊടുക്കേണ്ടിവന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ട്രംപിന്റെ പ്രഖ്യാപനവും തുടർന്ന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങളിലുള്ള അവ്യക്തതയും കാണുമ്പോൾ ഒരാഴ്ച മുൻപുണ്ടായ മറ്റൊരു സുപ്രധാന കരാർ ഓർത്തുപോകും. രണ്ടു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) അന്തിമമാക്കിയതിന്റെ ആധികാരികതയും സുതാര്യതയും യുഎസുമായുള്ള നമ്മുടെ വ്യാപാരക്കരാറിൽ ഇല്ലാതെപോകുന്നു.
ഇതു സംബന്ധിച്ച് ഇന്നലെ പ്രതികരിച്ച കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, കരാറിനെക്കുറിച്ച് ഉപരിപ്ലവ വിശദീകരണം മാത്രമാണു നടത്തിയത്. ഒപ്പം, കരാർ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു. കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവന വൈകാതെയുണ്ടാവുമെന്ന് പീയുഷ് ഗോയൽ പറയുമ്പോൾ തിരിച്ചുചോദിക്കാതെവയ്യ: ഉഭയകക്ഷി നയതന്ത്രത്തിന്റെ മര്യാദകൾ പാലിക്കാതെയുള്ള ട്രംപിന്റെ നടപടി നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതല്ലേ? ട്രംപ് പ്രസ്താവന നടത്തി ദിവസമൊന്നു പിന്നിട്ടിട്ടും അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ നമുക്കു വ്യക്തതയില്ലേ? ADVERTISEMENT Go AD-FREE
Just in
JUST IN
7 MINUTES AGO ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ Latest News
16 MINUTES AGO 6,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്റെ 3 എ വിജ്ഞാപനം വൈകുന്നു; ഭൂവുടമകൾ ആശങ്കയിൽ Ernakulam
27 MINUTES AGO പരീക്ഷയിൽ തോറ്റ എസ്എഫ്ഐ പ്രവർത്തകന് എംഎഫ്എയ്ക്ക് പ്രവേശനം; ജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവർണർ Latest News
VIEW MORE
യുഎസ് പ്രസിഡന്റ് അടിച്ചേൽപിച്ച ഉയർന്ന തീരുവയുടെ ആഘാതം കുറയുമെന്നതു കണക്കിലെടുത്താൽ ഇപ്പോഴത്തെ പ്രഖ്യാപനം ആശ്വാസകരംതന്നെ. 25% പകരംതീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് ചുമത്തിയ 25% അധികംതീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഓഗസ്റ്റിൽ ഇന്ത്യയ്ക്കുമേൽ വന്നത്. ഇതാണ് 18 ശതമാനമായി കുറയ്ക്കുന്നത്.
തീരുവയും തീരുവ ഇതര പ്രതിബന്ധങ്ങളും ഇന്ത്യ ‘പൂജ്യ’മാക്കി കുറയ്ക്കുമെന്നാണ് യുഎസ് അവകാശപ്പെട്ടിട്ടുള്ളത്. ഏകദേശം 50,000 കോടി ഡോളറിന്റെ (45.5 ലക്ഷം കോടി രൂപ) ഉൽപന്നങ്ങൾ യുഎസിൽനിന്നു വാങ്ങാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് പറയുന്നെങ്കിലും ഇളവുകളടക്കമുള്ള കാര്യങ്ങളിലൊന്നും ഇന്ത്യയുടെ വിശദീകരണം വന്നിട്ടില്ല. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നു ട്രംപ് പറഞ്ഞതും കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രഖ്യാപനത്തിനുപിന്നാലെ ഇന്ത്യയ്ക്കു വേണ്ടി ട്രംപിനു നന്ദി പറഞ്ഞ മോദി, ഇന്നലെയും ഇതു സംബന്ധിച്ച വിശദീകരണങ്ങൾക്കു മുതിർന്നില്ല. നമ്മുടെ നയതന്ത്രവിജയമാണെന്നായിരുന്നു എൻഡിഎ എംപിമാരുടെ യോഗത്തിൽ ഇന്നലെ മോദിയുടെ പ്രതികരണം. എന്തുകൊണ്ട് വിജയമെന്നു വിലയിരുത്തുന്നുവെന്നുകൂടി വിശദീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. ADVERTISEMENT Go AD-FREE
യുഎസിൽനിന്നു കാർഷികോൽപന്നങ്ങളുൾപ്പെടെ കൂടുതലായി വാങ്ങുമെന്നതാണ് മോദിയിൽനിന്നു ലഭിച്ചതായി ട്രംപ് പറയുന്ന മറ്റൊരു ഉറപ്പ്. ഇന്ത്യയിലെ കാർഷിക, പാലുൽപന്ന വിപണികൾ അമേരിക്കൻ ഉൽപന്നങ്ങൾക്കു തുറന്നുകൊടുക്കണമെന്നതായിരുന്നു യുഎസ് ആവശ്യങ്ങളിൽ പ്രധാനം. ഈ ആവശ്യത്തിൽ തട്ടിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകൾ മുൻപു പാളം തെറ്റിയതും. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ കാർഷിക – ക്ഷീര മേഖലകളെ സംരക്ഷിച്ചുകൊണ്ടുള്ളതാണ് കരാറെന്ന് ഒഴുക്കൻമട്ടിൽ പീയുഷ് ഗോയൽ പറഞ്ഞതുകൊണ്ട് അതിനു വിശദീകരണമാവുന്നില്ല.
യുഎസ് ഉൽപന്നങ്ങൾക്കു തീരുവ പൂജ്യമാക്കുന്നെങ്കിൽ അതും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി പൂർണമായി നിർത്തുമെന്നും പകരം വെനസ്വേലയുടെ എണ്ണ യുഎസ് വഴി ഇറക്കുമതി ചെയ്യുമെന്നും മോദി ഉറപ്പുനൽകിയെന്നു ട്രംപ് പറഞ്ഞതിലും വിശദീകരണമുണ്ടാവണം.
വ്യാപാരക്കരാർ സംബന്ധിച്ച അവ്യക്തതകളുടെ മറ നീക്കിയാലേ ഇതുകൊണ്ട് ഇന്ത്യയ്ക്കു കൈവരുന്ന പ്രയോജനങ്ങളും ദോഷങ്ങളും പൂർണമായി വെളിപ്പെടൂ. അതു വൈകിച്ചുകൊണ്ടുള്ള ഒളിച്ചുകളി സ്വീകാര്യമല്ല. ADVERTISEMENT GO AD-FREE English Summary:
India US Trade Deal: Concerns and Unanswered Questions