ഈ കാലത്തിന് അനിവാര്യമായ നിയമപരിഷ്കാരമായാണ് വിത്തുനിയമ (2025) ഭേദഗതി ബില്ലിനെ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ഗുണനിലവാരമില്ലാത്ത വിത്തുകളിൽനിന്നു കർഷകരെ സംരക്ഷിക്കാനും ഇന്ത്യയിലെ വിത്തുമേഖലയെ ആധുനികവൽക്കരിക്കാനും വേണ്ടിയാണ് ബില്ലെന്നു കേന്ദ്ര കൃഷിമന്ത്രി. കർഷകകേന്ദ്രീകൃത നിയമമാണെന്ന വാദവും സർക്കാർ ആവർത്തിക്കുന്നു. എന്നാൽ, കാലാവസ്ഥമാറ്റം, ഉയർന്ന കൃഷിച്ചെലവ്, ഇടിയുന്ന വരുമാനം എന്നിവ കർഷകരെ വല്ലാതെ വലയ്ക്കുന്ന കാലമായതിനാൽ ഈ അവകാശവാദങ്ങളിലെ വസ്തുതകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ വിത്തുമേഖലയിൽ നിയന്ത്രണം ആവശ്യമാണെന്നതിൽ സംശയമില്ല. അനധികൃതവും ഗുണനിലവാരമില്ലാത്തതുമായ വിത്തുകൾ മൂലം രാജ്യത്തിന്റെ പലഭാഗത്തും കർഷകർക്കു വലിയനഷ്ടം ഉണ്ടാകുന്നുണ്ട്. 2022 മുതൽ 2025 വരെ പരിശോധിച്ച ഏകദേശം ആറുലക്ഷം വിത്തു സാംപിളുകളിൽ നാൽപത്തിമൂവായിരത്തിലേറെയെണ്ണം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി സർക്കാർ കണക്കുകൾതന്നെ വ്യക്തമാക്കുന്നു. കുറച്ചു വർഷങ്ങൾക്കിടെ പത്തു സംസ്ഥാനങ്ങളിലെങ്കിലും വിത്തിന്റെ നിലവാരത്തിന്റെ പേരിൽ കർഷക പ്രതിഷേധങ്ങളും നടന്നു.
ഈ പശ്ചാത്തലത്തിലാണ് വിത്തുനിയമത്തിൽ ഭേദഗതി വരുന്നത്. വിൽപനയ്ക്കുള്ള എല്ലാ വിത്തിനങ്ങളൂം നിർബന്ധമായും റജിസ്റ്റർ ചെയ്യണം, വിത്ത് പാക്കറ്റുകളിൽ ശരിയായ വിവരങ്ങൾ നൽകണം, വിത്തുകളുടെ ഉറവിടം കണ്ടെത്താനുള്ള ഡിജിറ്റൽ സംവിധാനം (ഡിജിറ്റൽ ട്രേസബിലിറ്റി) നിർബന്ധമാക്കണം, തെറ്റായ അവകാശവാദങ്ങൾക്കു ശിക്ഷ നൽകണം തുടങ്ങിയ പല വ്യവസ്ഥകളും ബില്ലിലുണ്ട്. ഒറ്റനോട്ടത്തിൽ ഇതൊക്കെ ഗുണകരമെന്നു തോന്നാം. ഈ വ്യവസ്ഥകൾ പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്നതിലും ഒടുവിൽ ഇതിന്റെ ഗുണം ആർക്കാണെന്നതിലുമാണ് തർക്കം.
- 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
- 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
- കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
MORE PREMIUM STORIES
കർഷക വിത്തുകൾക്ക് ചേരാത്ത മാനദണ്ഡങ്ങൾ
ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന് എല്ലാ വിത്തുവർഗങ്ങളും വിപണിയിൽ വിൽക്കുന്നതിനു മുൻപു റജിസ്റ്റർ ചെയ്യണമെന്നതാണ്. അത്തരം വിത്തുകൾക്കേ വിൽപനയ്ക്ക് അനുമതിയുള്ളൂ. ഇതു ന്യായമെന്നു തോന്നാം. എന്നാൽ, റജിസ്ട്രേഷനു പറയുന്ന മാനദണ്ഡങ്ങൾ (സവിശേഷത, ഏകസ്വഭാവം, സ്ഥിരത) വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന വിത്തുകൾക്കാണ് കൂടുതൽ യോജിക്കുക. കർഷകരുടെ വൈവിധ്യമുള്ളതും പരിണാമസാധ്യതയുള്ളതുമായ വിത്തുകൾക്കും പരമ്പരാഗത നാടൻവിത്തുകൾക്കും വിവിധ പ്രദേശങ്ങൾക്കു യോജിച്ച വിത്തുകൾക്കും അതു ചേരില്ല.
കർഷകർക്കു വിത്തു സൂക്ഷിക്കാനും ഉപയോഗിക്കാനും കൈമാറാനും അവകാശമുണ്ടെന്നു ബില്ലിൽ പറയുന്നു. ഇതു കർഷകാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ തെളിവായി സർക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അതേ വ്യവസ്ഥയിൽത്തന്നെയാണ് റജിസ്ട്രേഷൻ വിലക്കുമുള്ളത്: റജിസ്റ്റർ ചെയ്യാത്ത വിത്തുകൾ കർഷകർക്കു വാണിജ്യപരമായി വിൽക്കാനാകില്ല. സ്വന്തം വിത്തു വിൽക്കാൻ കഴിയാത്ത കർഷകൻ വിത്ത് ഉൽപാദകനല്ല, വെറും ഉപഭോക്താവായി മാറുന്നു. ഇതിലൂടെ കർഷകർ വിത്ത് സമ്പദ്‌വ്യവസ്ഥയിൽനിന്നു പുറത്താകുന്ന സ്ഥിതിയുണ്ടാകും.
ഇതു ഗ്രാമങ്ങളിലെ സമൂഹ വിത്തുബാങ്കുകൾക്കും കർഷകർ നടത്തുന്ന ചെറിയ വിത്തുസംരംഭങ്ങൾക്കും സ്ത്രീകൾ നേതൃത്വം നൽകുന്ന വിത്ത് കൂട്ടായ്മകൾക്കും ഗ്രാമീണ വിത്തു വിപണികൾക്കും വലിയ തിരിച്ചടിയാണ്. ജൈവകൃഷിയും സ്വാഭാവികകൃഷിയും വളർന്നതു മുതലാക്കിയും കാലാവസ്ഥ മാറ്റത്തിനു മറുപടിയായുമാണ് ഇത്തരം സംവിധാനങ്ങൾ പലയിടങ്ങളിലും ശക്തമായത്. അതുമൂലം ചെലവു കുറയുകയും വിത്തു വൈവിധ്യം സംരക്ഷിക്കപ്പെടുകയും പ്രാദേശികകൃഷി ശക്തിപ്പെടുകയും ചെയ്തിരുന്നു. പുതിയ ബിൽ ഇത്തരം ശ്രമങ്ങളെ അപകടത്തിലാക്കുന്നു.
ഇന്ത്യയിലെ ഔദ്യോഗിക വിത്തുവിപണി ഏകദേശം 34,000 കോടി രൂപ മൂല്യമുള്ളതാണ്. ഇതിൽ 70 ശതമാനത്തോളം സ്വകാര്യ കമ്പനികളുടെ കൈകളിലാണ്. എന്നാൽ, അരി, പയർവർഗങ്ങൾ, എണ്ണവിത്തുകൾ തുടങ്ങിയ പ്രധാനവിളകളുടെ കൃഷിക്ക് ഇപ്പോഴും കർഷകർതന്നെ സംരക്ഷിക്കുന്ന വിത്തുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഈ വികേന്ദ്രീകൃത സംവിധാനത്തെ കർശനമായി നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് കൂടുതൽ നേട്ടത്തിന് അവസരമൊരുക്കും.
അവകാശം സംരക്ഷിച്ചേ പരിഷ്കാരമാകാവൂ
കർഷക– പൗരസംഘടനകൾ വ്യക്തമായ ചില ഭേദഗതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. കർഷകർ വികസിപ്പിക്കുന്ന വിത്തുകൾക്കു റജിസ്ട്രേഷൻ നിയമങ്ങളിൽ ഇളവു വേണം, സമൂഹവിത്ത് സംവിധാനങ്ങളെ അംഗീകരിക്കണം, ലളിതവും സ്വതന്ത്രവുമായ നഷ്ടപരിഹാര സംവിധാനം ഒരുക്കണം, വിത്തുവില നിയന്ത്രണം ഫലപ്രദമായി നടപ്പാക്കണം തുടങ്ങിയവയാണവ. കർഷകരെ വിത്തു വികസിപ്പിക്കുന്നവരായും ജൈവവൈവിധ്യം സംരക്ഷിക്കുന്നവരായും അംഗീകരിക്കുന്ന നിലവിലുള്ള നിയമവുമായി പുതിയ ബില്ലിനു പൊരുത്തം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ കർഷകരിൽ 80 ശതമാനവും ചെറുകിട– നാമമാത്ര കർഷകരാണ്. വാണിജ്യവിത്തുകൾ ചെലവേറിയതും നഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതും പലപ്പോഴും പ്രാദേശിക സാഹചര്യങ്ങൾക്കു യോജിക്കാത്തതുമാണ്. അതിനാൽ, പല കർഷകരും സ്വന്തം വിത്തുകളെയോ പ്രാദേശികമായി കൈമാറിക്കിട്ടുന്ന വിത്തുകളെയോ ആശ്രയിക്കുന്നു. കാലാവസ്ഥമാറ്റം ശക്തമായ ഇക്കാലത്ത് വൈവിധ്യം നിലനിർത്തുന്നതു തന്നെയാണ് സുരക്ഷിതം.
കർഷകാവകാശങ്ങളുടെ ഭാഷ സംസാരിക്കുന്ന ബില്ലിലെ വ്യവസ്ഥകൾ ആ അവകാശങ്ങളെ അവഗണിക്കുന്ന രീതിയിലുള്ളതാണ്. വിത്തുകൾ വെറും കൃഷി സാമഗ്രികളല്ല. നമ്മുടെ ഭക്ഷ്യസുരക്ഷയുടെയും കർഷകരുടെ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനമാണത്. വിത്ത് എവിടെനിന്ന് എവിടെയെത്തിയെന്ന് ഡിജിറ്റൽ കോഡിലൂടെ തിരിച്ചറിയാനാകുമായിരിക്കും. എന്നാൽ, നഷ്ടപ്പെട്ട വിള തിരികെത്തരാൻ അതിനാകില്ല. 20 വർഷവും നാലു കരടുകളും കഴിഞ്ഞിട്ടും കർഷകർ പറയുന്നത് ഒരേ കാര്യമാണ്: പരിഷ്കാരം വേണം; എന്നാലത്, അവകാശങ്ങളും വിത്തുകളുടെ പ്രതിരോധശേഷിയും അവയുടെ മേലുള്ള നിയന്ത്രണവും നഷ്ടപ്പെടുന്ന തരത്തിലുള്ളതാകരുത്.
മുൻ പാഠങ്ങളിൽനിന്ന്പഠിക്കാതെ സർക്കാർ
നഷ്ടപരിഹാര കാര്യത്തിൽ ബിൽ ബലഹീനമാണ്. വിത്ത് പരാജയപ്പെട്ടാൽ കമ്പനികൾക്കുമേൽ പിഴ ചുമത്താമെന്നു പറയുന്നുണ്ട്. എന്നാൽ, ആ പണം സർക്കാരിനാണു ലഭിക്കുക. കർഷകർ പരാതിയുണ്ടെങ്കിൽ ഉപഭോക്തൃ കോടതികളെ സമീപിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. വിത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യാൻ ഈ കോടതികൾ യോജിച്ചതല്ല.
വിത്തുനിയമ ഭേദഗതിക്കുള്ള ആദ്യശ്രമമല്ല ഇത്തവണത്തേത്. 20 വർഷത്തിനിടെ മൂന്ന് വിത്തുനിയമ കരടുകൾ (2004, 2010, 2019) പരാജയപ്പെട്ടു. കർഷക സംരക്ഷണം, നഷ്ടപരിഹാരം, ജൈവവൈവിധ്യം, വിലനിയന്ത്രണം, സംസ്ഥാനങ്ങളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് ഓരോ തവണയും ചർച്ച കുടുങ്ങിയത്. 2025ലെ ബില്ലിലും ഈ കുറവുകൾ പരിഹരിക്കുന്നില്ല.
കൃഷി സംസ്ഥാന വിഷയമാണ്. എന്നിരുന്നാലും, റജിസ്ട്രേഷൻ, അംഗീകാരം തുടങ്ങിയവയുടെ കാര്യത്തിൽ അധികാരം കേന്ദ്രത്തോടാണ് കൂടുതൽ അടുത്തുനിൽക്കുന്നത്. തെലങ്കാനയും കേരളവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാർ ബില്ലിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. മണ്ണിനും മഴയ്ക്കും കൃഷിരീതികൾക്കും അനുസരിച്ചാണ് വിത്തിന്റെ പ്രകടനം. ഈ വൈവിധ്യങ്ങളെ കേന്ദ്ര സംവിധാനത്തിൽനിന്നു നിയന്ത്രിക്കാൻ കഴിയില്ല.
(പരിസ്ഥിതി സംരക്ഷണ വിദഗ്ധനായ ലേഖകൻ സാമൂഹികനീതി മേഖലകളിലെ പ്രവർത്തനങ്ങളിലും സജീവമാണ്) |
|