LHC0088 • The day before yesterday 11:45 • views 1023
മലയാള സാഹിത്യത്തിലെ മഹാവിസ്മയമായിരുന്നു എംടി. മലയാളികളുടെ നാലു തലമുറകളുടെ സ്വപ്നത്തിലും ഹർഷത്തിലും ദുഃഖത്തിലും മരണത്തിലും വരെ ഹൃദയശ്രുതി ചേർത്തുനിന്നവയാണ് എംടിയുടെ കൃതികൾ. എംടിയെ വായിച്ച ഓരോരുത്തരും അവരവരെത്തന്നെയാണു വായിച്ചത്. വായനക്കാരന്റെ സ്വാനുഭവത്തിലേക്ക് ഇത്രയും ആഴത്തിൽ രചനാലോകത്തെ സംക്രമിപ്പിച്ച എഴുത്തുകാരൻ എംടിയെപ്പോലെ ഉണ്ടായിട്ടില്ല. സാധാരണക്കാരന്റെ വികാരങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അവരുടെ എല്ലാ വികാരങ്ങളോടും അദ്ദേഹം സത്യസന്ധത പുലർത്തി. കപടമായ ഒരു വാക്കും ആ സാഹിത്യത്തിൽ ഉണ്ടായിട്ടില്ല. അപ്പുണ്ണിയെ, വേലായുധൻകുട്ടിയെ, വിമലയെ വായിച്ചപ്പോൾ അതു താനാണെന്ന് ഓരോരുത്തരും കരുതി.
എംടിയില്ലാത്ത ഒരു വർഷക്കാലത്ത് ഞാൻ പലപ്പോഴും ആലോചിച്ചത് ഈ ഒരു ശൂന്യതയെക്കുറിച്ചാണ്. ഇനി നമ്മളെക്കുറിച്ച് എഴുതാൻ ആരുണ്ട്? അനാഥരും ദുഃഖിതരും നിന്ദിതരും നിരാശ്രയരും ഒറ്റപ്പെട്ടവരുമായവരുടെ പീഡിതസത്തയോടെയാണ് എംടി സംസാരിച്ചത്. എനിക്കുവേണ്ടി കാത്തിരിക്കാൻ ആരുമില്ലല്ലോ, എന്നെ കാണാൻ ആരും വരുന്നില്ലല്ലോ എന്നിങ്ങനെ നഷ്ടങ്ങളുടെ ഏകാന്ത വിഷാദം കൊണ്ടു നടക്കുന്നവരാണു ശരാശരി മലയാളികൾ. അവരുടെ വിഷാദങ്ങളോടു ചേർന്നുനിന്നുകൊണ്ടാണ് എംടി എഴുതിയത്. ‘വളരും, വളർന്നു വലുതാകും, കൈക്കു നല്ല കരുത്തുണ്ടാകും’ എന്ന് എംടി നമ്മളോടു പറഞ്ഞു. അവനവന്റെ പ്രശ്നങ്ങളോടു പോരാടി ജയിക്കാമെന്നും പുതിയ കാറ്റും വെളിച്ചവും വരുമെന്നും എംടി പ്രത്യാശ പകർന്നു. പഴയ നാലുകെട്ട് പൊളിച്ചുകളഞ്ഞ് അമ്മയ്ക്കുവേണ്ടി കാറ്റും വെളിച്ചവും ഉള്ള പുതിയ വീട് അപ്പുണ്ണി പണിതീർക്കുമ്പോൾ ഇതു മലയാളികളുടെ ഒരു സംക്രമദശയിലെ ഒട്ടെല്ലാവരുടെയും അനുഭവമായി.
മഞ്ഞിലെ വിമല വിചാരിക്കുന്നുണ്ട്. ‘വരും വരാതിരിക്കില്ല’. വരും എന്ന് വെറുതേ പറയുകയല്ല. വരും എന്നതിന്റെ ഉറപ്പിക്കലാണ് ‘വരാതിരിക്കില്ല’ എന്നത്. ജീവിതനിരാശകളിൽ, ഏകാന്തതകളിൽ, വ്യഥകളിൽ, പ്രത്യാശയായിട്ടാണ് ഈ വാക്കുകൾ പ്രവർത്തിച്ചത്. ഏകാകികളായ ചില മനുഷ്യർ ആത്മഹത്യ ചെയ്യാതെ ജീവിച്ചത് എംടിയെ വായിച്ചാണ്. എംടിയെ വായിച്ച് ആത്മഹത്യയിൽനിന്നു രക്ഷപ്പെട്ട ഒരാളെയെങ്കിലും എനിക്കറിയാം. അങ്ങനെ ജീവിത വേദനകളിൽനിന്നു മോചനം നേടാൻ, നിരാശകളെ അതിജീവിക്കാൻ, മാനസിക തകർച്ചകളിൽനിന്നു രക്ഷപ്പെടാൻ എംടി സാഹിത്യം ഒരുപാട് മനുഷ്യർക്കു പ്രയോജനപ്പെട്ടു. വേലായുധേട്ടനെയും ജാനകിക്കുട്ടിയെയും പോലെ മനോരോഗികളാക്കി മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ ഉള്ളിലിരുന്ന് എംടി എഴുതി. ലോകത്തിലെ എല്ലാ കാലത്തെയും മനോരോഗികളെ പരിചരിക്കാനുള്ള പാഠപുസ്തകം പോലെയുള്ള രചനകൾ. എംടിയുടെ രചനകളിൽ നമ്മൾ ഒരു കാലഘട്ടം സൂക്ഷിച്ചുവച്ചു. നാട്ടറിവുനാനാർഥങ്ങൾ, വിശ്വാസങ്ങൾ, മതനിരപേക്ഷ–മാനവികത, നേർച്ചകൾ, ഉത്സവങ്ങൾ, നാട്ടാചാരങ്ങൾ, ഗ്രാമീണ സൗന്ദര്യങ്ങൾ, പുഴകൾ, വയലുകൾ, പുഴ പറഞ്ഞ കഥകൾ: എംടിയിൽ നിന്ന് ഈ നഷ്ടകേരളം ഹൃദയത്തിൽ രേഖപ്പെടുത്തി വച്ചു മലയാളി.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ദീർഘദൃഷ്ടിയുള്ള നോവലാണ് അസുരവിത്ത്. നോവൽ തുടങ്ങുന്നത് ശേഖരൻ മുതലാളി ഗ്രാമത്തിലെ ക്ഷേത്രം പുതുക്കിപ്പണിയുന്നതു പരാമർശിച്ചാണ്. അപ്പോൾ മുസ്‍ലിം മുതലാളി കുന്നിൻ മുകളിൽ പള്ളി കയറ്റി. അസുരവിത്തിലെ കഥാപാത്രമായ കുഞ്ഞിമരയ്ക്കാർ പറയുന്നുണ്ട്. ‘ലഹളക്കാലത്തുപോലും ഒരു വാക്കേറ്റമുണ്ടാകാത്ത സ്ഥലമാണിത്. മക്കത്തു പോയി ഹജ് ചെയ്ത വലിയ മുതലാളി അന്നു വയസ്സായി കിടപ്പിലായിരുന്നു. ലഹളയുടെ വിവരങ്ങൾ അടുത്തടുത്ത് കേട്ടുതുടങ്ങി. ഒഴിഞ്ഞു പോകേണമോ എന്ന് പലരും ചിന്തിച്ചു തുടങ്ങി’. മുതലാളി പറഞ്ഞു: ‘പടച്ചവന്റെ വേണ്ടുകയുണ്ടായിട്ട് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആരും ഇവിടുന്ന് പോകരുത്. ഒറ്റ ഹിന്ദുവും മാപ്പിളയെ തൊടൂല്ല. ഒറ്റ മാപ്പിളയും ഹിന്ദുവിനെ തൊടൂല്ല.’ ഇതു പറയുന്ന കുഞ്ഞിമരയ്ക്കാരാണ്, ബന്ധുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഗോവിന്ദൻകുട്ടിയെ രക്ഷിക്കുന്നത്. ഗോവിന്ദൻകുട്ടി പിന്നീട് അബ്ദുല്ലയായി തിരിച്ചു വന്നു. അന്നു കുഞ്ഞിമരയ്ക്കാർ പറയുന്നുണ്ട്, ‘ഇന്നല്ല ഒരിക്കലും ഇനി ഈ വീട്ടിൽ കാലു കുത്തരുത്. ഇതിനല്ല സഹായിച്ചത്’. ഈ കഥാപാത്രം മതങ്ങൾക്ക് അതീതമായ മാനവികതയുടെ പ്രതീകമാണ്.
ഗതിപിടിക്കാതെ നാടുവിട്ട ഗോവിന്ദൻകുട്ടി പിന്നീടു തിരിച്ചു വരുന്നത് മഹാമാരിക്കാലത്താണ്. ആളുകൾ ഉതിർന്നുതിർന്നു മരിച്ചപ്പോൾ ഗോവിന്ദൻകുട്ടി അബ്ദുല്ലയായിട്ടല്ല, വെറും മനുഷ്യനായി തിരിച്ചെത്തി. അയാളെ ശവങ്ങൾക്കും പ്രാണൻപിടഞ്ഞ് കിടക്കുന്നവർക്കും ആവശ്യമുണ്ടായിരുന്നു.
65 വർഷം മുൻപ് എഴുതിയ കൃതി ഈ കാലഘട്ടത്തിന്റെ കണ്ണാടിയായി ഇന്നനുഭവപ്പെടുന്നു. അസുരവിത്ത് ഓർമിപ്പിക്കുന്നതു പോലെ, ദുരന്തം വന്നാൽ നമ്മളെല്ലാം മനുഷ്യർ മാത്രമാണ്. ഇങ്ങനെ ഓർമപ്പെടുത്താൻ നമുക്ക് ഇനി എംടി എന്ന വലിയ എഴുത്തുകാരനില്ല. പല ദുരന്തങ്ങളിലൂടെ, കണ്ണീർപാടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയി എംടി നമ്മളെ നവീകരിച്ചു. എഴുത്തുകാരൻ ആ നവീകരണമാണ് നൽകുന്നത്. ഒരു വർഷമായി നമ്മെ വേവലാതിപ്പെടുത്തുന്നതും അതാണ്. ആത്യന്തികമായ മാനവിക പക്ഷത്തു നിൽക്കാൻ ഇനി ആര് ? എന്ന ഒരു ഉത്കണ്ഠയും വേവലാതിയും നമ്മൾ അനുഭവിക്കുന്നു. എംടി ഉണ്ടായിരുന്നു എങ്കിലെന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്നു. എംടി നമ്മുടെ നിർണായക ഘട്ടങ്ങളിലെല്ലാം ഇടപെട്ടു. അദ്ദേഹത്തിന്റെ മൗനം, വാക്ക്, നോക്ക്, എല്ലാം നമ്മെ പല പ്രതിസന്ധികളിൽ നിന്നു മോചിപ്പിച്ചു. സ്നേഹത്തിന്റെ കൈവിളക്ക് എവിടെയും കളഞ്ഞുപോകരുതെന്ന് നിരന്തരം നമ്മുടെ കാതുകളിൽ എംടി പറഞ്ഞുകൊണ്ടിരുന്നു. എംടിയുടെ പല കഥാപാത്രങ്ങളും ആകാശം എത്തിപ്പിടിക്കാൻ വേണ്ടി ഭൂമി നഷ്ടപ്പെടുത്തിയവരായിരുന്നു. അവസാനം തോൽക്കുമ്പോൾ സ്വന്തം മണ്ണിനെ കെട്ടിപ്പിടിച്ച് ഊർജം സംഭരിക്കുന്ന ട്രോജൻ പടയാളികളെപ്പോലെ അവരെല്ലാം സ്വന്തം മണ്ണിലേക്കു മടങ്ങി.
എംടി എഴുതി: ‘ഞാൻ ലോകം മുഴുവൻ സഞ്ചരിച്ചു. അറിയപ്പെടാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ, അറിയുന്ന എന്റെ നിളാനദിയാണ് എനിക്ക് ഇഷ്ടം. ഈ നദിയിലെ ഉദയവും നരിമാളൻ കുന്നിലെ അസ്തയവും പോലെ ചേതോഹരമായ ഒരു കാഴ്ചയും ലോകത്തിൽ ഇല്ല’– തനി നാട്ടിൻപുറത്തുകാരനായിരുന്നു എംടി. വാസുവേട്ടൻ പോയിട്ട് ഒരാണ്ടു കഴിഞ്ഞു, ഇപ്പോഴും അമ്മയെപ്പോലെ കൂടല്ലൂർ കാത്തിരിക്കുന്നുണ്ട്. അല്ല, മലയാളം മുഴുവൻ കാത്തിരിക്കുന്നുണ്ട്. ഞങ്ങളുടെ ഏകാന്ത വ്യഥകളിൽ ‘അക്ഷര’ വെളിച്ചമായി എംടി വരും; വരാതിരിക്കില്ല.
(എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകൻ) English Summary:
Remembering MT Vasudevan Nair: MT Vasudevan Nair was a literary giant whose works resonated deeply with generations of Malayalis. His stories explored universal themes of loss, hope, and human connection, leaving an indelible mark on Malayalam literature. He remains a cherished figure, missed for his profound insights and compassionate storytelling. |
|